കാന്‍പൂര്‍ ഏകദിനത്തില്‍ ന്യൂസീലന്‍ഡിനെതിരെ ഇന്ത്യയ്ക്ക് ആറ് റണ്‍സിന്റെ ജയം. 2-1ന് പരമ്പര നേടിയ ഇന്ത്യ തുടര്‍ച്ചയായ ഏഴ് പരമ്പര ജയങ്ങളെന്ന റെക്കോര്‍ഡും സ്വന്തമാക്കി. രോഹിത് ശര്‍മ്മ മാന്‍ ഓഫ് ദ മാച്ചായപ്പോള്‍ പരമ്പരയില്‍ രണ്ട് സെഞ്ചുറികള്‍ സ്വന്തമാക്കിയ വിരാട് കോഹ്‌ലിയാണ് മാന്‍ ഓഫ് ദ സീരിസ്.
തുടര്‍ച്ചയായ ഏഴാം പരമ്പര ജയമെന്ന റെക്കോര്‍ഡഡാഘോഷിച്ചാണ് ഇന്ത്യ കാന്‍പൂരില്‍ നിന്ന് കയറിയത്, ആദിയോടന്തം വിജയം ഇരുപക്ഷത്തേക്കും മാറിമറിഞ്ഞ മല്‍സരത്തില്‍ ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് 14 റണ്‍സെടുത്ത ശിഖര്‍ ധവാനെ തുടക്കത്തിലേ നഷ്ടമായി. രണ്ടാം വിക്കറ്റില്‍ രോഹിത് ശര്‍മ്മയും വിരാട് കോഹ്‌ലിയും ചേര്‍ന്ന് ഇന്ത്യയെ സുരക്ഷിത സ്കോറിലെത്തിച്ചു. കരിയറിലെ 15ാം ഏകദിന സെഞ്ചുറി കണ്ടെത്തിയ രോഹിത് ശര്‍മ്മ കലണ്ടര്‍ വര്‍·ഷത്തില്‍ ആയിരം റണ്‍സും പിന്നിട്ടു. പിന്നാലെ കരിയറിലെ 32ാം സെഞ്ചുറി നേടിയ കോഹ്‌ലി കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും കുടുതല്‍ റണ്‍സ് നേടുന്ന താരമായി. വേഗത്തില്‍ 9000 റണ്‍സ് ക്ലബിലും കോഹ്‌ലി അംഗമായി.
147 റണ്‍സ് നേടിയ രോഹിതിന്റേയും 113 റണ്‍സ് നേടിയ കോഹ്‌ലിയുടേയും സെഞ്ചുറി കരുത്തില്‍ 50 ഓവറില്‍ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തില്‍ 337 റണ്‍സെടുത്തു. ഇന്ത്യ ഉയര്‍ത്തിയ 338 റണ്‍സിന് മറുപടി പറയാനിറങ്ങിയ ന്യൂസീലന്‍ഡ് നയം വ്യക്തമാക്കി. ആദ്യ ഓവറില്‍ നേടിയത് 19 റണ്‍സ് . ഗപ്റ്റിലിനെ നഷ്ടപ്പെട്ട ശേഷമെത്തിയ വില്യംസണും മണ്‍റോയും ചേര്‍ന്ന് സ്കോറുയര്‍ത്തി. ഇരുവരേയും പുറത്താക്കി ചഹല്‍ ഇന്ത്യയെ മല്‍സരത്തിലേക്ക് മടക്കികൊണ്ടുവന്നു.
മണ്‍റോ 75ഉം വില്യംസണ്‍ 64ഉം രണ്‍സെടുത്തു. റോസ് ടെയ്‌ലറും ലഥവും ചേര്‍ന്ന് വീണ്ടും കളി കിവീസിന് അനുകൂലമാക്കി. ഇടയ്ക്കിടെ വിക്കറ്റുകള്‍ നഷ്ടമായെങ്കിലും കിവീസ് വിജയത്തോടടുത്തുകൊണ്ടിരുന്നു. 65 റണ്‍സെടുത്ത ടോം ലഥം റണ്ണൗട്ടായത് വഴിത്തിരിവായി.
ഭുവനേശ്വര്‍ കുമാര്‍ 10 ഓവറില്‍ 91 റണ്‍സ് വഴങ്ങിയപ്പോള്‍ ബുംറ 44 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റുകളും ചഹല്‍ 44 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റും നേടി. നാടകീയതകള്‍ക്കൊടുവില്‍ ഇന്ത്യയ്ക്ക് ജയം. പരമ്പരയും.