ജ്യോതിഷിമാരുടെ പല പ്രവചനങ്ങളും വരാറുണ്ട്. പേടിപ്പിക്കുന്നതും രസിപ്പിക്കുന്നതുമായ പ്രവചനങ്ങള്‍. എന്നാലൊരു കാര്‍ട്ടൂണ്‍ സീരിസില്‍ നിന്നൊരു പ്രവചനം വന്നാല്‍ എങ്ങനെയിരിക്കും. ലോകം കാത്തിരിക്കുന്നത് കാര്‍ട്ടൂണ്‍ സീരിസിലെ പ്രവചനം സത്യമാകുമോ എന്നറിയാനാണ്.
ജനുവരി 16 ന് ലോകത്താകമാനം ഇന്‍റര്‍നെറ്റ് മുടക്കമുണ്ടാകുമെന്നാണ് അമേരിക്കൻ ആനിമേഷൻ പരമ്പരയായ ദ സിംസൺസിലെ പ്രവചനം. കാര്‍ട്ടൂണിലെ ഈ രംഗം സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. 2024 ലെ യുഎസ് തിരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപ് വിജയം ഉള്‍പ്പെട ലോക സംഭവങ്ങളിൽ സിംപ്‌സൺസ് പ്രവചനം നടത്തിയിട്ടുണ്ട്. ഇതുപോലെ പുതിയ പ്രവചനം സത്യമാകുമോ എന്നറിയാന്‍ കാത്തിരിക്കുകയാണ് സോഷ്യല്‍ മീഡിയ.
ദി സിംസൺസ് കാര്‍ട്ടൂണില്‍ നിന്നുള്ളതെന്ന് അവകാശപ്പെടുന്ന വിഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. കടലിനടിയിലൂടെയുള്ള ഇന്‍റര്‍നെറ്റ് കേബിളുകള്‍ കൂറ്റന്‍ തിമിംഗലം കടിച്ചുമുറിക്കുമെന്നതാണ് ലോകത്ത് ഇന്‍റര്‍നെറ്റ് മുടങ്ങാനുള്ള കാരണമായി പറയുന്നത്. യുഎസ് പ്രസിഡന്‍റായി ഡൊണാൾഡ് ട്രംപിന്‍റെ സ്ഥാനാരോഹണത്തോടനുബന്ധിച്ചാണ് ഇന്‍റർനെറ്റ് ഷട്ട്ഡൗൺ പ്രവചിക്കുന്നത്. എന്നാല്‍ ജനുവരി 20 നാണ് ട്രംപ് സ്ഥാനമേല്‍ക്കുന്നത്.
ഇന്‍റര്‍നെറ്റ് നഷ്ടമാകുന്നതോടെ ലോകത്ത് മൊബൈലുകളും കമ്പ്യൂട്ടറുകളും നിശ്ചലമാകും. ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കാനാകില്ല. കമ്പനികള്‍ വില്‍പ്പന വിവരങ്ങള്‍ കടലാസില്‍ കുറിച്ചിടും. സ്കൂളിലേക്ക് ഹോം വര്‍ക്കുകള്‍ ചെയ്യേണ്ടാത്തതിനാല്‍ കാര്‍ട്ടൂണിലെ കഥാപാത്രമായ ബാര്‍ട്ട് മാത്രമാണ് സന്തോഷവാനായി കാണുന്നത്, എന്നിങ്ങനെയാണ് പ്രചരിക്കുന്ന വിഡിയോയിലുള്ളത്.
എക്സ് അടക്കമുള്ള സമൂഹ മാധ്യമങ്ങളില്‍ ജനുവരി 16 ന് ഇന്‍റര്‍നെറ്റ് ലഭിക്കുമോ എന്ന ചര്‍ച്ച ചൂടേറുകയാണ്. ഇന്‍റർനെറ്റ് തകരാർ പ്രവചിക്കുന്ന തരത്തിലുള്ള ഒരു എപ്പിസോഡും സംപ്രേഷണം ചെയ്തിട്ടില്ലെന്നാണ് ഒരു വിഭാഗത്തിന്‍റെ വാദം. ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ഉപയോഗിച്ച് ഉണ്ടാക്കിയെടുത്ത ക്ലിപ്പാകാം ഇതെന്നാണ് ഇത്തരക്കാരുടെ സംശയം. എന്തായാലും മണിക്കൂര്‍ കാത്തിരുന്നാല്‍ സംശയത്തിന് ഉത്തരം കിട്ടുമെന്നതാണ് ആശ്വാസം.