SecondVandeBharathFlagOff

കേരളത്തിന് ലഭിച്ച രണ്ടാം വന്ദേഭാരത് ഉള്‍പ്പെടെ 11 സംസ്ഥാനങ്ങളിലായി സര്‍വീസ് നടത്തുന്ന ഒമ്പത് വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനുകളാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്ലാഗ് ഓഫ് ചെയ്തത്. പുതിയ സര്‍വീസുകള്‍ യാത്രാ സമയം കുറയ്ക്കുകയും സംസ്ഥാനങ്ങള്‍ തമ്മിലുള്ള കണക്റ്റിവിറ്റി വര്‍ധിപ്പിക്കുകയും ചെയ്യും. വിനോദ സഞ്ചാര കേന്ദ്രങ്ങളെയും തീര്‍ഥാടക കേന്ദ്രങ്ങളെയും ബന്ധിപ്പിക്കുന്നതായിരിക്കും സര്‍വീസുകള്‍. പുതിയ ഒന്‍പത് വന്ദേഭാരത് സര്‍വീസുകളെയും റൂട്ടുകളെയും കുറിച്ച് അറിയേണ്ടതെല്ലാം...

 

1. കാസർകോട് - തിരുവനന്തപുരം വന്ദേ ഭാരത് എക്സ്പ്രസ്

 

കേരളത്തിന് അനുവദിച്ച രണ്ടാമത്തെ വന്ദേഭാരത് ട്രെയിനാണ് കാസർകോട്- തിരുവനന്തപുരം വന്ദേ ഭാരത് എക്‌സ്പ്രസ്. ഏഴു മണിക്കൂര്‍ 46 മിനിറ്റ് മാത്രമെടുത്താണ് രണ്ടാം പരീക്ഷണ ഓട്ടത്തില്‍ കാസര്‍കോട് നിന്ന് തിരുവനന്തപുരത്തേക്ക് വന്ദേഭാരത് ഓടിയെത്തിയത്. 8 മണിക്കൂര്‍ 5 മിനിറ്റാണ് ലക്ഷ്യമിടുന്നത്. രാവിലെ 7 ന് കാസർകോട് നിന്നും വൈകിട്ട് 4.05 ന് തിരുവനന്തപുരത്തു നിന്നുമാണ് സർവീസ് തുടങ്ങുന്നത്. ആലപ്പുഴ വഴിയായിരിക്കും പുതിയ ട്രെയിനിന്‍റെ സര്‍വീസ്. അതേസമയം രണ്ടാം വന്ദേഭാരതിന് തിരൂരിലും സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. കണ്ണൂര്‍, കോഴിക്കോട്, ഷൊര്‍ണൂര്‍, തൃശൂര്‍, എറണാകുളം ജംക്‌ഷന്‍, ആലപ്പുഴ, കൊല്ലം എന്നിവയാണ് മറ്റു സ്റ്റോപ്പുകള്‍.

Vandhebharathnew02

 

2. തിരുനെൽവേലി-മധുര-ചെന്നൈ വന്ദേ ഭാരത് എക്‌സ്‌പ്രസ്

 

തിരുനെൽവേലി, മധുര എന്നീ പട്ടണങ്ങളെ ചെന്നൈയുമായി ബന്ധിപ്പിക്കുന്ന ട്രെയിനാണിത്. തമിഴ്നാട്ടിലൂടെയുള്ള മൂന്നാം വന്ദേ ഭാരതും, പൂർണമായി സംസ്ഥാനത്തിനകത്ത് ഓടുന്ന രണ്ടാം വന്ദേ ഭാരതുമാണിത്. ഇതോടെ ഇവിടേക്കുള്ള യാത്രാ സമയത്തില്‍ മൂന്ന് മണിക്കൂറിലധികം കുറവുവരികയും ചെയ്യും. ചെന്നൈ എഗ്മോറിൽ നിന്നും തിരുനെൽവേലി റൂട്ടിലാണ് സർവീസ്. തിരുനെൽവേലി ജംഗ്ഷനിൽ നിന്ന് പുറപ്പെടുന്ന ട്രെയിനിന് വിരുദുനഗർ, മധുര, ദിണ്ടിഗൽ, തിരുച്ചിറപ്പള്ളി എന്നിവിടങ്ങളിൽ ഉൾപ്പെടെ സ്റ്റോപ്പുകളാണുള്ളത്. തിരുനെൽവേലി- മധുര തീർഥാടകർക്ക് ട്രെയിന്‍ ഏറെ ഉപയോഗപ്രദമാകും. പുതിയ ട്രെയിൻ വരുന്നതോടെ 12 മണിക്കൂർ ആയിരുന്ന റൂട്ടിലെ യാത്രാസമയം, 8 മണിക്കൂറായി കുറയും. തിരുനെൽവേലിൽ നിന്നും രാവിലെ 6 ന് പുറപ്പെടുന്ന ട്രെയിൻ ഉച്ചയ്ക്ക് 1.50 ന് ചെന്നൈ എഗ്മോറിലെത്തും. മടക്ക യാത്ര 2.50 ന് ആരംഭിച്ച് 10.40 ന് തിരുനെൽവേലിയിൽ അവസാനിക്കും. 

