വടക്കുന്നാഥനെ സാക്ഷിയാക്കി ഭഗവതിമാർ ഉപചാരം ചൊല്ലി. തൃശൂർ പൂരത്തിന് സമാപനം. അടുത്ത വർഷം ഏപ്രിൽ 19 നാണ് പൂരം.
തിരുവമ്പാടി , പാറമേക്കാവ് ഭഗവതിമാർ രാവിലെ എട്ടരയോടെ പകൽ പൂരത്തിന് പുറപ്പെട്ടു. കൊമ്പൻ ചന്ദ്രശേഖരന്റെ പുറത്ത് തിരുവമ്പാടി ഭഗവതിയുടെ പുറപ്പാട് . പാറമേക്കാവിലമ്മയുടെ തിടമ്പേറ്റിയത് കൊമ്പൻ എറണാകുളം ശിവകുമാർ. പതിനഞ്ചാനകളുടെ അകമ്പടിയിലായിരുന്നു ഭഗവതിമാരുടെ വരവ് . കിഴക്കൂട്ട് അനിയൻ മാരാരും ചേരാനെല്ലൂർ ശങ്കരൻകുട്ടി മാരാരും മേളത്തിന് നേതൃത്വം നൽകി.
ഇരുകൂട്ടരുടേയും മേളം കലാശിച്ച ശേഷം ഭഗവതിമാർ വടക്കുന്നാഥ ക്ഷേത്രത്തിന്റെ ശ്രീമൂല സ്ഥാനത്തെത്തി. കൊമ്പൻമാർ ഭഗവതിമാരെ പ്രതിനിധീകരിച്ച് തുമ്പിക്കൈ ഉയർത്തി പരസ്പരം വണങ്ങി. പൂരപറമ്പിനോട് വിടപറഞ്ഞ് ഭഗവതിമാരുടെ മടക്കം. അടുത്ത പൂരത്തിന് കാണാമെന്ന പ്രതീക്ഷയിൽ ദേശക്കാരും മടങ്ങി. ആഘോഷത്തിന്റെ അവസാന കൂട്ടപ്പൊരിച്ചിലെന്നോണം പകൽ വെടിക്കെട്ട്.
Thrissur Pooram concludes