queen-wedding

ബ്രൂണയ് സുൽത്താൻ ഹസ്സനാൽ ബോൾക്കിയുടെ മകൾ ഫദ്സില്ല ലുബാബുൾ രാജകുമാരി വിവാഹിതയായി. അബ്ദുല്ല അൽ ബാഷ്മിയാണ് വരൻ. ജനുവരി 16ന് ആണ് 10 ദിവസം നീണ്ടുനിൽക്കുന്ന വിവാഹാഘോഷത്തിന് തുടക്കമായത്. ജനുവരി 20ന് ബ്രൂണയ്യുടെ തലസ്ഥാനമായ ബന്ദർ സെറി ബെഗവാനിലെ ഒമർ അലി സൈഫുദ്ദീൻ മോസ്ക്കിൽവച്ച് മതപരമായ ചടങ്ങുകൾ നടന്നു. ജനുവരി 23ന് രാജകൊട്ടാരത്തിലും ചടങ്ങുകൾ സംഘടിപ്പിച്ചു.

 

സുൽത്താന് രണ്ടു ഭാര്യമാരിലായി 12 മക്കളാണുള്ളത്. ഇതിൽ രണ്ടാം ഭാര്യയായിരുന്ന ഹാജാ മറിയത്തിലുള്ള മകളാണ് ലുബാബുൾ. ഈ ബന്ധത്തിൽ സുല്‍ത്താന് മൂന്നു മക്കൾ കൂടിയുണ്ട്. 2003 മറിയവും സുൽത്താനും വേർപിരിഞ്ഞിരുന്നു. ലണ്ടനിലെ കിങ്ങ്റ്റൻ യൂണിവേഴ്സിറ്റിയിലായിരുന്നു ലുബാബുൾ രാജകുമാരിയുടെ ബിരുദപഠനം. തുടർന്ന് ഹൾട്ട് ഇന്റർനാഷനൽ ബിസിനസ് സ്കൂളിൽനിന്ന് ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തരബിരുദം നേടി. ബ്രൂണയ് നെറ്റ്ബോൾ ടീമിന്റെ ക്യാപറ്റൻ ആണ്. വരൻ അൽ ബാഷ്മിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. ഇദ്ദേഹം ഒരു വിദേശിയാണെന്നും ഇരുവരും ഏറെ നാളായി പ്രണയത്തിലായിരുന്നു എന്നുമാണ് റിപ്പോർട്ടുകൾ. 

 

വിവാഹത്തിന് ചുവപ്പ് നിറത്തിലുള്ള വസ്ത്രമാണ് രാജകുമാരി ധരിച്ചത്. ഗോൾഡൻ ഡീറ്റൈൽസിന്റെ പ്രൗഢി നിറയുന്നതായിരുന്നു ഈ വസ്ത്രം. ഒരു നീളൻ കിരീടം ഇതോടൊപ്പം അണിഞ്ഞു. കൊട്ടാരത്തിൽ നടന്ന ചടങ്ങിൽ വെള്ള വസ്ത്രമായിരുന്നു വേഷം. വജ്രം കൊണ്ടുള്ള ടിയാര, നെക്‌ലേസ്, മോതിരം, ബ്രേസ്‍ലെറ്റ് എന്നിവ ആക്സസറൈസ് ചെയ്തു. നിലം മുട്ടി കിടക്കുന്ന ശിരോവസ്ത്രവും ഉണ്ടായിരുന്നു. വിവാഹസത്കാരത്തിന് ഗ്രേ നിറത്തിലുള്ള വസ്ത്രങ്ങളാണ് തിരഞ്ഞെടുത്തത്. ചിത്രശലഭങ്ങളുടെ എംബ്രോയ്ഡറി നിറഞ്ഞതായിരുന്നു രാജകുമാരിയുടെ ഈ ലോങ് സ്ലീവ് വസ്ത്രം. മരതകം പതിപ്പിച്ച ടിയാര ആയിരുന്നു പ്രധാന ആകർഷണം. രാജകുടുംബം പാരമ്പര്യമായി കൈമാറി വരുന്നതാണ് ഈ ടിയാര. അമൂല്യമായ ആറു മരതക കല്ലുകളാണ് ഇതിൽ പതിപ്പിച്ചിരിക്കുന്നത്. ടിയാരയ്ക്ക് അനുയോജ്യമായ സ്റ്റേറ്റ്മെന്റ് നെക്‌ലേസും കമ്മലും ആക്സസ്റൈസ് ചെയ്തിരുന്നു. വിവാഹവേദിയുൾപ്പടെ ചടങ്ങിന്റെ എല്ലാ ഘട്ടങ്ങളിലും രാജകീയ പ്രൗഢി നിറഞ്ഞു.

 

ലോകത്തിലെ അതിസമ്പന്നരിൽ ഒരാളാണ് ബ്രൂണയ് സുൽത്താൻ. ലോകത്തിലെ ഏറ്റവും വലിയ റെസിഡൻഷ്യൽ കൊട്ടാരത്തിലാണ് ഇദ്ദേഹത്തിന്റെ താമസം. ഇസ്താന നൂറുൽ ഇമാൻ എന്നാണ് കൊട്ടാരത്തിന്റെ പേര്. തലസ്ഥാനമായ ബന്ദർ സെറി ബെഗവാനിൽ സ്ഥിതി ചെയ്യുന്ന ഈ കൊട്ടാരം 2,152,782 ചതുരശ്രഅടി വിസ്തീർണത്തിലുള്ളതാണ്. 1,788 മുറികളും 257 കുളിമുറികളും അഞ്ച് നീന്തൽക്കുളങ്ങളുമുണ്ട്. 5,000 അതിഥികളെ ഉൾക്കൊള്ളുന്ന ഒരു വിരുന്നു ഹാൾ, ഒരു വലിയ പള്ളി, 100 കാർ ഗാരിജ്, 200 കുതിരകളുള്ള എയർകണ്ടീഷൻ ലായം തുടങ്ങിയവയാണ് പ്രത്യേകതകൾ. ഏകദേശം 1.4 ബില്യൻ ഡോളർ ഈ കൊട്ടാരം നിർമിക്കാൻ ചെലവായെന്നാണു റിപ്പോർട്ടുകൾ.