Mallika-sarabhai

തന്‍റെ അമ്മയുടെ ചേതനയറ്റ ശരീരത്തിനടുത്ത് നിന്ന് കൃഷ്ണാ നീ ബേഗനെ ബാരോ എന്ന ഗാനത്തിന് ചുവടു വെച്ച നർത്തകി. സർവ്വ ആണധികാരത്തിന്റെയും മതാധികാരത്തിന്റെയും കടയ്ക്കൽ കത്തി വെച്ച്, പൊതുബോധത്തെ തച്ചുടച്ച് തന്റെ അമ്മയുടെ ചിതയ്ക്ക് തീകൊളുത്തിയ മകൾ. നരേന്ദ്രമോദി വിരുദ്ധ നിലപാടുകളിലൂടെ വാർത്തകളിലെ നിറ സാനിധ്യം‍. രാഷ്ട്രീയ സാമൂഹിക വിഷയങ്ങളിലെ തന്റെ ശക്തമായ നിലപാടുകൾ കൊണ്ട് ശ്രദ്ധേയയായ സാമൂഹിക, രാഷ്ട്രീയ പ്രവർത്തക. ഇപ്പോൾ കേരള കലാമണ്ഡലം കൽപിത സർവകലാശാലയുടെ ചാൻസർ കൂടിയായ പ്രശസ്ത നർത്തകി മല്ലികാ സാരാഭായ്. 

കേരള കലാമണ്ഡലം കൽപിത സർവകലാശാലയുടെ ചാൻസർ സ്ഥാനത്തു നിന്നും ഗവർണറെ മാറ്റി മല്ലികാ സാരാഭായിയെ ചാൻസലർ ആയി സംസ്ഥാന സര്‍ക്കാർ നിയമിച്ചത് കഴിഞ്ഞ ദിവസമാണ‌്. സാംസ്കാരിക വകുപ്പ് ഇതു സംബന്ധിച്ച ഉത്തരവും പുറത്തിറക്കിക്കഴിഞ്ഞു.കലാമണ്ഡലം ചാൻസലറായുള്ള മല്ലികാ സാരാഭായിയുടെ നിയമനം കലാകേരളത്തിന് മുതല്‍ക്കൂട്ടായി മാറുമെന്നാണ് സംസ്ഥാന സർക്കാറിന്‍റെ വിലയിരുത്തൽ. കലാകേരളത്തിന്‍റെ അമരത്തേക്ക് മല്ലികാ സാരാഭായ് ചുവടു വെക്കുമ്പോള്‍ അസാധാരാണയായ ആ ജീവിതത്തെ അടുത്തറിയാം.

ആരാണ് മല്ലികാ സാരാഭായ്?

പ്രശസ്തരായ മാതാപിതാക്കളുടെ അതിപ്രശസ്തയായ മകൾ.പാലക്കാട് ആനക്കരയിലെ വടക്കത്ത് തറവാട്ടിലെ  അംഗമായ പ്രശസ്ത ക്ലാസിക്കൽ നർത്തകി മ‍ൃണാളിനി സാരാഭായിയുടെയും പ്രശസ്ത ബഹിരാകാശ ശാസ്ത്രജ്‍ഞനായിരുന്ന വിക്രം സാരാഭായിയുടെയും മകളായി 1953 ൽ ഗുജറാത്തിലാണ് മല്ലികാ സാരാഭായിയുടെ ജനനം. അഹമ്മദാബാദിലെ സെന്റ് സേവ്യേഴ്സ് കലാലയത്തിലായിരുന്നു ആദ്യകാല വിദ്യാഭ്യാസം. 1974 ൽ അഹമ്മദാബാദ് ഐ.ഐ.എംമ്മിൽ നിന്ന് എം.ബി.എ ബിരുദം നേടിയ അവർ 1976 ൽ ഗുജറാത്ത് സർവകലാശാലയിൽ നിന്ന് ഡോക്ടറേറ്റും നേടി. അമ്മയുടെ നൃത്ത പാരമ്പര്യം മകളും കാത്തു സൂക്ഷിച്ചു. ചെറുപ്പം മുതലേ നൃത്തം അഭ്യസിച്ചു തുടങ്ങിയിരുന്ന അവർ തൻറെ പതിനഞ്ചാമത്തെ വയസിൽ സമാന്തര ചലചിത്ര മേഖലയിലേക്ക് ചുവടുവെച്ചു. 'ദി മഹാഭാരത' എന്ന പീറ്റർ ബ്രൂക്ക്സിൻറെ നാടകത്തിൽ ദ്രാൗപതിയായയി വേഷമിട്ടത് മല്ലികയാണ്. 1977 ൽ പാരീസിലെ  തിയേറ്റർ ഡി ചമ്പ്സ് എലൈസിയുടെ ഏറ്റവും നല്ല നൃത്ത സോളോയിസ്റ്റ് പുരസ്കാരത്തിനും അവർ അർഹയായി.മല്ലികാ സാരാഭായിയും അമ്മ മൃണാളിനി സാരാഭായിയും ചേർന്ന് അഹമ്മദാബാദിൽ ‘ദർപ്പണ അക്കാഡമി ഓഫ് പെർഫോർമിംഗ് ആർട്ട്സ്’ എന്ന ഒരു സഥാപനത്തിനും രൂപം കൊടുത്തിട്ടുണ്ട്. ടി.വി.ചന്ദ്രൻ സംവിധാനം ചെയ്ത ഡാനി എന്ന മലയാള ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം അവര്‍ വേഷമിട്ടു.അരങ്ങിലൂടെ ബോധവൽക്കരണം എന്ന് ലക്ഷ്യമിട്ട് സമകാലിക പ്രശ്നങ്ങളുമായി ബന്ധപ്പെടുത്തി നിരവധി നാടകങ്ങളും അവര്‍ അവതരിപ്പിച്ചിട്ടുണ്ട്. 1989 ൽ അവതരിപ്പിച്ച ഏകാംഗ നാടകമായ "ശക്തി: ദ പവർ ഓഫ് വുമൺ" , ഹർഷ് മന്ദറിന്റെ "കേൾക്കാത്ത ശബ്ദം" എന്ന ഗ്രന്ഥത്തെ ആസ്പദമാക്കിയുള്ള  നാടകം 'അൻസുനി' എന്നിവ അവയിൽ ചിലതാണ്.

