thief-escape

TAGS

പത്തനാപുരം∙  കുണ്ടയത്ത് വീടിനുള്ളിൽ കുടുങ്ങിയ മോഷ്ടാവിനെ പിടികൂടി നാട്ടുകാർ. മാക്കുളത്ത് കുരിശടി തകർത്തു മോഷണ ശ്രമം. 2 മോഷണ ശ്രമങ്ങളും ഒരേ രീതിയിൽ. കുണ്ടയത്തെ വീട്ടിൽ കയറിയ കൊട്ടാരക്കരയിൽ വാടകയ്ക്ക് താമസിക്കുന്ന വഹാബ്(54) ആണ് പിടിയിലായത്. ഇയാൾ സ്ഥിരം മോഷ്ടാവാണെന്നു പൊലീസ് പറഞ്ഞു.കുണ്ടയം റെജീന മൻസിലിൽ ഹാജി രാജപ്പ റാവുത്തറുടെ വീട്ടിൽ കയറിയ മോഷ്ടാവിനെയാണ് പിടികൂടിയത്.

 

അടച്ചിട്ടിരുന്ന വീടിന്റെ ജനൽ പടികൾ അറുക്കുന്ന ശബ്ദം കേട്ടു നാട്ടുകാർ എത്തിയതാണ് മോഷണ ശ്രമം പാളാൻ കാരണം. വീട്ടുകാർ ഇല്ലാതിരുന്ന സമയത്ത് മോഷ്ടാക്കൾ അടുക്കള വാതിൽ തകർക്കാൻ ശ്രമിച്ചിരുന്നെങ്കിലും നടന്നില്ല. പിന്നീട് ജനലിന്റെ ഗ്ലാസ് പൊട്ടിച്ചു കമ്പി അറുത്ത് ഒരാൾ അകത്തു കയറി. ഈ സമയം കമ്പി അറുക്കുന്ന ശബ്ദം കേട്ട് അയൽവാസികളും എത്തി. പുറത്തു നിന്നയാൾ ഓടി രക്ഷപ്പെട്ടു. വീടിനുള്ളിലായിരുന്ന വഹാബിനെ പിടികൂടി.

 

മാക്കുളം ഹെർമോൺ ഓർത്തഡോക്സ് ദേവാലയത്തിന്റെ കുരിശടിയിലെ വൈദ്യുതി വിളക്കുകൾ ഊരി മാറ്റിയ ശേഷം ഇരുമ്പ് കതകും കോൺക്രീറ്റ് ഗ്രില്ലും തകർത്താണ് മോഷണ ശ്രമം നടന്നത്. വഞ്ചിയുടെ പൂട്ടു തകർക്കാൻ കഴിയാത്തതിനാൽ പണം നഷ്ടമായില്ല. നേരത്തെ സമീപത്തെ സെന്റ് മേരീസ് ഓർത്തഡോക്സ് ഇടവകയുടെ കുരിശടിയും തകർത്തു മോഷണ ശ്രമം നടന്നിരുന്നു.വികാരി ഫാ.ഷിജു ബേബി, ഭാരവാഹികളായ മാത്യു ജോസഫ്, ഉമ്മൻ തോമസ് എന്നിവർ പൊലീസിൽ പരാതി നൽകി.