സിറിയയിലെ െഎ.എസ് നഗരമായ റാഖാ യു.എസ് പിന്തുണയോടെ വിമതസേന പിടിച്ചടക്കി. ഖിലാഫത്തിന്റെ ആസ്ഥാനമായി പ്രഖ്യാപിച്ച റാഖ മൂന്നുവര്‍ഷമായി ഐ.എസ് കൈവശമായിരുന്നു. റാഖയിലേറ്റ തിരിച്ചടി ആഗോളതലത്തില്‍ ഐ.എസിന് കനത്തപ്രഹരമാണ്.
ഗ്രേറ്റ് ബാറ്റില്‍ എന്നു പേരിട്ട റാഖ വിമോചനപോരാട്ടം നാലുമാസം മുന്‍പാണ് തുടങ്ങിയത്. സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്സും കുര്‍ദ് സേനയും അറബ് പട്ടാളവും അമേരിക്കന്‍ സഖ്യസേനയുടെ സഹായത്തോടെ െഎ.എസിനെതിരെ പോരാടി. യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ച് റാഖയിലെ ഐ.എസ് കേന്ദ്രങ്ങള്‍ ഓരോന്നായി ബോംബിട്ട് തകര്‍ത്തു.
ആദ്യം തിരിച്ചുപിടിച്ചത് റാഖയുടെ വടക്കന്‍ പ്രദേശങ്ങളായിരുന്നു. നിരവധി ഐ.എസ് തീവ്രവാദികളെ സൈന്യം വധിച്ചു. കീഴടങ്ങാത്ത െഎഎസ് ഭീകരര്‍ക്കായി സൈന്യം വ്യാപകമായ തിരച്ചില്‍ നടത്തുന്നുണ്ട്. അന്തിമപോരാട്ടത്തിനിടെ സൈന്യത്തില്‍ നിന്ന് രക്ഷനേടാന്‍ റാഖയിലെ ആശുപത്രിയും സ്പോര്‍ട്സ് സ്റ്റേഡിയവും തീവ്രവാദികള്‍ പ്രധാന താവളങ്ങളാക്കി. ഇന്നലെ നടന്ന പോരാട്ടത്തില്‍ രണ്ട് കേന്ദ്രങ്ങളും പൂര്‍ണ്ണമായും തകര്‍ന്നു. ഇറാഖിലെ മൊസൂളില്‍ നിന്ന് തുടച്ചുനീക്കപ്പെട്ട ഐ.എസിന് റാഖയിലും തിരിച്ചടിയേറ്റത് രാജ്യാന്തരതലത്തില്‍ ഇസ്‌ലാമിക് സ്റ്റേറ്റിന്റെ ശക്തി ചോരുന്നതിന് കാരണമാകുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.