അയല്‍ക്കൂട്ടം വനിതകള്‍ക്ക് സ്കൂള്‍ കാല സ്മരണകളിലേക്ക് തിരിച്ചുപോക്കിന് അവസരമൊരുക്കി കുടുംബശ്രീ മിഷന്‍. തിരികെ സ്കൂളില്‍ എന്ന പേരിലുള്ള അയല്‍ക്കൂട്ടം ക്യാംപയ്ന്റെ ഭാഗമായി 46 ലക്ഷത്തോളം വരുന്ന അയല്‍ക്കൂട്ടം വനിതാ അംഗങ്ങളാണ് സംസ്ഥാന തല പ്രചാരണത്തിന്റെ ഭാഗമായി ഇന്ന് സ്കൂളുകളിലേക്ക് മടങ്ങിയെത്തിയത്. എറണാകുളത്ത് എലൂര്‍ ഗവണ്‍മെന്റ് സ്കൂളില്‍ രണ്ട് ബ്ലോക്കുകളിലെ ക്ലാസ് മുറികളിലായിട്ടായിരുന്നു പഠനം.
പഠിക്കാനുളള വിഷയങ്ങള്‍ അല്‍പം സീരിയസാണെങ്കിലും ആട്ടത്തിനും പാട്ടിനുമൊന്നും കുറവില്ല. വര്‍ഷങ്ങള്‍ക്കിപ്പുറം വിദ്യാര്‍ഥികളുടെ റോളില്‍ സ്കൂളിലേക്കുള്ള മടങ്ങിവരവ് ഇവരെല്ലാം അടിപൊളിയായി ആഘോഷിച്ചു. കുടുംബശ്രീയെ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനും നൂതന പദ്ധതികള്‍ ഏറ്റെടുക്കാന്‍ പ്രാപ്തമാക്കുന്നതിനുമായാണ് തിരികെ സ്കൂളില്‍ എന്ന പേരിലുള്ള അയല്‍ക്കൂട്ട ക്യാംപയ്ന്‍. രാവിലെ 9.30 മുതല്‍ 4.30 വരെയാണ് പഠനം. സംഘശക്തി അനുഭവപാഠങ്ങള്‍, അയല്‍ക്കൂട്ടത്തിന്റെ സ്പന്ദനം കണക്കിലാണ്, സംഘഗാനം ജീവിതഭദ്രത ഞങ്ങളുടെ സന്തോഷം, ഉപജീവനം ആശയങ്ങള്‍ പദ്ധതികള്‍, ഡിജിറ്റല്‍കാലം എന്നിവയാണ് പാഠ്യവിഷയങ്ങള്‍. പ്രത്യേക പരിശീലനം ലഭിച്ച റിസോഴ്സ്പേഴ്സണ്‍സാണ് അധ്യാപകരായി എത്തിയത്. അവധി ദിനങ്ങളില്‍ സംഘടിപ്പിക്കുന്ന ക്യാംപയിന് സംസ്ഥാനത്ത് രണ്ടായിരത്തിലേറെ സ്കൂളുകളാണ് അനുവദിച്ചിരിക്കുന്നത്. വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ചാണ് ഡിസംബര്‍ 10 വരെ നീളുന്ന ക്യാംപയ്ന്‍.