മരിച്ചുപോയ സ്ത്രീയിൽ നിന്നും സ്വീകരിച്ച ഗർഭപാത്രത്തിൽ നിന്നും ദമ്പതികൾക്ക് കുഞ്ഞ് ജനിച്ചു. ബ്രസീലിൽ നിന്നാണ് ലോകത്തിന് പ്രതീക്ഷ നൽകുന്ന സംഭവം. മുപ്പത്തിരണ്ടുകാരിയായ യുവതിയാണ് പെൺകുഞ്ഞിന് ജൻമം നൽകിയത്. ഇവരുടെ കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.
2016 സെപ്തംബറിലാണ് യൂണിവേഴ്സിറ്റി ഒാഫ് സാവേ പോളോയിലെ ദാസ് ക്ലിനിക്കസ് ആശുപത്രിയിൽ മരിച്ച സ്ത്രീയുടെ ഗർഭപാത്രം യുവതിയ്ക്ക് മാറ്റിവച്ചത്. ജൻമനാ ഗർഭപാത്രം ഇല്ലാത്ത അവസ്ഥയിലായിരുന്നു യുവതി. 45 വയസുള്ള സ്ത്രീയുടെ ഗർഭപാത്രമാണ് 11 മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെ അന്ന് മാറ്റിവച്ചത്. ഇതിന് പിന്നാലെ 37–ാമത്തെ ദിവസം മുതൽ യുവതിയ്ക്ക് ആർത്തവമുണ്ടായി. ഐവിഎഫ് ചികിൽസയിലൂടെയാണ് യുവതി ഗർഭം ധരിക്കുകയും പെൺകുഞ്ഞിന് ജൻമം നൽകുകയും ചെയ്തത്.
പൂർണ ആരോഗ്യവാതിയായ കുഞ്ഞിന് രണ്ടരകിലോ ഭാരമുണ്ട്. മെഡിക്കൽ ജേർണലായ ദ ലാൻസെറ്റിലാണ് ഇൗ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വൈദ്യശാസ്ത്രത്തിലെ ഈ പുത്തന്‍ മുന്നേറ്റം വന്ധ്യതമൂലം വിഷമിക്കുന്ന ആയിരക്കണക്കിനാളുകള്‍ക്ക് ആശ്വാസവും പ്രതീക്ഷയും നല്‍കുകയാണ്. നിലവില്‍ 11 സ്ത്രീകള്‍ക്ക് ജീവിച്ചിരിക്കുന്ന ദാതാവില്‍നിന്ന് സ്വീകരിച്ച ഗര്‍ഭപാത്രത്തിലൂടെ ആരോഗ്യമുള്ള കുഞ്ഞ് ജനിച്ചിട്ടുണ്ട്. എന്നാല്‍ മരിച്ചയാളില്‍ നിന്ന് സ്വീകരിച്ച ഗര്‍ഭപാത്രത്തില്‍ നിന്ന് ആരോഗ്യത്തോടെ കുഞ്ഞ് ജനിക്കുന്ന ലോകത്തിലെ ആദ്യത്തെ സംഭവമാണ്.