ഒരു ചിരിക്ക് പിന്നിലെ നിഗൂഢതകള്‍ തേടുകയാണ് സൈബര്‍ ലോകം. ‘ഭ്രമയുഗ’ത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തുവന്നതോടെ മമ്മൂട്ടിയുടെ അമ്പരപ്പിക്കുന്ന ലുക്കും ചിരിയും സജീവ ചര്‍ച്ചയായി. വിധേയൻ സിനിമയിലെ ഭാസ്ക്കരപട്ടേലരുമായി താരതമ്യപ്പെടുത്തി ഒട്ടേറെ പേര്‍ രംഗത്തെത്തി. പഴയ മമ്മൂട്ടി പുതിയ മമ്മൂട്ടി എന്നൊന്നില്ല ഇപ്പോഴുള്ള മമ്മൂട്ടി എങ്ങനെയാണോ അതാണ് ഏറ്റവും മികച്ച മമ്മൂട്ടി എന്ന് ഒരിക്കല്‍ കൂടി തെളിയിക്കുകയാണ് അദ്ദേഹം. ഭ്രമയുഗം പറയുന്ന വിഷയത്തെ കുറിച്ചോ കഥ നടക്കുന്ന കാലത്തെ കുറിച്ചോ ഒരു സൂചനകളും പുറത്തുവന്നിട്ടില്ല. എന്നിട്ടും കേവലം ഒരു ചിരി കൊണ്ട് അദ്ദേഹം അമ്പരപ്പിക്കുകയാണ് എന്നാണ് കമന്റുകള്‍.
‘ഭൂതകാലം’ എന്ന ഹൊറർ ചിത്രത്തിലൂടെ ശ്രദ്ധേയനായ രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഭ്രമയുഗം’. വൈ നോട്ട് സ്റ്റുഡിയോസും നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസും ആദ്യമായി നിര്‍മിക്കുന്ന മലയാള ചിത്രം കൂടിയാണിത്. ഹൊറർ ത്രില്ലർ സിനിമകൾക്കു മാത്രമായി ആരംഭിച്ചിരിക്കുന്ന പ്രൊഡക്‌ഷൻ ഹൗസ് ആണ് നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്.
കൊച്ചിയും ഒറ്റപ്പാലവുമാണ് ‘ഭ്രമയുഗ’ത്തിന്റെ പ്രധാന ലൊക്കേഷനുകൾ. അർജുൻ അശോകൻ, സിദ്ധാർഥ് ഭരതൻ, അമൽദ ലിസ് എന്നിവരും ചിത്രത്തിൽ വേഷമിടുന്നു. ഷെഹനാദ് ജലാൽ ആണ് ഛായാഗ്രഹണം. എഡിറ്റിങ്: ഷഫീക്ക് മുഹമ്മദ് അലി. ക്രിസ്റ്റോ സേവ്യർ ആണ് ചിത്രത്തിനു വേണ്ടി സംഗീതമൊരുക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ ഒരേസമയമായിരിക്കും ‘ഭ്രമയുഗ’ത്തിന്റെ റിലീസ്.