ഒരു എട്ടംഗ കുടുംബത്തിന്‍റെ ബൈക്ക് യാത്രയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടുന്നത്. രണ്ടുപേര്‍ മാത്രം ഇരുന്ന് യാത്ര ചെയ്യേണ്ട ബൈക്കില്‍ ഒരേ സമയം എട്ടുപേരടങ്ങുന്ന കുടുംബം യാത്ര ചെയ്യുന്നത് കണ്ട് അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിയിരിക്കുകയാണ് സോഷ്യല്‍ ലോകം. ഇത് ബൈക്കോ സഞ്ചരിക്കുന്ന വീടോ എന്നാണ് വിഡിയോ കണ്ടവരുടെ ചോദ്യം. ട്രാഫിക് സബ് ഇൻസ്‌പെക്ടർ ദിനേശ് പട്ടേലിന്‍റെ നേതൃത്വത്തിൽ സ്ഥിരം പരിശോധന നടത്തുന്നതിനിടെയാണ് ഈ അതിഹാസഹിക യാത്ര ശ്രദ്ധയില്‍പ്പെട്ടത്. പൊലീസുകാരന്‍ ബൈക്ക് നിര്‍ത്താന്‍ ആവശ്യപ്പെടുന്നത് മുതലുളള കാര്യങ്ങളാണ് വിഡിയോയിലുളളത്. അച്ഛനും അമ്മയും 6 മക്കളുമടങ്ങുന്ന കുടുംബം യാതൊരു ബുദ്ധിമുട്ടുമില്ലാതെ സുഗമമായി ബൈക്ക് യാത്ര നടത്തുന്നത് കണ്ട് ഞെട്ടിനില്‍ക്കുന്ന പൊലീസുകാരനെയും ദൃശ്യങ്ങളില്‍ കാണാം.
ബൈക്ക് ഓടിക്കുന്നത് ഗൃഹനാഥനാണ്. അദ്ദേഹത്തിന് മുന്നില്‍ പെട്രോള്‍ ടാങ്കിന് മുകളിലായി മൂന്ന് കൊച്ചുകുട്ടികളെ ഇരുത്തിയിരിക്കുന്നു. ഗൃഹനാഥന് പിന്നിലായി ഭാര്യയും അവര്‍ക്ക് പിറകിലായി വീണ്ടും 3 കുട്ടികള്‍ ഇരിക്കുന്നതും വിഡിയോയില്‍ വ്യക്തമാണ്. ഏറ്റവും പിറകിലിരിക്കുന്ന പെണ്‍കുട്ടിയുടെ കയ്യിലാണ് ഇളയകുട്ടിയിരിക്കുന്നത്. ഇതിനെല്ലാം പുറമെ സുരക്ഷാമാനദണ്ഡങ്ങളൊന്നും പാലിക്കാതെയാണ് കുടുംബത്തിന്‍റെ യാത്ര. ബൈക്ക് ഓടിക്കുന്ന ഗൃഹനാഥന്‍ ഹെല്‍മറ്റും ധരിച്ചിട്ടില്ല. എട്ടംഗ കുടുംബത്തിന്‍റെ ഈ യാത്രയെ ചോദ്യം ചെയ്യുന്നതിനൊപ്പം ഹെല്‍മറ്റ് ധരിക്കാത്തതിനെക്കുറിച്ച് പൊലീസ് ചോദിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
എട്ടുപേരെ കൂടാതെ നിരവധി സാധനസാമഗ്രികളുമായാണ് കുടുംബത്തിന്‍റെ യാത്ര. ബക്കറ്റ്, മരക്കമ്പുകള്‍, പുതപ്പ്, ടെന്‍റ് എന്നിവയെല്ലാം ബൈക്കില്‍ കെട്ടിവെച്ചിരിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. കുടുംബത്തിന്‍റെ അവസ്ഥ കണ്ട് പിഴ ഒഴിവാക്കി ഗതാഗത സുരക്ഷയെക്കുറിച്ച് മുന്നറിയിപ്പ് നൽകിയ ശേഷം ഇവരെ വിട്ടയക്കുകയായിരുന്നു. അതേസമയം വിഡിയോ വൈറലായതോടെ ഈ സാഹസിക യാത്രയെ രൂക്ഷമായി വിമര്‍ശിച്ചും പരിഹസിച്ചും നിരവധി പേരാണ് രംഗത്തെത്തുന്നത്. കുട്ടികളുടെ സുരക്ഷയെ എങ്കിലും മാനിക്കണ്ടേ എന്ന് ഒരു വിഭാഗം അഭിപ്രായപ്പെട്ടപ്പോള്‍ പൊലീസുദ്യോഗസ്ഥന്‍ യാത്ര വിലക്കണമായിരുന്നെന്ന് മറ്റൊരു വിഭാഗം കമന്‍റ് ചെയ്തു.