Pervez-Musharraf

ഭരണഘടന അട്ടിമറിച്ചെന്ന കേസിൽ രാജ്യദ്രോഹക്കുറ്റത്തിനു വധശിക്ഷ ലഭിച്ച പർവേസ് മുഷറഫ് അതിന് മുൻപ് മരിച്ചാൽ മൃതശരീരം പാര്‍ലമെന്റിലേക്ക് വലിച്ചിഴക്കണമെന്നും മൂന്നുദിവസം കെട്ടിത്തൂക്കണമെന്നും പാകിസ്താനിലെ പ്രത്യേക കോടതി ഉത്തരവ്. 2016 മാർച്ചിൽ ചികിത്സയ്ക്കായി ദുബായിലെത്തിയ മുഷറഫ് പിന്നീട് പാക്കിസ്ഥാനിൽ തിരിച്ചെത്തിയിട്ടില്ല.  ഈ മാസമാദ്യം മുതൽ അദ്ദേഹം ആശുപ്രതിയിലാണ്. 

ഇപ്പോൾ ചികിത്സയില്‍ കഴിയുന്ന മുഷ്‌റഫിനെ പിടികൂടാനും കോടതി നിര്‍ദേശിച്ചു ഇതിന് മുൻപ് മരിക്കുകയാണെങ്കിൽ മൃതദേഹം ഇസ്ലാമാബാദിലെ ഡി-ചൗക്കിലേക്ക് വലിച്ചിഴച്ച് കൊണ്ടുവരാനും മൂന്നുദിവസത്തേക്ക് കെട്ടിത്തൂക്കാനുമാണ് കോടതി നിർദേശം. എന്നാൽ ഇത് ഭരണഘടനാ വിരുദ്ധമാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

പെഷാവർ ഹൈക്കോടതി ചീഫ് ജസ്റ്റിസ് വഖാർ അഹ്മദ് സേട്ട് അധ്യക്ഷനായ പ്രത്യേക കോടതിയാണ്  മുഷ്‌റഫിന് വധശിക്ഷ വിധിച്ചത്. മൂന്നംഗ ബെഞ്ചിലെ ഒരാൾ വധശിക്ഷയെ എതിർത്തു. മുഷറഫിന് ഇനി സുപ്രീം കോടതിയിൽ അപ്പീൽ നൽകാം. അവിടെയും ഇതേ വിധിയെങ്കിൽ പ്രസിഡന്റിനു ദയാഹർജി നൽകാം.

വിധിക്കെതിരെ അതിരൂക്ഷമായ പ്രതികരണവുമായി പാക്ക് സൈന്യം രംഗത്തെത്തി. മുഷറഫ് ഒരിക്കലും രാജ്യവഞ്ചകനല്ലെന്നും വിധിയിൽ വലിയ വേദനയും ആശങ്കയുമുണ്ടെന്നും പാക്ക് പട്ടാള വക്താവ് മേജർ ജനറൽ ആസിഫ് ഗഫൂർ പറഞ്ഞു. അടിസ്ഥാന  നടപടിക്രമം പോലും പാലിക്കാതെയാണു വിധി പ്രഖ്യാപിച്ചതെന്നും അദ്ദേഹം പറഞ്ഞു.