vaikom

സർക്കാർ ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉച്ചഭക്ഷണം നൽകി തൊഴിലുറപ്പ് തൊഴിലാളികൾ. വൈക്കം നഗരസഭ പന്ത്രണ്ടാം വാർഡിലെ മുപ്പത് തൊഴിലാളികളാണ് താലൂക്കാശുപത്രിയിൽ ഉച്ചഭക്ഷണം നൽകിയത്. 

 

 നൂറ് തൊഴിൽ ദിനങ്ങൾ കിട്ടിയ തൊഴിലുറപ്പ് തൊഴിലാളികളുടെയാണ് ഈ മാതൃക. പന്ത്രണ്ടാം വാർഡിലെ സാധാരണക്കാരായ മുപ്പത്‌തൊഴിലാളികളാണ് കഴിഞ്ഞദിവസം രാവിലെ വാർഡിൽ ഒത്തുകൂടി ഉച്ചഭക്ഷണം തയ്യാറാക്കിയത്. തൊഴിലുറപ്പ് പദ്ധതിയുടെ മേൽനോട്ട ചുമതലക്കാരിയായ (മേറ്റ് )ഷൈനമ്മ ബാബുവിന്റെ വീട്ടിലായിരുന്നു പാചകം. നാല് കൂട്ടം കറിയും ചോറുമായിരുന്നു ഇവർ തയ്യാറാക്കിനൽകിയത് .ഒരു ദിവസത്തെ വേതനവും ജോലിക്കിടെ ചായകുടിക്കാനായി സ്വകാര്യവ്യക്തികൾ നൽകിയ തുകയും കൊണ്ടാണ് സാധനങ്ങൾ വാങ്ങി ഇവർ ഉച്ചഭക്ഷണം തയ്യാറാക്കിയത്. ആശുപത്രിയിൽ ഭക്ഷണം വിതരണം ചെയ്യണമെന്ന ആഗ്രഹം തൊഴിലാളികൾ അറിയിച്ചതോടെ വാർഡ് കൗൺസിലർ മഹേഷും കട്ടക്ക് നിന്നു. ഉച്ചക്ക് പന്ത്രണ്ട് മണിയോടെ ആശുപത്രിയിലെത്തിയ തൊഴിലാളികൾ തന്നെയാണ്ഭക്ഷണം വിതരണം ചെയ്തത്.ഇവർ ഉച്ചഭക്ഷണവുമായെത്തിയപ്പോൾ നിത്യസഹായൻ ട്രസ്റ്റും കഞ്ഞിയും മുട്ടയുമായി എത്തിയിരുന്നു. പിന്നെ ഒരുമിച്ചായി ഭക്ഷണ വിതരണം.

 

ഒരു ദിവസത്തെ വേതനം കൊണ്ട്  തങ്ങളുടെ ഇല്ലായ്മക്കിടയിലും രോഗികളടക്കമുള്ള നൂറുകണക്കിനാളുകൾക്ക്  ഒരു നേരത്തെ ഭക്ഷണം നൽകാൻ കഴിഞ്ഞതിന്റെ അഭിമാനവുമായാണ് തൊഴിലാളികൾ മടങ്ങിയത്. അയ്യരുകുളങ്ങര യുപി സ്കൂളിലെ നൂറ് വിദ്യാർത്ഥിൾക്കുള്ള ഒരു ദിവസത്തെ  ഉച്ചഭക്ഷണവും ഇവർ ഇതോടൊപ്പം നൽകിയിരുന്നു. തങ്ങൾക്കാവും വിധം സാമൂഹ്യ സേവന പ്രവർത്തനങ്ങൾ തുടരാനാണ് ഈ തൊഴിലാളികളുടെ തീരുമാനം.