കോഴിക്കോട്ട് നടക്കാനിരിക്കുന്ന സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ നിന്ന് ഏഴുതട്ടുള്ള ഒാലപ്പന്തലിനെ ഒഴിവാക്കി. പകരം പ്രധാന വേദിയുടെ മേല്‍ക്കൂരയിലടക്കം തകരഷീറ്റുകളെ ഉള്‍പ്പെടുത്തി. ഇത് രണ്ടാം തവണയാണ് ഒാലപ്പന്തലില്ലാതെ കലാമാമാങ്കം അരങ്ങേറുന്നത്.
ഏഴുതട്ടുള്ള പ്രധാനവേദിയായിരുന്നു എന്നും കലോല്‍സവവേദിയുടെ തലയെടുപ്പ്. പക്ഷെ ഇത്തവണ ഏഴില്‍ പോയിട്ട് ഒറ്റത്തട്ടില്‍പോലും ഒാലയ്ക്ക് പ്രവേശനമില്ല. കാരണം കരാറുകാരന്‍ ഉമ്മര്‍ പടപ്പില്‍ പറയും. ഏഴുതട്ടില്ലെന്നേയുള്ളു, പ്രധാനവേദിയിലെ ആഡംബരത്തിന് ഒരു കുറവുമില്ല.മുന്‍പ് 6000 പേര്‍ക്ക് ഇരിക്കാവുന്ന പന്തലായിരുന്നെങ്കില്‍ ഇത്തവണ 10000 ആളുകള്‍ക്ക് ഇരിക്കാവുന്ന പന്തലാണ് ഒരുങ്ങുന്നത്. 65,000 ചതുരശ്ര അടിയിലാണ് നിര്‍മാണം
അന്‍പത് ലക്ഷം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഒാലപ്പന്തലായിരുന്നെങ്കില്‍ അതിലും കൂടുമായിരുന്നു. അപ്പീലൂടെ തിരിച്ചെത്താനുള്ള സാധ്യതപോലും നല്‍കാതെയാണ് ഒാലപന്തലിനെ പുറത്താക്കിയത്. മഴയെപ്പേടിച്ച് ഒാല ഒഴിവാക്കുമ്പോള്‍ കനത്തചൂടില്‍ കാണികള്‍ വെന്തുരുകാതിരുന്നാല്‍ ഭാഗ്യം