വാഹനം ഇടിച്ചു ചത്ത തള്ളപ്പട്ടിയെ കുഴിച്ചിട്ടിടുത്തു നിന്നും ഒരാഴ്ച കഴിഞ്ഞിട്ടും മാറാതെ ചുറ്റിപ്പറ്റി നിൽക്കുന്ന നായ്ക്കുട്ടി നാട്ടുകാർക്കു സങ്കടക്കാഴ്ചയാവുന്നു. ഇടിച്ച വാഹനത്തോടു സാമ്യമുള്ള ചരക്കുവാഹനങ്ങൾ വരുമ്പോഴെല്ലാം കുരച്ചു പിന്നാലെ ഓടുകയും ചെയ്യുന്നുണ്ട്. മറ്റു വാഹനങ്ങളോ കാൽനടയാത്രക്കാരോ വരുമ്പോൾ റോഡരികിൽ തന്നെ അനങ്ങാതെ കിടക്കും. തൊട്ടടുത്ത് ഇൻഡസ്ട്രിയൽ സ്ഥാപനം നടത്തുന്ന ഷാരിയിൽ ബൈജുവും സഹോദരനും സുഹൃത്തുക്കളും സമീപത്തെ വീട്ടുകാരും നായ്ക്കുട്ടിക്കു ഭക്ഷണം കൊടുക്കുന്നുണ്ട്.
സംസ്ഥാനപാതയിൽ അമ്പലപ്പടി പുല്ലൂർ വളവിലാണ് ഏതോ വാഹനം ഇടിച്ചു പട്ടി ചത്തത്. റോഡരികിലെ മരത്തിന്റെ ചുവട്ടിലേക്കു തെറിച്ചുവീണതിനാൽ ആരുടെയും ശ്രദ്ധയിൽ പെട്ടില്ല. നായക്കുട്ടി നിർത്താതെ കുരച്ചു ബഹളം വയ്ക്കുകയും വാഹനങ്ങളുടെ പുറകേ കൂടുകയും ചെയ്യുന്നതു കണ്ടെങ്കിലും കാരണം മനസ്സിലായില്ല. രണ്ടു ദിവസം കഴിഞ്ഞു ദുർഗന്ധം രൂക്ഷമായപ്പോൾ നടത്തിയ തിരച്ചിലിലാണു പട്ടി ചത്തു കിടക്കുന്നതു കണ്ടത്. റോഡരികിൽ തന്നെ മണ്ണിട്ടു മൂടുകയും ചെയ്തു. ഇതിനടുത്താണു നായക്കുട്ടി എപ്പോഴും ചുറ്റി നടക്കുന്നത്.