പിതാവായതിന് പിന്നാലെ മാതൃത്വത്തിന് നന്ദി പറഞ്ഞ് യൂത്ത് കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ അബിൻ വർക്കിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. ജീവിതത്തിലെ ഏറ്റവും വലിയ വേദന അനുഭവിച്ച് ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം സമ്മാനിച്ചതിന്. അവളുടെ ഇഷ്ടങ്ങൾ എല്ലാം മാറ്റി വച്ച് 10 മാസം മാതൃത്വത്തിനുള്ള കാത്തിരിപ്പ് നടത്തിയതിന്, എന്റെ തിരക്കുകൾ മനസിലാക്കി, ആശുപത്രികളിൽ പോയി കുഞ്ഞിന് വേണ്ടി ജീവിതം ചിട്ടപ്പെടുത്തിയതിന് എല്ലാത്തിനും ഭാര്യയ്ക്ക് നന്ദി പറഞ്ഞാണ് അബിന്റെ പോസ്റ്റ്. കുറിപ്പിന്റെ പൂര്‍ണ്ണരൂപം വായിക്കാം
ഞാൻ അച്ഛനാകുമ്പോൾ...
അങ്ങനെ ഞാൻ ഒരു പെൺകുഞ്ഞിന്റെ പിതാവായി. നോർമൽ ആയി നടന്ന പ്രസവം. കുഞ്ഞും അമ്മയും സുഖമായി ഇരിക്കുന്നു. ജീവിതത്തിന്റെ അടുത്ത പാദത്തിലേക്ക് പ്രവേശിക്കുകയാണ്. ഉത്തരവാദിത്തങ്ങൾ കൂടുകയാണ്. പക്ഷെ ഈ വേളയിൽ ഞാൻ ദൈവത്തിന് നന്ദി അർപ്പിക്കുന്നതിനൊപ്പം എന്റെ പ്രിയപ്പെട്ട ഗീതുവിന് നന്ദി അറിയിക്കുകയാണ്.
ജീവിതത്തിലെ ഏറ്റവും വലിയ വേദന അനുഭവിച്ച് ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം സമ്മാനിച്ചതിന്. അവളുടെ ഇഷ്ടങ്ങൾ എല്ലാം മാറ്റി വച്ച് 10 മാസം മാതൃത്വത്തിനുള്ള കാത്തിരിപ്പ് നടത്തിയതിന്. ഇഷ്ടഭക്ഷണങ്ങൾ എല്ലാം മാറ്റി വച്ച് ഞങ്ങളുടെ കുഞ്ഞിന്റെ ആരോഗ്യം സംരക്ഷിച്ചതിന്. ഒട്ടേറെ രാത്രികളിൽ ഉറക്കം കളഞ്ഞ് ഞങ്ങളുടെ പോന്നോമനയ്ക്ക് വേണ്ടി കാത്തിരുന്നതിന്. എന്റെ തിരക്കുകൾ മനസിലാക്കി ആശുപത്രികളിൽ പോയി കുഞ്ഞിന് വേണ്ടി ജീവിതം ചിട്ടപ്പെടുത്തിയതിന്. എന്റെ അസ്സാന്നിധ്യത്തിലും കുഞ്ഞിന് വേണ്ടി പ്രാർത്ഥിച്ചതിന്. അവസാനം പ്രസവമേശയിൽ മണിക്കൂറുകൾ വേദനയോടെ നിലവിളിച്ചപ്പോഴും ഞങ്ങളുടെ കുഞ്ഞിന് വേണ്ടി ആ കഷ്ടപ്പാടുകൾ മുഴുവൻ അനുഭവിച്ചതിന്. ഞങ്ങളുടെ ജീവിതത്തിന് ദൈവം തന്ന ഈ അനുഗ്രഹത്തെ വേദനയോടെ കൈകൊണ്ട എന്റെ പ്രിയപ്പെട്ട നല്ല പാതിക്ക് എല്ലാ നന്ദിയും അർപ്പിക്കുന്നു...