catsclow

വീടിന് ചുറ്റും മഞ്ഞ വർണവസന്തമൊരുക്കി പൂത്ത ക്യാറ്റ്സ് ക്ലോ ചെടി കാഴ്ചക്കാരെ ആകർഷിക്കുന്നു. തൊടുപുഴ സ്വദേശി അഫ്സലിന്റെ വീട്ടുമതിലിലാണ് മനോഹര കാഴ്ച.

രണ്ടുവർഷം മുൻപ് നട്ടുപിടിപ്പിച്ചപ്പോൾ അഫ്സലും കുടുംബവും ഇത്രയും പ്രതീക്ഷിച്ചില്ല. കാണുന്നവരൊക്കെ വീട്ടിലേക്ക് കൗതുകത്തോടെ നോക്കുകയാണ്. ഒരു വശത്തുനിന്ന് വളർന്നു തുടങ്ങിയ ക്യാറ്റ്സ് ക്ലോ ചെടി മതിലും സമീപത്തെ മരവും കടന്ന് ഔട്ട് ഹൗസ് വരെയെത്തി. 

ഒരാഴ്ച മുൻപ് മൊട്ടിട്ട ചെടിയാണ് മഞ്ഞ വസന്തം തീർക്കുന്നത്. വർഷത്തിൽ രണ്ടു തവണയാണ് ക്യാറ്റ്സ് ക്ലോ പൂക്കുക. ഏഴ് മുതൽ പത്ത് ദിവസം വരെ പൂ വാടാതെ നിൽക്കും. ശിഖരത്തിന്റെ അഗ്രഭാഗം പൂച്ചയുടെ നഖം പോലെ തോന്നിക്കുമെന്നതിനാലാണ് ചെടിക്ക് ക്യാറ്റ്സ് ക്ലോ എന്ന പേര് ലഭിച്ചതത്രേ.

ക്യാറ്റ്സ് ക്ലോ കൂടാതെ വിവിധയിനം പൂച്ചെടികളുടെയും ചെറു മരങ്ങളുടേയും വിപുലമായ ശേഖരം തന്നെയുണ്ട് കാഞ്ഞിരമറ്റം വേഴപ്പിള്ളിൽ അഫ്സലിന്റെ വീട്ടിൽ.