ഇന്ത്യയ്ക്കെതിരായ വന്‍ തോല്‍വിക്ക് പിന്നാലെ അടുത്ത മല്‍സരത്തിനൊരുങ്ങി പാക്കിസ്ഥാന്‍. 20ന് ഓസ്ട്രേലിയക്കെതിരെയാണ് പാക്കിസ്ഥാന്റെ അടുത്ത മല്‍സരം.
ഇന്ത്യയ്ക്കെതിരായ വലിയ തോല്‍വിയില്‍ നിന്ന് തിരിച്ചുവരാന്‍ കൃത്യം സമയമുണ്ട് പാക്കിസ്ഥാന്. ഇനി മല്‍സരമുള്ളത് ഇരുപതാം തിയതി മാത്രം. ബെംഗളൂരുവില്‍ അന്ന് എതിരാളികള്‍ ഓസ്ട്രേലിയയാണ്. ബോളിങ്ങിലേയും ബാറ്റിങ്ങിലേയും പ്രശ്നങ്ങളൊക്കെ പരിഹരിക്കാനുള്ള തയാറെടുപ്പിലാണ് ടീം പാക്കിസ്ഥാന്‍. ഇന്ത്യയ്ക്കെതിരായ തോല്‍വിക്ക് ശേഷം ഹോട്ടല്‍ മുറിയില്‍ ചിലവഴിച്ച ടീമംഗങ്ങള്‍ തൊട്ടടുത്ത ദിവസം ക്യാപ്റ്റന്‍ ബാബര്‍ അസമിന്റെ പിറന്നാളാഘോഷങ്ങള്‍ക്കായാണ് പുറത്തിറങ്ങിയത്.
താരങ്ങളും സപ്പോര്‍ട്ട് സ്റ്റാഫും മാത്രം ഒത്തുചേര്‍ന്ന പരിപാടിയില്‍ ബാബര്‍ കേക്കുമുറിച്ച് പിറന്നാള്‍ ആഘോഷിച്ചു. അടുത്ത മല്‍സരത്തിനായി പാക്കിസ്ഥാന്‍ ടീം ബെംഗളൂരുവിലെത്തി. 2012ന് ശേഷം ഇതാദ്യമായാണ് പാക്കിസ്ഥാന്‍ ബെംഗളൂരുവില്‍ മല്‍സരിക്കാനിറങ്ങുന്നത്. 2012ല്‍ ഇന്ത്യയ്ക്കെതിരായ ട്വന്റി ട്വന്റി മല്‍സരത്തില്‍ പാക്കിസ്ഥാനായിരുന്നു ജയം. ഇന്ത്യയുടെ ഗാര്‍ഡന്‍ സിറ്റിയായ ബെംഗളൂരുവില്‍ മുമ്പ് രണ്ട് തവണയാണ് പാക്കിസ്ഥാന്‍ ഏകദിന മല്‍സരങ്ങള്‍ കളിച്ചിട്ടുള്ളൂ. 1996 ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്ത്യയോട് തോറ്റപ്പോള്‍ 1999ലെ പെപ്സി കപ്പില്‍ ഇന്ത്യയെ തോല്‍പിച്ചു. ടൂര്‍ണമെന്റില്‍ പുതിയ തുടക്കത്തിനാണ് ടീം ലക്ഷ്യമിടുന്നതെന്നും ബെംഗളൂരുവിലെ കാലാവസ്ഥ വളരെ കൂളാണെന്നുമാണ് ടീമിന്റെ പ്രതികരണം.
Pakistan to regain confidence
വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ.