hybrid-10

ഇന്ത്യന്‍ ഓട്ടോമൊബൈൽ രംഗത്ത് പുതിയ വിപ്ലവത്തിനൊരുങ്ങി മാരുതി സുസുക്കി. ലിറ്ററിന് 35 മുതല്‍ 40 വരെ മൈലേജ് ലഭിക്കുന്ന പുതിയ മോഡലുകള്‍ ഇന്ത്യയില്‍ അവതരിപ്പിക്കാനാണ് കമ്പനിയുടെ നീക്കം. സുസുക്കിയുടെ സ്വന്തം ഹൈബ്രിഡ് സാങ്കേതികവിദ്യ ഉപയോഗിച്ചാകും ഞെട്ടിക്കുന്ന മൈലേജ് വാഹനങ്ങള്‍ക്ക് ലഭിക്കുക. 

 

നിലവില്‍ മികച്ച വില്‍പ്പനയുള്ള മോഡലുകളില്‍ ഈ സാങ്കേതികവിദ്യ ഉപയോഗിക്കാനാണ് കമ്പനിയുടെ നീക്കം.സുസുക്കി ഫ്രോങ്ക്സിലാകും ആദ്യം പരീക്ഷിക്കുക. പിന്നാലെ ബലേനോയിലും സ്വിഫ്റ്റിലും ഈ സാങ്കേതിവിദ്യ ഉള്‍‌പ്പെടുത്തും. സ്വന്തമായി വികസിപ്പിച്ച സാങ്കേതിക വിദ്യയായത് കൊണ്ടുതന്നെ വിലയില്‍ കാര്യമായ മാറ്റങ്ങള്‍ ഉണ്ടാകില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. എച്ച്.ഇ.വി എന്നാണ് പുതിയ  ഹൈബ്രിഡ് സീരീസിന് സുസുക്കി പേര് നല്‍കിയിരിക്കുന്നത്. എല്ലാ വാഹനങ്ങള്‍ക്കും 35 കിലോമീറ്ററിനു മുകളിലാകും മൈലേജ്. 

 

പെട്രോള്‍, ഡീസല്‍ എന്‍ജിനൊപ്പം തന്നെ ഇലക്ട്രിക് മോട്ടോറും കൂടി ചേര്‍ന്ന് വാഹനത്തെ ചലിപ്പിക്കുന്ന സംവിധാനമാണ് ഹൈബ്രിഡ് സാങ്കേതികവിദ്യ. ടൊയോറ്റയും ഹൈബ്രിഡ് സുസുക്കിയുമായി പങ്കുവെച്ചിരുന്നു. എന്നാല്‍ സ്വന്തം സാങ്കേതിക വിദ്യ വികസിപ്പിച്ചെടുക്കാനാണ് സുസുക്കിയുടെ നീക്കം. വാഹനം ഓടുമ്പോള്‍ തന്നെ ഇലക്ട്രിക് മോട്ടോറിനെ ചലിപ്പിക്കാനുള്ള ബാറ്ററി തനിയെ ചാര്‍ജാകും എന്നുള്ളതുകൊണ്ട്  പ്രത്യേകം ചാര്‍ജ് ചെയ്യേണ്ടി വരില്ല. 2015ല്‍ തന്നെ സിയാസ് എന്ന മോ‍ഡലിലൂടെ ഹൈബ്രിഡിന്‍റെ ചെറിയ പതിപ്പ്  സ്മാര്‍ട്ട് ഹൈബ്രി‍ഡ് എന്ന പേരില്‍ സുസുക്കി അവതരിപ്പിച്ചിരുന്നു. ഇതേ സാങ്കേതിക വിദ്യയെ വികസിപ്പിച്ചാണ് പുതിയ വാഹനങ്ങളില്‍‌ ഉള്‍പ്പെടുത്താന്‍ ഒരുങ്ങുന്നത്. 

 

ടൊയോറ്റയുടെ സാങ്കേതികവിദ്യ ഉപയോഗിച്ച് നിരത്തിലിറക്കിയ ഗ്രാന്‍ഡ് വിറ്റാരയ്ക്ക് ലഭിച്ച സ്വീകാര്യതയാണ് ഹൈബ്രിഡില്‍ കൂടുതല്‍ വാഹനങ്ങള്‍ ഇറക്കാന്‍ സുസുക്കിയെ പ്രേരിപ്പിച്ചത് എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

 

Maruti to launch 35kpl+ Fronx hybrid in 2025