mukkom-river

മുക്കം : ഇരുവഞ്ഞി പുഴയിൽ നീർനായ്ക്കളുടെ ആക്രമണം തുടരുന്നു. നീർനായ്ക്കളുടെ കടിയേറ്റ് ഗുരുതരമായി പരുക്കേൽക്കുന്നവരുടെ എണ്ണം ദിനം പ്രതി വർധിച്ചു വരികയാണ്. നീർനായ്ക്കൾക്കെതിരെ കർശന നടപടി വേണമെന്ന ആവശ്യം ഉയരുന്നു. നടപടികൾ എങ്ങുമെത്താത്ത അവസ്ഥയാണ്. ഇരുവഞ്ഞി, ചാലിയാർ പുഴകളിൽ കുളിക്കാനും അലക്കാനും സ്ത്രീകളും കുട്ടികളും അടക്കമുള്ളവർ ഭയപ്പെടുന്ന അവസ്ഥയാണ്. 

 

കഴിഞ്ഞ ദിവസങ്ങളി‍ൽ ചോണാട്, കച്ചേരി കടവുകളി‍ൽ നിന്ന് ഒട്ടേറെ പേർക്ക് നീർനായ്ക്കളുടെ കടിയേറ്റു. കുളിക്കാനിറങ്ങിയപ്പോഴാണ് കച്ചേരി സ്വദേശി കെ.ടി.ഷാജിക്ക് കടിയേറ്റത്. മക്കളും കുളിക്കാനെത്തിയെങ്കിലും ഭാഗ്യം മൂലം രക്ഷപ്പെടുകയായിരുന്നു. കൊടിയത്തൂർ, കാരശ്ശേരി പഞ്ചായത്തുകളിലും മുക്കം നഗരസഭയുടെയും പുഴയോര പ്രദേശങ്ങളിൽ ഇതിനകം നൂറിലേറെ പേരെ നീർനായ്ക്കൾ കടിച്ചു പരുക്കേൽപ്പിച്ചു. സംഭവം നടക്കുമ്പോൾ ബന്ധപ്പെട്ട അധികാരികൾ ഓടിയെത്താറുണ്ടെങ്കിലും തുടർ നടപടികൾ ഉണ്ടാകുന്നില്ലെന്നാണ് ആക്ഷേപം. 

 

വനം വകുപ്പിന്റെ ദ്രുത കർമ സേന കൊടിയത്തൂർ ചെറുവാടി, കാരശ്ശേരി മേഖലകളിൽ കൂട് ഒരുക്കി വച്ചെങ്കിലും ഇവയെ പിടികൂടാനായില്ല.വേനൽ രൂക്ഷമാകുന്നതോടെ എല്ലാവർക്കും കുളിക്കാനും അലക്കാനും ആശ്രയിക്കാനുള്ളത് ഇരുവഞ്ഞി, ചാലിയാർ പുഴകളാണ്. നീർനായ്ക്കൾ മൂലം പുഴകളിൽ ഇറങ്ങാൻ സ്ത്രീകളും കുട്ടികളും മടിക്കുന്നു. ഇറങ്ങുന്നവരെ ഗുരുതരമായി കടിച്ചു പരുക്കേൽപ്പിക്കുന്ന അവസ്ഥയുമാണ്. കൊടിയത്തൂർ പ‍ഞ്ചായത്തിൽ നീർനായ്ക്കൾക്കെതിരെ നടപടി ആവശ്യപ്പെട്ട് സമര പരിപാടികൾ ആവിഷ്കരിക്കാനുള്ള നീക്കത്തിലാണ് ജനങ്ങൾ.