വാള്‍മാര്‍ട്ട് സ്റ്റോറില്‍ ഓടിനടന്ന് കട്ടക്കലിപ്പില്‍ കണ്ണില്‍ കണ്ടതെല്ലാം വാരിയെറിയുന്ന പെണ്‍കുട്ടിയുടെ വിഡിയോ വൈറലാകുന്നു. അങ്ങുമിങ്ങും സകലദിക്കിലും നടന്ന് തോന്നുന്നതെല്ലാം പെറുക്കിയെടുത്ത് എറിയുകയാണ്, കൂടാതെ റാക്കുകള്‍ ചവിട്ടിത്തെറിപ്പിക്കാന്‍ നോക്കുന്നതും ദൃശ്യങ്ങളില്‍ കാണാം . കുട്ടിയായതുകൊണ്ടു തന്നെ എന്തുചെയ്യണമെന്നറിയാതെ അമ്പരന്ന് നില്‍ക്കുന്ന ജീവനക്കാരേയും ഉപഭോക്താക്കളെയും വിഡിയോയില്‍ വ്യക്തമാണ്.
ആദ്യം ഒരു റാക്കിലെ സാധനങ്ങള്‍ വാരിയെറിയുന്നു, തുടര്‍ന്ന് സൂപ്പര്‍ മാര്‍ക്കറ്റിന്റെ പല ഭാഗങ്ങളിലേക്കും നടന്ന് സാധനങ്ങള്‍ നശിപ്പിക്കുകയാണ്. രണ്ടു മിനിറ്റിലേറെ ദൈര്‍ഘ്യമുള്ള വിഡിയോ ആണിപ്പോള്‍ സോഷ്യല്‍മീഡിയയിലൂടെ പ്രചരിക്കുന്നത്. ഫ്രോസന്‍ സെക്ഷനിലെത്തി കാണുന്ന കുപ്പികള്‍ എടുത്ത് വലിച്ചെറിഞ്ഞ് പൊട്ടിക്കുന്നതു കണ്ട് ഞെട്ടിയിരിക്കുന്ന ജീവനക്കാരും ദൃശ്യങ്ങളിലുണ്ട്. അതേസമയം കുട്ടിയുടെ മാതാപിതാക്കളെക്കുറിച്ചോ മറ്റ് ഉത്തരവാദിത്തപ്പെട്ട ആരേയെങ്കിലുംകുറിച്ചുള്ള വിവരങ്ങളോ ഇതുവരെയും ലഭ്യമല്ല.
കുട്ടിയുടെ പ്രവൃത്തിയില്‍ മാതാപിതാക്കളെ കുറ്റപ്പെടുത്തുകയാണ് സോഷ്യല്‍മീഡിയ. ശരിയും തെറ്റും പറഞ്ഞ് മനസിലാക്കാത്തതിന്റെ ഉദാഹരണമാണിതെന്നും കുട്ടി വരുത്തിയ നാശനഷ്ടങ്ങള്‍ക്ക് മാതാപിതാക്കള്‍ നഷ്ടപരിഹാരം നല്‍കണമെന്നും സോഷ്യല്‍മീഡിയ ആവശ്യപ്പെടുന്നു. 10വയസ് തോന്നിപ്പിക്കുന്ന കുട്ടി വളരെ നല്ല രീതിയിലുള്ള വസ്ത്രമണിഞ്ഞാണ് വന്നിരിക്കുന്നതെന്നും വൈറലാവാന്‍ മനപൂര്‍വം നടത്തുന്ന പരിപാടികളാണോ എന്നുകൂടി സംശയമുന്നയിക്കുന്നുണ്ട് സോഷ്യല്‍മീഡിയ.