ചുവടു തെറ്റാത്ത രാഷ്ട്രീയ നിലപാട്

ബി‍ജെപിയുടെ എതിർ ചേരിയിലായിരുന്നു മല്ലിക സാരാഭായ് എന്നും നിലയുറപ്പിച്ചിരുന്നത്. അതുകൊണ്ടു തന്നെ നിരവധി തവണ ബി.ജെ.പി ഭരണകൂടം അവരെ ലക്ഷ്യമിട്ടു. 2002 ലെ ഗുജറാത്ത് വംശഹത്യയിലുള്ള നരേന്ദ്രമോദി സർക്കാറിന്റെ പങ്കിനെ അവർ പരസ്യമായി വിമർശിച്ചിരുന്നു. നിരവധി പ്രതിഷേധ യോഗങ്ങളിലും അവർ പങ്കെടുത്തു. അതുകൊണ്ടു തന്നെ ഭീഷണികളും പീഡനങ്ങളും അവരെ തേടിയെത്തി. ഗുജറാത്ത് സർക്കാർ തന്നെ പീഡിപ്പിക്കുകയാണെന്ന അവരുടെ പരാതി വലിയ വാർത്താ പ്രാധാന്യം നേടി. 2002 ന്റെ അവസാനത്തിൽ ഗുജറാത്ത് സർക്കാർ ഇവർക്കെതിരെ മനുഷ്യക്കടത്ത് ആരോപിച്ചുവെങ്കിലും 2004 ഡിസംബറിൽ സർക്കാർ ആ കേസ് വേണ്ടെന്ന ് വെച്ചു. ബി.ജെ.പിക്കെതിരെ ലോക്സഭാ തിരഞ്ഞെടുപ്പിലും അവർ കളത്തിലിറങ്ങി. ഗാന്ധിനഗർ ലോക്സഭ സീറ്റിൽ ബിജെപിയുടെ അന്നത്തെ പ്രധാനമന്ത്രി സ്ഥാനാർഥി എൽ.കെ.അദ്വാനിക്കെതിരെ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുമെന്ന് 2009 മാർച്ച് 1ന് മല്ലിക പ്രഖ്യാപിച്ചു.

