M-A-baby-Adoor-Gopalakrishnan

അടൂര്‍ ഗോപാലകൃഷ്ണനെ ജാതിവാദി എന്ന് വിളിക്കുന്നത് ഭോഷ്കെന്ന് സിപിഎം പി.ബി. അംഗം എം.എ.ബേബി. കെ.ആര്‍.നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിെല വിവാദവുമായി ബന്ധപ്പെട്ടാണ് പ്രതികരണം. അടൂരിനെ ജാതിവാദിയായി ചിത്രീകരിക്കുന്നത് നിരുത്തരവാദിത്തപരമായ വ്യക്തിഹത്യയാണ്. സമൂഹമാധ്യമങ്ങളില്‍ ചിത്രവധം ചെയ്യുന്നത് വിപ്ലവപ്രവര്‍ത്തനമല്ല. ഇത്തരക്കാര്‍ രാഷ്ട്രീയത്തിന്റെ ബാലപാഠങ്ങള്‍  ഒന്നുകൂടെ പഠിക്കണമെന്നും എം.എ ബേബി പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു എംഎ ബേബിയുടെ പ്രതികരണം.

 

കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ  കുറച്ചു വിദ്യാർത്ഥികളും ചില തൊഴിലാളികളും ഉന്നയിച്ച കാര്യങ്ങൾ സർക്കാർ ഗൗരവമായി പരിഗണിച്ചു വരികയാണെന്നും അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. വിവാദത്തിൽ അടൂരിനെ പിന്തുണച്ച അദ്ദേഹം തൻറെ ജീവിതചുറ്റുപാടുകൾക്ക് നേരെ ക്യാമറ തിരിച്ചു വച്ച മഹാനായ കലാകാരനാണ് അടൂരെന്നും തൻറെ പ്രതിഭയുടെ മികവ് കൊണ്ടുമാത്രമാണ് ജാതി ക്ലിക്കുകളുടെ തരംതാണ സഹായത്തിനായി പോവേണ്ട സാഹചര്യം അടൂരിന് ഉണ്ടാവാതിരുന്നതെന്നും  പറഞ്ഞു. 

 

ഇന്നത്തെ ഇന്ത്യയിലെ മനുവാദ - അർധ ഫാഷിസ്റ്റ് സർക്കാരിനെതിരെ നിരന്തരം ഉയർന്ന ശബ്ദങ്ങളിൽ ഒന്ന് അടൂരിന്റേതാണെന്നത് ചെറിയ കാര്യമല്ല. വെറും മൗനം കൊണ്ടുമാത്രം അദ്ദേഹത്തിന് നേടാമായിരുന്ന പദവികൾ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടുകളുടെ അധ്യക്ഷസ്ഥാനം ഒന്നും അല്ല. ജീവിതകാലം മുഴുവൻ അടൂർ ഒരു മതേതരവാദിയായിരുന്നു. വർഗീയതയ്ക്കും ജാതിമേധാവിത്വത്തിനും എതിര് നിന്നു. അദ്ദേഹം കൂട്ടിച്ചേർത്തു.

 

മാധ്യമപ്രവർത്തകർ അദ്ദേഹത്തെ പ്രകോപിക്കാൻ ചോദിക്കുന്ന ചോദ്യങ്ങൾക്ക് അദ്ദേഹം തിരിച്ചടിക്കുന്ന ഉത്തരങ്ങളല്ല അടൂരെന്നും അമ്പത് വർഷങ്ങൾ കൊണ്ട് അദ്ദേഹം എടുത്ത സിനിമകളും ഒരിക്കലും കുലുങ്ങാത്ത അദ്ദേഹത്തിന്റെ മതേതര രാഷ്ട്രീയവുമാണ് അടൂർ എന്നും പറഞ്ഞാണ് എംഎ ബേബി പോസ്റ്റ് അവസാനിപ്പിച്ചത്.

 

MA Baby supports Adoor Gopalakrishan. calls him secular.