ചിത്രം: Reuters

ചിത്രം: Reuters

അല്‍ബേനിയ സന്ദര്‍ശിക്കാനെത്തിയ നാല് പൗരന്‍മാര്‍ ഹോട്ടല്‍ബില്ല് കൊടുക്കാതെ മുങ്ങിയതോടെ ലോകത്തിന് മുന്നില്‍ നാണം കെട്ട് ഇറ്റലി. ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി അല്‍ബേനിയയില്‍ സന്ദര്‍ശനത്തിനെത്തിയപ്പോഴാണ് അല്‍ബേനിയന്‍ പ്രധാനമന്ത്രി, ബില്ലടയ്ക്കാതെ മുങ്ങിയ വിരുതന്‍മാരെ കുറിച്ച് പരാതിപ്പെട്ടത്. ഉടന്‍ തന്നെ അംബാസിഡറെ വിളിച്ച ജോര്‍ജിയ ' ആ തെമ്മാടികള്‍ വരുത്തി വച്ച ബില്ലടച്ചേക്ക്' എന്ന് നിര്‍ദേശവും നല്‍കിയെന്ന് ലാ സ്റ്റാംപയെന്ന പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. അല്‍ബേനിയയുമായുള്ള നയതന്ത്ര ബന്ധം തകര്‍ക്കാതിരിക്കാന്‍ ഒടുവില്‍ ഇറ്റാലിയന്‍ സര്‍ക്കാര്‍ പണമടച്ചു. സഞ്ചാരികളുടെ ബില്ലിനത്തില്‍ 80 യൂറോ (7245 ഇന്ത്യന്‍ രൂപ) അടച്ചുവെന്നാണ് എംബസി വെളിപ്പെടുത്തിയത്.

വിദേശത്ത് സന്ദര്‍ശനത്തിന് പോകുന്ന പൗരന്‍മാര്‍ ഇത്തരം പരിപാടികള്‍ ആവര്‍ത്തിക്കരുതെന്നും സര്‍ക്കാരിന് ബാധ്യത വലിച്ച് വയ്ക്കരുതെന്നും വിദേശകാര്യമന്ത്രാലയം കര്‍ശന നിര്‍ദേശം നല്‍കി. ചുരുക്കം ചിലര്‍ ഉത്തരവാദിത്തമില്ലാതെ പെരുമാറുമ്പോള്‍ തലകുനിയുന്നത് രാജ്യത്തിന്റെ തന്നെയാണെന്ന് ഇറ്റാലിയന്‍ കൃഷി മന്ത്രിയും മെലോണിയുടെ ബന്ധുവുമായ ഫ്രാന്‍സെസ്കോ പ്രതികരിച്ചു. 

എന്നാണ് ഇറ്റാലിയന്‍ പൗരന്‍മാര്‍ പണമടയ്ക്കാതെ മുങ്ങിയതെന്ന് വ്യക്തമല്ലെങ്കിലും നാല്‍വര്‍ സംഘം ഭക്ഷണം കഴിച്ച ശേഷം ഹോട്ടലില്‍ നിന്ന് ഇറങ്ങിപ്പോകുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. കഴിച്ച ഭക്ഷണം നല്ലതായിരുന്നുവെന്ന് അഭിനന്ദിച്ച ശേഷമാണ് നാലുപേരും പണം നല്‍കാതെ ഇറങ്ങിപ്പോയതെന്നും റസ്റ്റൊറന്റിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരമൊരു അനുഭവം ഉണ്ടായതെന്നും ഉടമ അല്‍ബേനിയയിലെ ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു.

 

Pay the bill for these idiots: Italy PM after tourists' dine and dash in Albania