ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള വിജയമന്ത്രം തയാറാക്കാന്‍ കെ.പി.സി.സി നേതൃയോഗത്തിന് വയനാട്ടില്‍ ഇന്ന് തുടക്കമാകും. ചാലകുടിയിൽ ബൂത്തുകളെ സജീവമാക്കിയ ബെന്നി ബഹ്നാന്റെ വിജയമന്ത്രം യോഗത്തിൽ അവതരിപ്പിക്കും. രണ്ടുദിവസത്തെ യോഗത്തിൽ തുടർപ്രക്ഷോഭങ്ങൾക്കും രൂപം നൽകും.
ആനുകാലികരാഷ്്ട്രീയ സാഹചര്യങ്ങളും തുടർപ്രക്ഷോഭങ്ങളുമൊക്കെ ചർച്ചയാവുമെങ്കിലും ലോക്സഭാ തിരഞ്ഞെടുപ്പ് ഒരുങ്ങളിൽ തന്നെയാണ് നേതൃയോഗത്തിന്റെ കണ്ണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിയെ ഒരു സീറ്റിലേക്ക് ഒതുക്കിയ വിജയം ആവർത്തിക്കാനുള്ള വിജയമന്ത്രങ്ങളും തന്ത്രങ്ങളും യോഗം തയാറാക്കും. ചാലക്കുടി ലോക്സഭാ മണ്ഡലത്തിലെ മുഴുവൻ ബൂത്തുകളിലെയും പ്രസിഡന്റിനെയും ബൂത്ത് ഏജന്റിനെയും പ്രധാനനേതാവിനെയും ഉൾപ്പെടുത്തി കൺവെൻഷൻ സംഘടിപ്പിച്ച് ബൂത്തുതലം സജീവമാക്കിക്കൊണ്ടിരിക്കുന്ന ബെന്നി ബഹ്നാൻ മോഡൽ യോഗത്തിൽ അവതരിപ്പിക്കും. ഇത് സംസ്ഥാനവ്യാപകമാക്കാനാണ് ആലോചനയെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ പറഞ്ഞു. എഐ ക്യാമറ, കെ ഫോൺ ക്രമക്കേടുകളിലും അമിത നികുതിവർധനയ്ക്കുമെതിരെ ശക്തമായ പ്രക്ഷോഭപരിപാടികൾക്കും യോഗം രൂപം നൽകും. ക്രിസ്ത്യൻ സഭാ നേതൃത്വങ്ങളുമായും മത, സാമുദായിക സംഘടന നേതാക്കളുമായും ആശയവിനിമയം നടത്താൻ കഴിഞ്ഞ രാഷ്ട്രീയകാര്യസമിതി യോഗത്തിൽ തീരുമാനിച്ചെങ്കിലും കൂടിക്കാഴ്ചകൾ തുടങ്ങിയിട്ടില്ല. ഇതിന്റെ പദ്ധതിയും തയാറാക്കും. ഇഴഞ്ഞുനീങ്ങുന്ന പുനഃസംഘടന വേഗത്തിലാക്കാനുള്ള നടപടികളുമുണ്ടാകുമെന്ന് നേതൃത്വം സൂചിപ്പിച്ചു. എ.ഐ.സി.സി ജനറൽസെക്രട്ടറിമാരായ കെ.സി.വേണുഗോപാൽ, താരീഖ് അൻവർ, രാഷ്ട്രീയകാര്യസമിതി അംഗങ്ങൾ, കെ.പി.സി.സി ഭാരവാഹികൾ, ഡി.സി.സി പ്രസിഡന്റുമാർ, എം.പിമാർ, എം.എൽ.എമാർ എന്നിവരാണ് യോഗത്തിൽ പങ്കെടുക്കുക.
The KPCC leadership meeting will begin today in Wayanad