egypt-old-beer-factory

അമേരിക്കൻ, ഈജിപ്ഷ്യൻ പുരാവസ്തുഗവേഷകരെ അമ്പരപ്പിച്ച് മണ്ണിനടിയിൽ നിന്നും ലോകത്തെ ഏറ്റവും പഴക്കമേറിയതെന്നു കരുതുന്ന ബീയർ ഫാക്ടറിയുടെ അവശിഷ്ടങ്ങൾ കണ്ടെത്തി. തെക്കൻ ഈജിപ്തിലെ പുരാതന നഗരമായ അബിദിയോസിൽ നൈൽ നദീതീരത്താണ് ഉത്‌ഖനനത്തിനിടെ അപൂർവ ശേഷിപ്പ് കണ്ടെത്തിയത്. പുരാതന ഈജിപ്തിന്റെ ഏകീകരണത്തിന് മുൻകയ്യെടുത്ത നാർമർ രാജാവിന്റെ കാലത്തുള്ള ഫാക്ടറിയാണിതെന്ന് കരുതുന്നു. 

ബിസി 3150 കാലഘട്ടത്തിൽ ഭരിച്ച രാജാവാണിത്. ബീയർ ഉൽപാദിപ്പിക്കാനുള്ള എട്ട് കൂറ്റൻ യൂണിറ്റുകളാണ് കണ്ടെത്തിയത്. ഓരോന്നിനും 20 മീറ്റർ (ഏകദേശം 65 അടി) നീളവും 2.5 മീറ്റർ (ഏകദേശം 8 അടി) വീതിയുമുണ്ട്. 20 മീറ്റർ വലുപ്പമുള്ള കുടങ്ങളും പോട്ടറി ബേസിനുകളും കണ്ടെത്തിയവയിൽ പെടുന്നു.

ഓരോ യൂണിറ്റിലും രണ്ട് വരികളിലായി 40 മൺപാത്ര തടങ്ങൾ ഉണ്ടായിരുന്നു. അവ ധാന്യങ്ങളും വെള്ളവും ചേർത്ത് ബിയർ ഉത്പാദിപ്പിക്കാൻ ഉപയോഗിച്ചിരുന്നുവെന്ന് ഗവേഷകർ പറഞ്ഞു. രാജകുടുംബാംഗങ്ങളുടെ പരമ്പരാഗത ചടങ്ങുകൾക്ക് ഉപയോഗിക്കാനായിരുന്നു ബീയർ നിർമാണമെന്നാണ് ഗവേഷകരുടെ അനുമാനം. ബ്രിട്ടിഷ് സംഘം 1900ൽ തന്നെ ഈജിപ്തിൽ പുരാതന ബീയർ ഫാക്ടറി പ്രവർത്തിച്ചിരുന്നുവെന്ന സൂചന നൽകിയിരുന്നെങ്കിലും കൃത്യമായ സ്ഥലം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. 

മരണാനന്തര ജീവിതത്തെ നിയന്ത്രിക്കുന്ന ഒസിരിസ് ദേവനെ ആരാധിക്കുന്നവരുടെ കേന്ദ്രമായാണ് അബിദിയോസ് ചരിത്രത്തിൽ അറിയപ്പെടുന്നത്. ആത്മാക്കളുടെ ദേവനായ ഒസിരിസിനായി ദേവാലയങ്ങളും ഇവിടെയുണ്ടായിരുന്നു. കൂടുതൽ സഞ്ചാരികളെ ആകർഷിക്കുമെന്ന പ്രതീക്ഷയിൽ ഈജിപ്ത് കഴിഞ്ഞ ഏതാനും വർഷങ്ങളായി നിരവധി പുരാതന കണ്ടെത്തലുകൾ നടത്തിയതായി പ്രഖ്യാപിച്ചിട്ടുണ്ട്.