Vandhebharathnew03

 

3. വിജയവാഡ– ചെന്നൈ വന്ദേഭാരത് എക്സ്പ്രസ്

 

തമിഴ് നാടിനെയും ആന്ധ്രാപ്രദേശിലെ വിജയവാഡയെയും ബന്ധിപ്പിക്കുന്ന ട്രെയിന്‍ സര്‍വീസാണിത്. റെനിഗുണ്ട റൂട്ടിൽ സഞ്ചരിക്കുന്ന ട്രെയിന്‍ തിരുപ്പതി തീർഥാടന കേന്ദ്രത്തെയും ബന്ധിപ്പിച്ചാണ് ആവിഷ്കരിച്ചിരിക്കുന്നത്. വിജയവാഡയ്ക്കും ചെന്നൈയ്ക്കും ഇടയിൽ തെനാലി, ഓംഗോൾ, നെല്ലൂർ, ആന്ധ്രാപ്രദേശിലെ റെനിഗുണ്ട എന്നിവിടങ്ങളിലൂടെ ട്രെയിന്‍ കടന്നുപോകും. 

Vandhebharathnew01

 

4. ഹൈദരാബാദ്– ബെംഗളൂരു വന്ദേ ഭാരത് എക്സ്പ്രസ്

 

ഹൈദരാബാദിലെ കച്ചെഗുഡയ്ക്കും ബെംഗളൂരുവിലെ യശ്വന്ത്പൂരിനുമിടയിലായിരിക്കും ഹൈദരാബാദ്– ബെംഗളൂരു വന്ദേ ഭാരത് എക്സ്പ്രസിന്‍റെ സര്‍വീസ്. മഹബൂബ്‌നഗർ, കർണൂൽ, അനന്തപൂർ, ധരംവരം എന്നീ സ്റ്റേഷനുകളിൽ സ്റ്റോപ്പ് ഉണ്ടായിരിക്കും. 530 പേർക്ക് ഇരുന്ന് യാത്ര ചെയ്യാവുന്ന ട്രയിനില്‍ ഒരു എക്‌സിക്യൂട്ടീവ് ക്ലാസും ഏഴ് ചെയർ കാർ കോച്ചുകളുമുണ്ടാകും.

vande-bharat-2

 

5. ഉദയ്പൂർ- ജയ്പൂർ വന്ദേ ഭാരത് എക്സ്പ്രസ്

 

രാജസ്ഥാനിലെ മൂന്നാമത്തെ വന്ദേ ഭാരത് എക്സ്പ്രസാണിത്. ഉദയ്പൂരിനും ജയ്പൂരിനും ഇടയിലുള്ള കണക്റ്റിവിറ്റി വര്‍ധിപ്പിക്കാന്‍ പുതിയ ട്രെയിന്‍ സഹായിക്കും. നിലവിൽ ഇതേ റൂട്ടിൽ സർവീസ് നടത്തുന്ന ഏറ്റവും വേഗതയേറിയ ട്രെയിനിനേക്കാൾ 30 മിനിറ്റ് വേഗത്തിലായിരിക്കും ട്രെയിന്‍ സഞ്ചരിക്കുക. ജോധ്പൂർ-സബർമതി വന്ദേഭാരത് എക്സ്പ്രസ്, അജ്മീർ-ഡൽഹി വന്ദേ ഭാരത് എക്‌സ്പ്രസ് എന്നിവയാണ് രാജസ്ഥാനിലെ മറ്റ് വന്ദേ ഭാരത് എക്സ്പ്രസുകള്‍. 

