baby-cataract

TAGS

ആരുഷ് എന്ന പേരിന് സൂര്യന്റെ ആദ്യകിരണങ്ങൾ എന്നാണർഥം. നെടുങ്കണ്ടം മുണ്ടിയെരുമ തട്ടാരുമുറിയിൽ ആര്യയുടെയും ബിബിന്റെയും മകനായ ആരുഷ് ഇന്നലെയാണ് ആ പേരിന്റെ അർഥമറിഞ്ഞത്. 2 കണ്ണിനും തിമിരം ബാധിച്ച 4 മാസം പ്രായമുള്ള ആരുഷിന്റെ ശസ്ത്രക്രിയ കോട്ടയം മെഡിക്കൽ കോളജിൽ വിജയമായി. കണ്ണിൽ പതിച്ച ആദ്യകിരണങ്ങളിൽ അമ്മ ആര്യയെ കണ്ട അവൻ പുഞ്ചിരിച്ചു.

‘വെളിച്ചം കാത്ത് രണ്ടു കുരുന്നുകൾ’ എന്ന മനോരമ വാർത്തയെത്തുടർന്നുള്ള സുമനസ്സുകളുടെ ഇടപെടലിലാണ് ആരുഷിനു വെളിച്ചത്തിലേക്കു വഴിയൊരുങ്ങിയത്. ഇന്നലെ വരെ എപ്പോഴും കരച്ചിലായിരുന്ന ആരുഷ് കാഴ്ച ലഭിച്ചതോടെ ആര്യയെ നോക്കിയിരുന്ന് ചിരിയാണ്. പ്രായമായവരിലാണു കൂടുതലെങ്കിലും കുട്ടികളെയും ബാധിക്കാറുള്ള തിമിരം ആരുഷിന്റെ സഹോദരനായ ലിബിനുമുണ്ട്.

എന്നാൽ, ലിബിന്റെ ചികിത്സയ്ക്കുള്ള തുക കണ്ടെത്താൻ കുടുംബത്തിനു കഴിഞ്ഞിട്ടില്ല. മുണ്ടിയെരുമ ഗവ. എൽപി സ്കൂളിൽ ഒന്നാം ക്ലാസ് വിദ്യാർഥിയായ ലിബിന് വലിയ അക്ഷരങ്ങൾ മാത്രമേ വായിക്കാനാകൂ. ചികിത്സ നൽകിയാൽ ലിബിനും കാഴ്ച തിരികെ ലഭിക്കും. കണ്ണിൽ ലെൻസ് ഘടിപ്പിക്കുന്നതിനു 2 ലക്ഷം രൂപ ചെലവു വരും. തുക കണ്ടെത്താൻ വിഷമിക്കുകയാണ് നിർധന കുടുംബം.

ബിബിന്റെ കൂലിപ്പണിയാണ് കുടുംബത്തിന്റെ ഏക വരുമാനമാർഗം. സ്വന്തമായി വീടില്ല, 4000 രൂപ മാസവാടകയ്ക്കാണ് താമസം. ആര്യയ്ക്കും ബിബിനുമുണ്ട് കാഴ്ചക്കുറവ്.