ഇന്ത്യ ശ്രീലങ്ക ഏകദിനം കാണാൻ കാര്യവട്ടത്ത് ആളെത്താതിരുന്നത് സോഷ്യൽമീഡിയയിലും വൻ ചർച്ചക്കാണ് വഴിവെച്ചത്. മത്സരത്തിനുള്ള ടിക്കറ്റിന്റെ വിനോദനികുതി കൂട്ടിയ സംഭവത്തെ ന്യായീകരിച്ച് മന്ത്രി അബ്ദുറഹിമാൻ നടത്തിയ പ്രസ്താവന വലിയ വിവാദമായിരുന്നു. നികുതി കുറയ്ക്കില്ലെന്നും പട്ടിണി കിടക്കുന്നവരൊന്നും കളി കാണാൻ വരേണ്ടെന്നുമായിരുന്നു മന്ത്രി പറഞ്ഞത്. ഈ പ്രസ്താവനയാണ് കാര്യവട്ടം സ്പോർട്സ് ഹബ്ബ് സ്റ്റേഡിയത്തില്‍ കാണികളെത്താതിരുന്നതിനു കാരണമെന്നും ആക്ഷേപമുണ്ട്. ജനം പ്രതികരിച്ചത് മന്ത്രിയുടെ കമന്റിനോടാണെന്ന് കെസിഎയും തുറന്നടിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സോഷ്യൽമീഡിയയിൽ മന്ത്രിക്കെതിരെ പേജുകളിൽ ട്രോളുകൾ നിറയുന്നത്.
ആറാം തമ്പുരാൻ സിനിമയിലെ ലാലേട്ടന്റെ ജഗന്നാഥൻ എന്ന കഥാപാത്രം പറയുന്ന ഡയലോഗിനോട് ചേർത്താണ് മന്ത്രി പറയുന്നതായി ഡയലോഗ് ചേർത്ത് ട്രോളുകൾ നിറഞ്ഞിരിക്കുന്നത്. ഒറ്റ രാത്രി കൊണ്ട് ധാരാവി ഒഴിപ്പിച്ച ജഗന്നാഥനെന്ന കഥാപാത്രത്തോട് ഒറ്റ ഡയലോഗ് കൊണ്ട് താൻ സ്റ്റേഡിയം ഒഴിപ്പിച്ചെന്ന് മന്ത്രി പറയുന്നതായാണ് ട്രോൾ. ട്രോളിന് മികച്ച പ്രതികരണമാണ് പേജുകളിൽ ലഭിക്കുന്നത്.