 

6. പട്ന– ഹൗറ വന്ദേഭാരത് എക്സ്പ്രസ്

 

ബീഹാറിലെ പട്‌നയെ പശ്ചിമ ബംഗാളിലെ ഹൗറയുമായി ബന്ധിപ്പിക്കുന്ന ട്രെയിന്‍ സര്‍വീസാണിത്. 6 മണിക്കൂറും 35 മിനിറ്റും കൊണ്ട് 532 കിലോമീറ്റർ ദൂരം ട്രെയിന്‍ സഞ്ചരിക്കും. പട്‌ന സാഹിബ്, മൊകാമ, ലക്കീസരായ് ജംഗ്ഷൻ, ജാസിദിഹ്, ജംതാര, അസൻസോൾ, ദുർഗാപൂർ എന്നിവിടങ്ങളിൽ ട്രെയിനിന് സ്റ്റോപ്പ് ഉണ്ടായിരിക്കും.

 

7. റൂര്‍ക്കേല– ഭൂവനേശ്വര്‍– പുരി വന്ദേ ഭാരത് എക്സ്പ്രസ്

 

ഒഡീഷയിലെ പുരിയിൽ നിന്ന് രാവിലെ 5 മണിക്ക് പുറപ്പെടുന്ന ട്രെയിന്‍ ഉച്ചയ്ക്ക് 12:45 ന് റൂർക്കേലയിലെത്തും. തിരിച്ച് ഉച്ചയ്ക്ക് 2 മണിക്ക് റൂർക്കലയിൽ നിന്ന് പുറപ്പെട്ട് രാത്രി 9 മണിക്ക് പുരിയിൽ എത്തിച്ചേരുകയും ചെയ്യും. ഖുർദ റോഡ്, ഭുവനേശ്വർ, കട്ടക്ക്, ധേൻകനൽ, അംഗുൽ, സംബൽപൂർ സിറ്റി, ജാർസുഗുഡ എന്നിവിടങ്ങളിൽ ട്രെയിനിന് സ്റ്റോപ്പുണ്ടാകും.

 

8. റാഞ്ചി - ഹൗറ വന്ദേ ഭാരത് എക്സ്പ്രസ്

 

ജാർഖണ്ഡിന്റെയും പശ്ചിമ ബംഗാളിന്റെയും തലസ്ഥാന നഗരങ്ങളെ ബന്ധിപ്പിക്കുന്ന ഏറ്റവും വേഗതയേറിയ ട്രെയിനായിരിക്കും റാഞ്ചി-ഹൗറ വന്ദേ ഭാരത് എക്‌സ്പ്രസ്. ചൊവ്വാഴ്ച ഒഴികെ മറ്റെല്ലാ ദിവസവും സര്‍വീസ് നടത്തുന്ന ട്രെയിന്‍ റാഞ്ചിയിൽ നിന്ന് രാവിലെ 5:15ന് പുറപ്പെട്ട് ഉച്ചയ്ക്ക് 12:20ന് ഹൗറയിലെത്തും. തിരിച്ച് ഹൗറയിൽ നിന്ന് ഉച്ചകഴിഞ്ഞ് 3:45 ന് ആരംഭിച്ച് രാത്രി 10:50 ന് റാഞ്ചിബാത്തിലെത്തുന്നതോടെ യാത്ര അവസാനിക്കും. മുരി, കോട്‌ഷില, പുരുലിയ, ചാൻഡിൽ, ടാറ്റാനഗർ, ഖരഗ്പൂർ എന്നിവിടങ്ങളിൽ സ്റ്റോപ്പുകളുണ്ടായിരിക്കും.

 

9. ജാംനഗർ-അഹമ്മദാബാദ് വന്ദേ ഭാരത് എക്‌സ്‌പ്രസ്

 

ജാംനഗറില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ 4 മണിക്കൂർ 40 മിനിറ്റിനുള്ളിൽ 331 കിലോമീറ്റർ പിന്നിട്ട് അഹമ്മദാബാദിലെത്തും. ജാംനഗറിൽ നിന്ന് 5:30 ന് പുറപ്പെട്ട് രാജ്‌കോട്ട്, വാങ്കനീർ, സുരേന്ദ്രനഗർ, വിരാംഗം, സബർമതി വഴി രാവിലെ 10:10 ന് അഹമ്മദാബാദിലെത്തും.

All you needed to know about  9 New Vande Bharat Trains