വയനാട് കൽപ്പറ്റയിൽ പൊലീസ് കസ്റ്റഡിയിലെടുത്ത ആദിവാസി യുവാവിനെ ശുചി മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. അമ്പലവയൽ നെല്ലാറച്ചാൽ സ്വദേശി ഗോകുലാണ് മരിച്ചത്. ദുരൂഹതയുണ്ടെന്നും ഉന്നത തല അന്വേഷണം വേണമെന്നും രാഷ്ട്രീയ പാർട്ടികൾ ആവശ്യപ്പെട്ടു.
പ്രായപൂർത്തിയായ ആദിവാസി പെൺകുട്ടിയെ കാണാതായെന്ന പരാതിയിലാണ് ഗോകുലിനെ കസ്റ്റഡിയിലെടുത്തത്. ഇന്നലെയാണ് കോഴിക്കോട് നിന്നാണ് പെൺകുട്ടിയോടൊപ്പം ഗോകുലിനെ കണ്ടെത്തിയത്. രാത്രിയോടെ ഇരുവരെയു കൽപ്പറ്റ പൊലീസ് സ്റ്റേഷനിലെത്തിച്ചു. പെൺകുട്ടിയെ അഭയകേന്ദ്രത്തിലേക്ക് മാറ്റി. രാവിലെ ശുചി മുറിയിൽ പോയ ഗോകുലിനെ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു എന്ന് പൊലീസ് പറയുന്നു.
ഗോകുലിനെ കാണാതായി രണ്ടാഴ്ചയായി എന്നും പെൺകുട്ടിയെ കുറിച്ച് അറിയില്ല എന്നും ബന്ധുക്കൾ പറഞ്ഞു. ആദിവാസി യുവാവ് കസ്റ്റഡിയിൽ മരിച്ചതിൽ പൊലീസിന് വീഴ്ച്ച സംഭവിച്ചെന്നും, സിസിടിവി അടക്കം പരിശോധിചച്ച് നടപടി സ്വീകരിക്കണമെന്നും രാഷ്ട്രീയ പാർട്ടികൾ ആവശ്യപ്പെട്ടു. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം കുടുംബത്തിന് വിട്ടു നൽകും.