secretariatelaptop

സെക്രട്ടേറിയറ്റില്‍ ജീവനക്കാര്‍ക്കായി ഡെസ്്ക്ടോപിനു പകരം വാങ്ങിയ നോട്ടുബുക്ക് കംപ്യൂട്ടറുകള്‍ വേണ്ടെന്നു വകുപ്പ് മേധാവികളും , സംഘടനയും. ചെറിയ സ്ക്രീനില്‍ ഫയല്‍ നോക്കല്‍ പ്രായോഗികമല്ലെന്നും ലാപ്ടോപോ , ഡെസ്ക് ടോപ്പോ അനുവദിക്കണമെന്നുമാണ്  ആവശ്യം. ഐ.ടി വകുപ്പിന്‍റെ നിരുത്തരവാദപരമായ നടപടിയാണ് ഇപ്പോഴത്തെ പ്രതിസന്ധിക്കു കാരണമെന്നാണ് ജീവനക്കാര്‍ കുറ്റപ്പെടുത്തുന്നത്.

 

കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ സര്‍ക്കാര്‍ കടന്നുപോകവേ രണ്ടര കോടി ചെലവാക്കി വാങ്ങിയ നോട്ടുബുക്ക് കംപ്യൂട്ടറുകളില്‍ ഗുലുമാല്‍ പിടിച്ചിരിക്കുകയാണ് ഐ.ടി.വകുപ്പ്. സെക്രട്ടറിയേറ്റിലുള്ള 965 ടെസ്ക്ടോപ് കംപ്യൂട്ടറുകള്‍ കാലഹരണപ്പെട്ടതോടെയാണ് പകരം സംവിധാനം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. പകരം വാങ്ങിയത് എച്ച്.പി ബ്രാന്‍ഡിന്‍റെ  ഇക്കാണുന്ന 750 നോട്ടുബുക്ക് കംപ്യൂട്ടറുകളാണ്. എട്ടു കോളങ്ങളുള്ള ഇ ഫയല്‍ 14 ഇഞ്ച് സ്ക്രീനില്‍ കാണുമ്പോള്‍ വളരെ ചെറുതായി മാത്രമേ കാണാന്‍ കഴിയുകയുള്ളു. ഇതു സുഗമമായി ഫയല്‍ നോക്കുന്നതിനു തടസമെന്നാണ് ജീവനക്കാരുടെ പരാതി. തുടര്‍ന്നു വകുപ്പ് മേധാവികള്‍ പരാതിയുമായി സര്‍ക്കാരിനെ സമീപിച്ചു. ഓഫിസിലുള്ള ഭൗതിക സാഹചര്യങ്ങള്‍ക്ക് ഇണങ്ങുന്നതല്ല നോട്ടുബുക്കുകളെന്നും സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. ഇതിനു  പുറമേ ജീവനക്കാരുടെ സര്‍ക്കാര്‍ അനുകൂല  സംഘടനകളുള്‍പ്പെടെ പരാതി നല്‍കിയിട്ടുണ്ട്. ടാബ്ലെറ്റ് പി.സി, നോട്ട്ബുക്ക് പി.സി, ലാപ്ടോപ് പി.സി, ടെസ്ക്ടോപ് പി.സി എന്നിവയുടെ ഉപയോഗത്തെ സംബന്ധിച്ച അടിസ്ഥാനപരമായ ധാരണയുടെ കുറവാണ് ഇപ്പോഴത്തെ പ്രശ്നങ്ങള്‍ക്ക് കാരണമെന്നും കുറ്റപ്പെടുത്തുന്നു. ഇതോടെ രണ്ടര കോടി ചെലവിട്ട് വാങ്ങിയ നോട്ട്ബുക്ക് കംപ്യൂട്ടറുകള്‍ എന്തു ചെയ്യുമെന്നറിയാതെ കുഴങ്ങുകയാണ് സര്‍ക്കാര്‍