ചൈനയുടെ ഏറ്റവും പുതിയ ബാലിസ്റ്റിക് മിസൈൽ പരീക്ഷണം (ആന്റി ബാലിസ്റ്റിക് മിസൈൽ) വിജയിച്ചെന്ന് ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ചൈനയുടെ പ്രധാന ശത്രുക്കളായ അമേരിക്കയുടെയും ഇന്ത്യയുടെയും നീക്കങ്ങളെ വായുവിൽ വെച്ച് തന്നെ നേരിടാൻ ശേഷിയുള്ള ആയുധമാണ് പരീക്ഷിച്ചിരിക്കുന്നത്. വ്യാഴാഴ്ചയാണ് പരീക്ഷണം നടന്നത്.
ഇത് സംബന്ധിച്ചുള്ള വിശദാംശങ്ങൾ പരിമിതമാണ്. എന്നാൽ, വായുവിൽ വെച്ച് തന്നെ ഒരു ഇന്റർമീഡിയറ്റ് റേഞ്ച് ബാലിസ്റ്റിക് മിസൈൽ (ഐആർബിഎം) തടയാനുള്ള കഴിവുകൾ പരീക്ഷിക്കുകയായിരുന്നു ലക്ഷ്യമെന്ന് ചൈനീസ് മാധ്യമ റിപ്പോർട്ടുകൾ പറയുന്നു. അതേസമയം, ഇത്തരത്തിലുള്ള പ്രതിരോധ സംവിധാനങ്ങൾ (മിസൈലുകൾ) വേണമെങ്കിൽ ആന്റി സാറ്റലൈറ്റ് മിസൈലുകളായി മാറ്റാനും കഴിയുമെന്നാണ് വിദഗ്ധർ പറയുന്നത്.
ഇങ്ങോട്ടു വരുന്ന മിസൈലിനെ തകർക്കാനുള്ള ശേഷിയിൽ ഈ സംവിധാനം വിജയിച്ചെന്ന് ചൈനീസ് പ്രതിരോധ മന്ത്രാലയം പ്രഖ്യാപിച്ചു. യുഎസിന് ശേഷം ഈ സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്ത രണ്ടാമത്തെ രാജ്യമാണ് ചൈന. പരീക്ഷണം പ്രതിരോധാത്മക സ്വഭാവമുള്ളതായിരുന്നു, ഏതെങ്കിലും പ്രത്യേക രാജ്യത്തെ ലക്ഷ്യമാക്കിയിരുന്നില്ലെന്നും ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
റഷ്യയുമായുള്ള ഒരു പ്രധാന ആണവായുധ നിയന്ത്രണ കരാർ വിപുലീകരിക്കുന്നതിന് ബൈഡൻ ഭരണകൂടം അംഗീകാരം നൽകി ഒരു ദിവസത്തിന് ശേഷമാണ് ഈ പരീക്ഷണത്തെക്കുറിച്ച് ചൈന വെളിപ്പെടുത്തുന്നത്. എന്നാൽ ഇതിന്റെ സാങ്കേതിക വിശദാംശങ്ങളൊന്നും പുറത്തുവിടുകയും ചെയ്തില്ല.
പരീക്ഷണത്തിന് മുൻപ്, വടക്കൻ ചൈനയിലെ തായ്വാൻ സാറ്റലൈറ്റ് വിക്ഷേപണ കേന്ദ്രത്തിന് സമീപം അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു. പരീക്ഷണത്തിന്റെ ഫോട്ടോകളും വിഡിയോകളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.