മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം അജയ് ജഡേജ ഇനി രാജാവാകും. ഗുജറാത്തിലെ ജംനഗര്‍ നാവാനഗര്‍ രാജവംശത്തിലെ അടുത്ത കിരീടാവകാശി ജഡേജയാണ്. മഹാരാജാവ് ശത്രുശല്യസിങ്ജിയാണ് ജഡേജയെ തന്റെ കിരീടാവകാശിയായി പ്രഖ്യാപിച്ചത്. ദസറ ആഘോഷത്തിനിടെയായിരുന്നു പ്രഖ്യാപനം.
അജയ് ജഡേജയുടെ പിതാവും മുന്‍ ജാംനഗര്‍ എംപിയുമായ ദൗലത് സിങ്ജി ജഡേജയുടെ അടുത്ത ബന്ധുവാണ് ശത്രുശല്യസിങ്. മുന്‍ ക്രിക്കറ്റ് താരവും രാജാവുമായിരുന്ന രഞ്ജിത് സിങ്ജിയുടെ പിന്തുടര്‍ച്ചക്കാരാണിവര്‍. മഹാരാജാവ് ശത്രുശല്യസിങ്ജിയും മുന്‍ ക്രിക്കറ്ററാണ്. 1966–67 രഞ്ജി ട്രോഫിയില്‍ സൗരാഷ്ട്ര ടീമിന്റെ ക്യാപ്റ്റനായിരുന്നു അദ്ദേഹം.
പിതാവിന്റെ മരണത്തെത്തുടര്‍ന്ന് 1966ല്‍ ജാംനഗര്‍ രാജകിരീടം ചൂടുകയായിരുന്നു ശത്രുശല്യസിങ്ജി. നേപ്പാള്‍ രാജകുടുംബാംഗത്തെയാണ് വിവാഹം കഴിച്ചത്. പിന്നീട് വിവാഹമോചിതരായി. ഇന്ത്യയ്ക്കുവേണ്ടി 196 ഏകദിനവും 15 ടെസ്റ്റും കളിച്ചിട്ടുള്ള 51കാരന്‍ ജഡേജ പാതി മലയാളിയാണ്.
ആലപ്പുഴക്കാരി ഷാനാണ് ജഡേജയുടെ മാതാവ്. ഭാര്യ വഴിയും ജഡേജ കേരളത്തിന്റെ മരുമകനാണ് .ഭാര്യ അദിതിയുടെ അമ്മ ജനതാദള്‍ നേതാവും മലയാളിയുമായ ജയാ ജയ്റ്റ്ലിയാണ്.