luka-mordic-t

അഭയാര്‍ഥിയില്‍ നിന്ന് ലോകവേദിയില്‍ രാജ്യത്തെ നയിക്കേണ്ട നിയോഗമാണ് ക്രൊയേഷ്യന്‍ ക്യാപ്റ്റന്‍ ലൂക്ക മോര്‍ഡിച്ചിന് കൈവന്നിരിക്കുന്നത് . ആരാധകര്‍ ക്രോയേഷ്യന്‍ ക്രൈഫ് എന്ന് വിളിക്കുന്ന മോര്‍ഡിച്ച് ലോകത്തിലെ ഏറ്റവും മികച്ച മധ്യനിരകളില്‍ ഒന്നിന്റെ ഭാഗമായാണ് റഷ്യയില്‍ എത്തുന്നത്.  

ക്രോയേഷ്യന്‍ സ്വാതന്ത്രസമര കാലത്താണ്  അഭയാര്‍ഥിയായി കൊച്ചു ലൂക്ക  യൂഗോസ്ലേവ്യയില്‍ കഴിഞ്ഞത്. സെര്‍ബ് വിപ്ലവകാരികള്‍ മുത്തച്ഛനെ തൂക്കിലേറ്റുന്ന കാണേണ്ടിവന്ന ബാല്യം.  അഭയാര്‍ഥി ക്യാംപില്‍ പന്തുതട്ടികളിച്ച ലൂക്കയെ സമീപത്തെ ക്ലബ് പരിശീലകന്‍ ഒപ്പം ചേര്‍ത്തു. ആഭ്യന്തര യുദ്ധത്തിന് ശേഷം യൂഗോസ്ലേവ്യയില്‍ നിന്ന് വേര്‍പ്പെട്ട് ക്രോയേഷ്യ സ്വതന്ത്രമായതോടെ മോര്‍ഡിച്ചിന്റെ തലവരയും മാറി. 

18ാം വയസില്‍ ബോസ്നിയല്‍ പ്രീമിയര്‍ ലീഗിലെ പ്ലേയര്‍ ഒാഫ് ദ സീസണായ മോര്‍ഡിച്ച് പിന്നെയെത്തിയത് ഇംഗ്ലീഷ് വമ്പന്‍മാരായ ടോട്ടനം ഹോട്്സപറിലേയ്ക്ക് .

ടോട്ടനം കടന്ന് റയല്‍മാഡ്രിഡില്‍ എത്തിനില്‍ക്കുന്നു മോര്‍ഡിച്ചിന്റെ കുതിപ്പ്. ബാര്‍സിലോന താരം ഇവാന്‍ റാക്കിറ്റിച്ചാണ് ക്രൊയേഷ്യന്‍ മധ്യനിരിയില്‍ മോര്‍ഡിച്ചിന്റെ പങ്കാളി . 98 ലോകകപ്പില്‍ ലോകത്തെ ഞെട്ടിച്ച കുതിപ്പിനെ വെല്ലുന്ന പ്രകടനമാണ് ലൂക്ക നയിക്കുന്ന ക്രോയേഷ്യയില്‍ നിന്ന് ആരാധകര്‍ ഇക്കുറി കാത്തിരിക്കുന്നത്.