afghan-lanka-2

ഏഷ്യ കപ്പ് ക്രിക്കറ്റിലെ ആദ്യ ജയം അഫ്ഗാനിസ്ഥാന്. ശ്രീലങ്കയെ എട്ടു വിക്കറ്റിന് വീഴ്ത്തിയാണ് അഫ്ഗാൻ ടൂർണമെന്റിലെ തേരോട്ടം ആരംഭിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ലങ്ക, 19.4 ഓവറിൽ 105 റൺസിന് പുറത്തായി. മറുപടി ബാറ്റിങ്ങിൽ, വെറും 10.1 ഓവറിൽ രണ്ടു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി അഫ്ഗാനിസ്ഥാൻ ലക്ഷ്യം കണ്ടു. ശ്രീലങ്കൻ നിരയിൽ മൂന്നു ബാറ്റർമാർ മാത്രമാണ് രണ്ടക്കം കടന്നത്. ഭാനുക രാജപക്സെ (38), ചമിക കരുണരത്‌നെ(31), ധനുഷ്ക ഗുണതിലക (17) എന്നിവരാണ് അൽപമെങ്കിലും പൊരുതിയത്. മൂന്നു വിക്കറ്റ് വീഴ്ത്തിയ ഫസൽഹഖ് ഫറൂഖി, രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തിയ മുജീബുർ റഹ്മാൻ, ക്യാപ്റ്റൻ മുഹമ്മദ് നബി എന്നിവരാണ് ‘ലങ്കാദഹനം’ നടത്തിയത്. നവീൻ ഉൾ ഹഖ് ഒരു വിക്കറ്റ് വീഴ്ത്തി.

 

മറുപടി ബാറ്റിങ്ങിൽ, ഓപ്പണർമാർ മിന്നൽ വേഗത്തിൽ സ്കോർ കണ്ടെത്തി. ഹസ്രത്തുള്ള സസായ് (37*), റഹ്മാനുള്ള ഗുർബാസ് (40) എന്നിവർ ചേർന്ന് ഒന്നാം വിക്കറ്റിൽ 83 റൺസെടുത്തു. ഇബ്രാഹിം സദ്രാൻ (15), നജിബുല്ല സദ്രാൻ (2*) എന്നിങ്ങനെയാണ് മറ്റു ബാറ്റർമാരുടെ സ്കോറുകൾ