ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ ബന്ദികളാക്കിയ 39 ഇന്ത്യക്കാര്‍ ഇറാഖ് ഗ്രാമമായ ബാദുഷിയിലെ ജയിലിൽ ഉണ്ടാകാമെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. ഇറാഖ് സന്ദര്‍ശിക്കുന്ന വിദേശകാര്യ സഹമന്ത്രി വി.കെ. സിങ്ങിന് ഇക്കാര്യത്തെക്കുറിച്ച് സൂചന ലഭിച്ചതായി സുഷമ സ്വരാജ് വ്യക്തമാക്കി. ഇസ്‍ലാമിക് സ്റ്റേറ്റ് ഭീകരരും ഇറാഖി സേനയും തമ്മിൽ ഏറ്റുമുട്ടല്‍ തുടരുന്ന സ്ഥലമാണ് ബാദുഷ്.
മൊസൂൾ നഗരത്തിൽനിന്നും ഐഎസ് ഭീകരരെ ഇറാഖി സേന തുരത്തിയെങ്കിലും ഉത്തര ഇറാഖിലെ ബാദുഷ് ഗ്രാമം ഇപ്പോഴും ഭീകരരുടെ നിയന്ത്രണത്തിലാണ്. ഈ സാഹചര്യത്തിൽ ഇവിടെ നടക്കുന്ന പോരാട്ടം അവസാനിച്ചാൽ മാത്രമേ ബന്ദികളായവരെ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ അറിയാൻ കഴിയൂ.
അതേസമയം, കാണാതായവരുടെ ബന്ധുക്കളുമായി സുഷമ സ്വരാജ് ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തി. 2014 ജൂൺ 17നാണ് 39 ഇന്ത്യക്കാരെ ഇറാഖിൽ കാണാതായെന്ന് വിവരം ലഭിക്കുന്നത്.