കൊറിയ ഓപ്പണ്‍ സൂപ്പര്‍ സീരീസ് കിരീടം പി.വി.സിന്ധുവിന്. ജപ്പാന്റെ ലോകചാംപ്യന്‍ നൊസോമി ഒക്കുഹാരയെ വാശിയേറിയ മൂന്ന് ഗെയിം നീണ്ട പോരാട്ടത്തില്‍ തോല്‍പ്പിച്ചാണ് സിന്ധുവിന്റെ കിരീടനേട്ടം. ലോകചാംപ്യന്‍ഷിപ്പിലെ തോല്‍വിക്കുള്ള മധുരപ്രതികാരമായി സിന്ധുവിന് കൊറിയ ഓപ്പണ്‍ കിരീടം.
ഒരുമാസം തികഞ്ഞില്ല. അതിന് മുമ്പുതന്നെ പുസര്‍ല വെങ്കിട്ട സിന്ധു ലോകചാംപ്യന്‍ഷിപ്പിലെ തോല്‍വിയുടെ ഭാരമിറക്കി. അന്ന് കലങ്ങിയ കണ്ണുകളുമായി വെള്ളി മെഡല്‍ കഴുത്തിലിട്ടവള്‍ ഇന്ന് സ്വര്‍ണത്തേക്കാള്‍ തിളക്കമുള്ള ചിരിയുമായി തങ്കപതക്കമണിഞ്ഞു.
ഗ്ലാസ്ഗോയിലേതു പോലെ തന്നെ ആവേശക്കാറ്റ് വീശിയടിച്ചു ബാഡ്മിന്റന്‍കോര്‍ട്ടില്‍. ലീഡ് മാറിമറിഞ്ഞ ആദ്യഗെയിം. റാലികള്‍ പതിവാക്കി ഇരുവരും. 18-20ന് പിന്നിലായിരുന്ന സിന്ധു പൊരുതിയെത്തിയാണ് 22-20ന് ആദ്യംഗെയിം സ്വന്തമാക്കിയത്.
രണ്ടാം ഗെയിമില്‍ ലോകചാംപ്യന് മുന്നില്‍ സിന്ധു പതറി. 11-21ന് ഗെയിം നഷ്ടമായതോടെ ആവേശപ്പോര് മൂന്നാം ഗെയിമിലേക്ക്. സമ്മര്‍ദ്ദം മാറ്റിവച്ച സിന്ധു ഉഗ്രന്‍ പ്ലേസിങ്ങുകളിലൂടെയാണ് ഒക്കുഹാരയെ പിന്നിലാക്കിയത്. സിന്ധുവിന്റെ മൂന്നാമത്തെ സൂപ്പര്‍ സീരീസ് വിജയമാണിത്.