കുട്ടി കരഞ്ഞപ്പോൾ ദേഷ്യംകൊണ്ട് കുഞ്ഞിനെ എടുത്ത് ശക്തമായി കുലുക്കി. തലയോട്ടി തകർന്ന് കുഞ്ഞ് മരിച്ചു. കേസിൽ മാതാപിതാക്കളെ അറസ്റ്റ് ചെയ്തു. യുഎസിലെ ഹൂസ്റ്റണിൽ നിന്നുള്ള ജാസൺ പോൾ റോബിൻ (24), കാതറിൻ വിൻഹാം വൈറ്റ് (21) എന്നിവരാണ് അറസ്റ്റിലായത്. 10 ആഴ്ച മാത്രം പ്രായമുള്ള ഇവരുടെ മകൾ ജാസ്മിൻ കഴിഞ്ഞ വർഷം ജൂലൈ 15–നാണു മരിച്ചത്
മാസം തികയാതെയായിരുന്നു ജാസ്മിന്റെ ജനനം. ആശുപത്രിയിൽ നിന്നു തിരിച്ചെത്തി 12 ദിവസങ്ങൾക്കു ശേഷമായിരുന്നു മരണം. തലയ്ക്കേറ്റ ഗുരുതര പരുക്കാണ് മരണകാരണമായി കണ്ടെത്തിയത്. വാരിയെല്ലിലുൾപ്പെടെ മാരക പൊട്ടലുകളും ഉണ്ടായിരുന്നു. മരണത്തിൽ അസ്വഭാവികത കണ്ടെത്തിയതിനെ തുടർന്നാണ് മാതാപിതാക്കൾക്കെതിരെ പൊലീസ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്.
കുട്ടി കരഞ്ഞപ്പോൾ ദേഷ്യം വന്ന റോബിൽ കുഞ്ഞിനെ കയ്യിലെടുത്ത് ശക്തമായി കുലുക്കിയതാണ് എല്ലു പൊട്ടാനും മറ്റ് ആഘാതത്തിലേക്കും നയിച്ചതെന്നാണ് റിപ്പോർട്ട്. ഈ കാര്യങ്ങൾ പൊലീസ് കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലും ബോധിപ്പിച്ചു. കൊലക്കുറ്റത്തിനാണ് റോബിനെതിരെ കേസെടുത്തിരിക്കുന്നത്. കുട്ടിയെ പരിചരിക്കുന്നതിലുണ്ടായ അശ്രദ്ധയ്ക്കാണു കാതറിനെതിരെ കേസ്. ചൊവ്വാഴ്ച അറസ്റ്റ് ചെയ്യപ്പെട്ട ഇവരിപ്പോൾ ഹാരിസ് കൗണ്ടിയിലെ ജയിലിലാണ്.