കൊല്ലം സുധിയുടെ ഭാര്യ രേണുവിനെക്കുറിച്ചും അവര്‍ അഭിനയിച്ച ഒരു റീല്‍ വിഡിയോയെ കുറിച്ചുമുള്ള ചര്‍ച്ചകളാണ് ദിവസങ്ങളായി സമൂഹമാധ്യമത്തെ ചൂടുപിടിപ്പിക്കുന്നത്. ഭര്‍ത്താവിന്‍റെ മരണശേഷം രേണുവിനുണ്ടായ മാറ്റത്തെക്കുറിച്ചാണ് ചര്‍ച്ചകളേറെയും. കമന്‍റിലും റിയാക്ഷന്‍– ട്രോള്‍ വിഡിയോയിലുമെല്ലാം രേണു തന്നെയാണ് നിറഞ്ഞുനില്‍ക്കുന്നത്. ഈ സാഹചര്യത്തില്‍ രേണുവിന്‍റെ പ്രതികരണം എത്തിയിരിക്കുകയാണ്.
അഭിനയിക്കാന്‍ ഇഷ്ടമാണ്. നാടകം പോലെ ലൈവായി അഭിനയിക്കാന്‍ ലഭിക്കുന്ന അവസരങ്ങള്‍ ആസ്വദിച്ചാണ് ചെയ്യുന്നത് എന്ന് രേണു പറയുന്നു. ഒരുപാട് മോശം പ്രതികരണങ്ങള്‍ വരുന്നുണ്ട്. അതിലൊന്നും പ്രതികരിക്കുന്നില്ല. ഇങ്ങനെ മോശം പറയുന്നവര്‍ തനിക്കു വേണ്ട കാര്യങ്ങള്‍ ചെയ്തുതരട്ടെ, എല്ലാ മാസവും പൈസ തരട്ടെ ഞാന്‍ വീട്ടിലിരിക്കാം എന്നാണ് രേണു പ്രതികരിച്ചിരിക്കുന്നത്.
ഭര്‍ത്താവ് മരിച്ച സ്ത്രീ വെള്ള വസ്ത്രം ധരിച്ച് വീട്ടില്‍ തന്നെയിരിക്കണം എന്നാണ് പലരുടെയും ചിന്ത. വീട്ടിലിരുന്നാല്‍ തന്നെക്കുറിച്ച് ആരും ഓര്‍ക്കില്ല. പൊതുമധ്യത്തിലേക്ക് ഇറങ്ങുന്ന സാഹചര്യങ്ങളുള്ളത് കൊണ്ടാണ് ഇങ്ങനെ പല ചര്‍ച്ചകളും നടക്കുന്നത്. എന്നാല്‍ ഇതിലൊന്നും പ്രതികരിക്കാനില്ല എന്ന് മുന്‍പും രേണു നിലപാട് വ്യക്തമാക്കിയിരുന്നു.
ചാന്തുപൊട്ട് സിനിമയിലെ ‘ചാന്തു കുടഞ്ഞൊരു സൂര്യൻ മാനത്ത്’ എന്ന ഗാനം റീക്രീറ്റ് ചെയ്തതിനാണ് രേണു സുധിക്കെതിരെ കടുത്ത സൈബറാക്രമണം നടക്കുന്നത്. റീല്‍സ് താരമായ ദാസേട്ടന്‍ കോഴിക്കോടാണ് രേണുവിനൊപ്പം അഭിനയിച്ചിരിക്കുന്നത്. രേണു അഭിനയിച്ച ‘മോഹം’ എന്ന ഹ്രസ്വ ചിത്രവും ശ്രദ്ധേയമാണ്. ദിവസങ്ങള്‍ക്കകം നാലു ലക്ഷത്തിലധികം വ്യൂസാണ് വിഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്.