finlandwb

TAGS

തെരുവുനായശല്യത്തില്‍ കേരളം വീര്‍പ്പുമുട്ടുമ്പോള്‍ തെരുവുനായ പോയിട്ട് വളര്‍ത്താന്‍ പോലും ആവശ്യത്തിന് നായയെ കിട്ടാത്ത ഒരു രാജ്യത്തെക്കുറിച്ച് അറിയാം. ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യമായ ഫിന്‍ലാന്‍ഡില്‍ നായ്ക്കളും സന്തോഷത്തിലാണ്. നിയമവും കരുതലും സന്നദ്ധസംഘടനകളും ഒരുപോലെ ശക്തമായ ഫിന്‍ലന്‍ഡില്‍ വളര്‍ത്തുനായയെ കിട്ടാനും കടമ്പകളേറെയുണ്ട് .

നായ്ക്കളെ തെരുവിലെത്തിക്കാതിരിക്കാനുള്ള കരുതലാണ് പ്രധാനം. വളര്‍ത്തുനായയെ ഉപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അംഗീകൃത സംഘടനകളെ അറിയിക്കുകയാണ് വേണ്ടത്. സന്നദ്ധപ്രവര്‍ത്തകരെത്തി നായയെ അഭയകേന്ദ്രത്തിലേക്ക് മാറ്റും. മൃഗഡോക്ടറുടെയും സാന്നിധ്യത്തില്‍ നായയെ പരിശോധിച്ച് വാക്സിനേഷന്‍, വന്ധ്യംകരണം, മൈക്രോചിപ്പിങ് എന്നിവ ഉറപ്പുവരുത്തും. നായ ആരോഗ്യവാനാണെങ്കില്‍ വീണ്ടും ദത്തുനല്‍കും. അതിന് ആവശ്യക്കാര്‍ ധാരാളമുള്ള നാടാണ് ഫിന്‍ലന്‍ഡ്. ഇനി തെരുവില്‍ ഒരു നായയെ കണ്ടെത്തിയാലും സന്നദ്ധ പ്രവര്‍ത്തകരെ അറിയിച്ചാല്‍ മതി. അവരെത്തി ഏറ്റെടുക്കും. ആര്‍ക്കും എവിടെനിന്നും നായയെ വാങ്ങി വളര്‍ത്താനുള്ള അനുമതി രാജ്യത്തില്ല. റജിസ്്റ്റര്‍ ചെയ്ത ബ്രീഡര്‍മാര്‍ വഴി മാത്രമേ നായ്ക്കളെ വാങ്ങാന്‍ കഴിയൂ. അതും വാക്സിനേഷനും, വന്ധ്യംകരണവും, മൈക്രോചിപ്പും ഉറപ്പുവരുത്തിയ ശേഷം മാത്രം. ഇഷ്ടമുള്ള നായയെ വളര്‍ത്താനുള്ള സ്വാതന്ത്ര്യവും ഇല്ല. വളര്‍ത്താന്‍ ആഗ്രഹിക്കുന്നയാളുടെ സാമ്പത്തിക, സാമൂഹിക ചുറ്റുപാടും വീട്ടിലെ സൗകര്യങ്ങളും വിലയിരുത്തിയാണ് ഏത് ഇനം നല്‍കണമെന്ന് തീരുമാനിക്കുന്നത്.