ഗുജറാത്ത് കോൺഗ്രസ്സ് ഘടകത്തോട് മല്ലികയെ പിന്തുണക്കണമെന്ന് കോൺഗ്രസ്സിന്റെ ഉന്നതാതികാര സമിതിയായ ഹൈക്കമാൻഡ് ആവശ്യപ്പെട്ടു എന്ന ഉഹോപോഹങ്ങളും ഇതിനിടെ പുറത്തു വന്നു. എന്നാൽ മല്ലിക കോൺഗ്രസ്സ് സ്ഥാനാർഥിയല്ല എന്ന് കോൺഗ്രസ്സ് വക്താവ് പിന്നീട് വ്യക്തമാക്കുകയാണുണ്ടായത്. സ്ഥാനാർഥിത്വത്തിനായി താൻ കോൺഗ്രസിനെ സമീപിക്കുകയോ തന്നെ സ്ഥാനാർഥിയാക്കാമെന്ന് കോൺഗ്രസ്സ് വാഗ്ദാനം  നൽകുകയോ ചെയ്തിട്ടില്ലന്ന് പിന്നീട് മല്ലികയും വ്യക്തമാക്കി. എങ്കിലും മുൻ‌കാലങ്ങളിൽ തിരഞ്ഞെടുപ്പിൽ മൽസരിക്കുന്നതിനായി കോൺഗ്രസ്സിൽ നിന്ന് പലവട്ടം വാഗ്ദാനങ്ങൾ ലഭിച്ചിരുന്നുവെന്നും  ഇതിൽ ആദ്യത്തേത് 1984 ൽ രാജീവ് ഗാന്ധിയിൽ നിന്നായിരുന്നുവെന്നും അവർ പിന്നീട് വെളിപ്പെടുത്തി.അദ്വാനിക്കെതിരെ അന്ന് കനത്ത പരാജയമേറ്റു വാങ്ങേണ്ടി വന്ന് കെട്ടിവെച്ച പണം  നഷ്ടമായെങ്കിലും തന്റെ  സ്ഥാനാർഥിത്വം വെറുപ്പിന്റെ രാഷ്ട്രീയത്തിനെതിരെയുള്ള തന്റെ സത്യാഗ്രഹമായിരുന്നുവെന്നായിരുന്നു അവരുടെ നിലപാട് 

സാമൂഹിക കാഴ്ചപ്പാടുകളിലെ വേറിട്ട ശബ്ദം

രാഷ്ട്രീയത്തിൽ മാത്രമല്ല ശക്തമായ സാമൂഹിക കാഴ്ചപ്പാടുകൾ കൊണ്ടും ശ്രദ്ധേയയാണ് മല്ലികാ സാരാഭായ്.  "കാര്യങ്ങൾ എപ്പോഴും ഒളിച്ചു വെക്കാതെയാണ്‌ ഞാൻ ചെയ്തത്" എന്ന് മല്ലിക തന്റെ കലാലയ ജീവിതം ഓർത്തുകൊണ്ട് ഒരിക്കൽ പറഞ്ഞിട്ടുണ്ട്. മിനിസ്കർട്ട് ധരിക്കലും ഡേറ്റിംഗും, മറ്റുമൊക്കെ അക്കാലത്ത് പതിവുകളായിരുന്നു, സ്വവർഗാനുരാഗം പാപമാണെന്ന് ചിന്തിക്കുന്ന ഭൂരിപക്ഷത്തിനിടയിൽ തന്റെ മകൾ സ്വവർഗാനുരാകിയാണെന്ന് തുറന്ന് പറഞ്ഞ് അവർ പൊതുബോധത്തിനു മുന്നിൽ വേറിട്ട ശബ്ദമായി മാറി. അമ്മ മരിച്ച സമയത്ത് എല്ലാവരെയും അമ്പരപ്പിച്ചു കൊണ്ട് അമ്മയ്ക്ക് ആദരമെന്നോണം അമ്മയുടെ മൃതദേഹത്തിനു സമീപം അവർ ചുവടുവെച്ചത് രാജ്യാന്തര തലത്തിൽ പോലും ശ്രദ്ധിക്കപ്പെട്ടു. അമ്മയുടെ മരണത്തിൽ അനുശോചനമറിയിക്കാതിരുന്ന നരേന്ദ്രമോദിയുടെ നിലപാടിനെയും അവർ പരസ്യമായി വിമർശിച്ചു രംഗത്തു വന്നു.കൂടാതെ ഹിന്ദു മതാചാരങ്ങൾക്ക് വിരുദ്ധമായി എല്ലാ ആണധികാരങ്ങളെയും വെട്ടിമാറ്റി തന്റെ സഹോദരൻ കാർത്തികേയനൊപ്പം മല്ലികയും അമ്മയുടെ ചിതയ്ക്ക് തീ കൊളുത്തി.

കലാ സാംസ്കാരിക രാഷ്ട്രീയ രംഗത്തെ വേറിട്ട ശബ്ദമായ മല്ലിക സാരാഭായ് കേരള കലാമണ്ഡലം കൽപിത സർവകലാശാലയുടെ അമരത്തേക്കെത്തുമ്പോൾ പ്രതീക്ഷകൾ ഏറെയാണ്.

Who is Mallika Sarabhai?