pattambi-court-2

 

പതിനാലുകാരിക്ക് നേരെയുണ്ടായ ലൈംഗികാതിക്രമത്തില്‍ ഇരുപത്തി രണ്ടുകാരന് കഠിനതടവും പിഴയും. പാലക്കാട് തേങ്കുറിശ്ശി സ്വദേശി നിത്യനാണ് പട്ടാമ്പി പോക്സോ അതിവേഗ കോടതി 24 വർഷം കഠിനതടവും ഒന്നേ മുക്കാല്‍ ലക്ഷം രൂപ പിഴയും വിധിച്ചത്. 2021 ഓഗസ്റ്റിലായിരുന്നു പെണ്‍കുട്ടിക്കെതിരായ അതിക്രമം. സൗഹൃദം നടിച്ച് പതിനാലുകാരിയെ നിത്യന്‍ ചൂഷണം ചെയ്യുകയായിരുന്നു. വിവിധ വകുപ്പുകളിലായി നിത്യന്‍ ഇരുപത്തി നാല് വര്‍ഷം കഠിനതടവ് അനുഭവിക്കണം. ഒന്നേമുക്കാല്‍ ലക്ഷം രൂപ പിഴയുമൊടുക്കണം. പിഴത്തുക അതിജീവിതയ്ക്ക് നല്‍കാനും പട്ടാമ്പി അതിവേഗ കോടതി ജഡ്ജി സതീഷ് കുമാര്‍ വിധിച്ചു. 

 

ഒറ്റപ്പാലം പൊലീസ് സ്റ്റേഷനിലെ ഇന്‍സ്പെക്ടറായിരുന്ന ബാബുരാജ്, സബ് ഇന്‍സ്പെക്ടര്‍ ശിവശങ്കരന്‍ എന്നിവരാണ് 2022 ജനുവരിയില്‍ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. 22 രേഖകള്‍ ഹാജരാക്കുകയും ഇരുപത് സാക്ഷികളെ വിസ്തരിക്കുകയും ചെയ്തു. ഫൊറന്‍സിക് പരിശോധനഫലം ഉള്‍പ്പെടെ കേസില്‍ നിര്‍ണായക തെളിവായി. പ്രോസിക്യൂഷന് വേണ്ടി അഡ്വക്കേറ്റ് നിഷ വിജയകുമാര്‍ ഹാജരായി. നടപടികള്‍ പൂര്‍ത്തിയാക്കി നിത്യനെ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി.

 

Pattambi pocso case verdict