neymar-acting-trolls-gif

ലോകകപ്പിലെ സ്വിറ്റ്സർലൻഡിനെതിരായ മത്സരം മുതലാണ് നെയമർ ട്രോളുകളിൽ നിറഞ്ഞുനിൽക്കുന്നത്. ഒന്നു തൊട്ടാൽ മതി, അപ്പോ വീഴും എന്നാണ് നെയ്മറിനെക്കുറിച്ച് പറയുന്നത്. കാറ്റടിച്ചാൽ കളത്തിൽ വീഴുന്ന നെയ്മറിൻറെ അഭിനയത്തിന് ഓസ്കർ കൊടുക്കണമെന്നും അഭിപ്രായമുണ്ട്.

മെക്സിക്കോക്കെതിരായ പ്രീക്വാര്‍ട്ടറിലും നെയ്മർ തന്നെ പ്രധാന ഇര. ഒരു ഗോളടിക്കുകയും രണ്ടാം ഗോളിന് വഴിയൊരുക്കുകയും ചെയ്തെങ്കിലും താരത്തെ വെറുതെ വിടാൻ ട്രോളന്മാർ ഒരുക്കമല്ല. മെക്സിക്കൻ താരവുമായി കൂട്ടിയിടിച്ച് വീണ നെയ്മർ ഗ്രൗണ്ടിലൂടെ ഉരുണ്ടു. വീണത് ഓകെ, പക്ഷേ ആ ഉരുളൽ കുറച്ച് ഓവറായില്ലേ എന്നൊരു സംശയം.

എഴുപത്തിയൊന്നാം മിനിട്ടിൽ പരുക്കേറ്റിരുന്ന നെയ്മറിനടുത്തേക്ക് പന്തെടുക്കാൻ വരുന്ന മെക്സിക്കൻ താരം മിഗ്വെയ്ൽ  ലിയാൺ. നെയ്മറിൻറെ കണങ്കാലിൽ ചവിട്ടി പന്തെടുത്തു. വേദന കൊണ്ടു നെയ്മർ പുളഞ്ഞു. സംഗതി ഫൗള്‍ ആണ്. പക്ഷേ അത്ര വേദനയുണ്ടാകുമോ ?

ലിയാണിന് ചുവപ്പുകാർഡ് കിട്ടാനാണ് നെയ്മർ അഭിനയിച്ചത് എന്നാണ് ചിലര്‍ പറയുന്നത്. പക്ഷേ ലിയാണിന് ഒരു മഞ്ഞപോലും റഫറി കൊടുത്തില്ല.

ട്രോളുകളെ മാറ്റിനിർത്തിയാൽ ഗുരുതരമായ വിമർശനങ്ങളും നെയ്മറിനെതിരെ ഉയരുന്നുണ്ട്. ഫുട്ബോളിൻറെ ഒഴുക്കിനെ നശിപ്പിക്കുകയാണ് നെയ്മർ ചെയ്യുന്നതെന്ന് ചിലർ വിമർശിക്കുന്നു. ഈ അഭിനയം കാൽപ്പന്തുകളിക്ക് ചേര്‍ന്നതല്ലെന്നായിരുന്നു മെക്സിക്കൻ കോച്ച് ജുവാൻ കാർലോസ് ഒസോരിയോയുടെ പ്രതികരണം. ഇതുകൊണ്ടാണ് നെയ്മർ ഒരിക്കലും മെസ്സിക്കും റൊണാള്‍ഡോക്കും ഒപ്പം എത്താത്തതെന്നും ആരാധകരിൽ ചിലർ പറയുന്നു.