atham

പൊന്നോണത്തെ വരവേല്‍ക്കാനൊരുങ്ങി തൃപ്പുണിത്തുറ രാജനഗരി. അത്തം ഘോഷയാത്ര നാളെ രാവിലെ പത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. അത്തംനഗറില്‍ ഉയര്‍ത്താനുള്ള പതാക ഇന്ന് വൈകിട്ട് ചെറുഘോഷയാത്രയായി ഗവണ്‍മെന്റ് ബോയ്സ് ഹൈസ്ക്കൂള്‍ ഗ്രൗണ്ടില്‍ എത്തിക്കും.

 

തൃപ്പുണിത്തുറ രാജനഗരിയില്‍ വര്‍ണവിസ്മയമൊരുക്കി നടക്കുന്ന അത്തം ഘോഷയാത്രയോടെയാണ് മലയാളക്കരയുടെ ഒാണാഘോഷത്തിന് തുടക്കമാവുക. കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ ജില്ലകളില്‍ നിന്നുള്ള ഫ്ളോട്ടുകളാണ് ഘോഷയാത്രയില്‍ അണിനിരക്കുക. മാവേലി, പുലിക്കളി, കരകാട്ടം, തെയ്യം തുടങ്ങിയ വേഷം കെട്ടുന്ന കലാകാരന്‍മാര്‍ ഒരുമിച്ചെത്തുന്ന ഘോഷയാത്ര കാണാനും ആയിരങ്ങള്‍ ഇങ്ങോട്ട് ഒഴുകിയെത്തും. നടന്‍ മമ്മൂട്ടിയാണ് ഘോഷയാത്ര ഫ്ലാഗ് ഒാഫ് ചെയ്യുക. അത്തച്ചമയം ഹരിതച്ചമയം എന്ന പേരില്‍ കര്‍ശനമായ ഹരിത ചട്ടം പാലിച്ചാണ് ഇക്കുറി അത്തം ഘോഷയാത്രയും ഒാണാഘോഷങ്ങളും തൃപ്പുണിത്തുറ നഗരസഭ നടത്തുന്നതും. ഘോഷയാത്ര കടന്ന് പോകുന്ന സ്ഥലങ്ങളില്‍ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റികും ഫ്ളെക്സ് ബോര്‍ഡുകളും പൂര്‍ണമായും നിരോധിച്ചു.

 

ഘോഷയാത്രയുടെ വിളംബരം അറിയിച്ച് ഹില്‍പാലസ് അങ്കണത്തില്‍ നിന്ന് അത്തംനഗറില്‍ ഉയര്‍ത്താനുള്ള പതാക ഇന്ന് വൈകിട്ട് രാജകുടുംബത്തിന്റെ പ്രതിനിധിയില്‍ നിന്ന് നഗരസഭാധ്യക്ഷ ഏറ്റ് വാങ്ങും. അത്തം മുതല്‍ ഉത്രാടം വരെ നീളുന്ന കലാസന്ധ്യയുടെ ഉദ്ഘാടനവും ഞായര്‌ വൈകിട്ട് ലായം കൂത്തമ്പലത്തില്‍ നടക്കും.