belgium-fans

ലോകകപ്പില്‍ 32 വര്‍ഷത്തിന് ശേഷം സെമിയില്‍ എത്തിയതിന്റെ ആഘോഷ തിമിര്‍പ്പിലാണ് ബെല്‍ജിയം. തലസ്ഥാനമായ ബ്രസല്‍സില്‍ വെള്ളിയാഴ്ച തുടങ്ങിയ ആഘോഷങ്ങള്‍ നിലച്ചിട്ടില്ല. ലോകകിരീടം എന്ന ഒരൊറ്റ ലക്ഷ്യം മാത്രമാണ് ആ ജനതയ്ക്കുള്ളത്. 

വെള്ളിയാഴ്ച ചെകുത്താന്മാരുടെ ദിവസമാണെന്ന് ചില അന്ധവിശ്വാസങ്ങളുണ്ട്. അങ്ങനെയൊരു വെള്ളിയാഴ്ചയാണ് ഫുട്ബോളില്‍ റെഡ് ഡെവിള്‍സ് എന്നു വിളിപ്പേരുള്ള ബെല്‍ജിയത്തിന് മുന്നില്‍ ബ്രസീലും അകപ്പെട്ടത്. ലുക്കാക്കുവും ഹസാര്‍ഡും ഡിബ്രൂയിനുമെല്ലാം ചുവപ്പ് ജേഴ്സിയില്‍ കളത്തിലിറങ്ങിയ രാവ്. കസാനില്‍ ചെകുത്താന്മാരുടെ താണ്ഠവമാണ് കണ്ടതെങ്കില്‍ അങ്ങ് ബെല്‍ജിയം തലസ്ഥാനമായ ബ്രസല്‍സില്‍  ആനന്ദനൃത്തമായിരുന്നു. മതിമറന്ന് ആഹ്ലാദിക്കുകയാണ് ബെല്‍ജിയം ജനത. 

വെറും ഒരു കോടി ജനങ്ങള്‍ മാത്രമുള്ള പശ്ചിമ യൂറോപ്പിലെ കൊച്ചു രാജ്യം.  1930 മുതല്‍ ലോകകപ്പില്‍ പന്ത് തട്ടി തുടങ്ങിയതാണ്. അഞ്ചു ലോകകപ്പുകളില്‍ മാത്രമാണ് യോഗ്യത നേടാതെ പോയത്. പക്ഷെ ഇത് വെറും രണ്ടാമത്തെ സെമി പ്രവേശനം. 1986ല്‍ ദൈവത്തിന്റെ ഗോള്‍ പിറന്ന വര്‍ഷമാണ് അവസാനമായി സെമിയിലെത്തിയത്.  പക്ഷെ സെമിയില്‍ ഫുട്ബോള്‍ ദൈവത്തിന്റെ സ്വന്തം ടീമിനോട് തന്നെ തോറ്റ് പുറത്താകാനായിരുന്നു വിധി. പക്ഷെ ഇത്തവണ ബെല്‍ജിയത്തിന് തോല്‍ക്കാന്‍ മനസ്സില്ല. ഇതിഹാസങ്ങള്‍ സിംഹാസനം ഉറപ്പിച്ച കാനറികള്‍ക്ക് മേലേയും ബെല്‍ജിയം മറന്നുയര്‍ന്നിരിക്കുന്നു.

ബെല്‍ജിയത്തില്‍ ആഹ്ലാദാരവങ്ങള്‍ മാത്രമാണ്. സെമി പ്രവേശനത്തിന്റെ ആഘോഷങ്ങള്‍ നിലയ്ക്കുന്നില്ല. ലോകം കീഴടക്കുകയാണ് അവരുടെ സ്വപ്നം. ഈ സുവര്‍ണ തലമുറയില്‍ അത്രമേല്‍ വിശ്വാസമാണ് ഒരു കോടിവരുന്ന ബെല്‍ജിയം ജനതയ്ക്ക്.