ലണ്ടന് 20 കിലോമീറ്റര്‍ അകലെ ഗ്രേയ്‌സിലുള്ള വാട്ടർഗ്ലേഡ് ഇൻഡസ്ട്രിയൽ പാർക്കിനടുത്തു നിർത്തിയിട്ടിരുന്ന കണ്ടെയ്നറിൽ മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. 39 പേരുടെ മൃതദേഹങ്ങളാണ് ലോറിക്കുള്ളിൽ നിന്നും ദിവസങ്ങൾക്ക് മുൻപ് കണ്ടെത്തിയത്. ഇതിൽ 31 പേർ പുരുഷന്മാരാണ് എട്ടുപേർ സ്ത്രീകളാണ്. കണ്ടെത്തിയവരെല്ലാം ചൈന സ്വദേശികളാണെന്നാണു ഇപ്പോൾ പുറത്തുവരുന്ന സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ.
19 വർഷം മുന്‍പ് ബ്രിട്ടനിലെ ഡോവറിൽ സമാനമായ സംഭവത്തിൽ 58 ചൈനക്കാർ കൊല്ലപ്പെട്ടിരുന്നു. അന്നു ഫുജിയാനില്‍ നിന്നു മാസങ്ങളെടുത്താണ് ചൈനീസ് അഭയാർഥി സംഘം ബ്രിട്ടനിലെത്തിയതെന്നു കണ്ടെത്തിയിരുന്നു. മനുഷ്യക്കടത്തിന്റെ ഈ വഴി വ്യക്തമായറിഞ്ഞിട്ടും അതു തടയാൻ ബ്രിട്ടൻ നടപടിയൊന്നുമെടുത്തില്ലെന്നാരോപിച്ച് ചൈനീസ് സർക്കാരിനു കീഴിൽ പുറത്തിറങ്ങുന്ന ഗ്ലോബൽ ടൈംസ് പത്രം വിമർശനമുന്നയിച്ചു കഴിഞ്ഞു.
നോർത്തേൺ അയർലൻഡുകാരനാണു പിടിയിലായ ട്രക്ക് ഡ്രൈവർ. ട്രക്ക് റജിസ്റ്റർ ചെയ്തിരിക്കുന്നതാകട്ടെ ബള്‍ഗേറിയയിലും. അതും ഒരു ഐറിഷ് വനിതയുടെ പേരിലുള്ള കമ്പനിയുടെ ഉപയോഗത്തിനു വേണ്ടി. കടത്തിന് ഉപയോഗിച്ച കണ്ടെയ്നർ വന്നതാകട്ടെ ബെൽജിയത്തിൽ നിന്നും. മനുഷ്യക്കടത്തിനെതിരെ ഫ്രാൻസ് കർശന നടപടിയെടുക്കുകയും അവിടത്തെ കുപ്രസിദ്ധമായ രണ്ടു തുറമുഖങ്ങളിൽ സുരക്ഷ കർശനമാക്കിയതോടെയുമായിരുന്നു ബെൽജിയത്തിലെ സേബ്രഗ്ഗെ ഇതിന്റെ കേന്ദ്രമായത്. യൂറോപ്പിലെ മനുഷ്യക്കടത്തിന്റെ ഏറ്റവും ‘ഹോട്ട് സ്പോട്ട്’ എന്നു കുപ്രസിദ്ധമായ തുറമുഖമാണ് സേബ്രഗ്ഗെ. ഇക്കഴിഞ്ഞ മൂന്നു വർഷത്തിനിടെയായിരുന്നു തുറമുഖം ഇത്രയേറെ ശ്രദ്ധാ കേന്ദ്രമാകുന്നതും.
ട്രക്കിന്റെ ഡ്രൈവറും കണ്ടെയ്‌നറും അതിനകത്തെ മനുഷ്യരും തമ്മിലുള്ള ബന്ധമാണ് പൊലീസ് അന്വേഷിക്കുന്നത്. ട്രക്കിലേക്കു പിന്നീട് കണ്ടെയ്‌നർ കൂട്ടിച്ചേർക്കുകയായിരുന്നെന്നു പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സേബ്രഗ്ഗെയിൽ നിന്നു ബ്രിട്ടനിലെ പർഫ്ലീറ്റ് തുറമുഖത്തേക്ക് എത്തി അവിടെ കാത്തു നിന്ന ട്രക്കിലേക്ക് കണ്ടെയ്നർ ചേർക്കുകയായിരുന്നുവെന്നാണു കണ്ടെത്തിയിരിക്കുന്നത്. ബുധനാഴ്ച അതിരാവിലെയാണ് കണ്ടെയ്നറെത്തിയത്. അവിടെ നിന്ന് ഗ്രേയ്‌സിലേക്കുള്ള യാത്രയ്ക്കിടെയാണ് മൃതദേഹങ്ങൾ കണ്ടെത്തുന്നതും. 2106ൽ യുകെ ബോർഡർ ഫോഴ്സിന്റെ റിപ്പോർട്ട് പ്രകാരം മനുഷ്യക്കടത്തുകാർ ബ്രിട്ടനിലേക്കുള്ള കടത്തിന് സേബ്രഗ്ഗെയെ ഉപയോഗപ്പെടുത്തിത്തുടങ്ങിയെന്നു മുന്നറിയിപ്പുണ്ടായിരുന്നു.