ദക്ഷിണേഷ്യയില്‍ തിരഞ്ഞെടുപ്പ് വര്‍ഷമാണിത്. ഇന്ത്യ മാത്രമല്ല ബംഗ്ലദേശും പാക്കിസ്ഥാനും ശ്രീലങ്കയും ഈ വര്‍ഷം വോട്ടുചെയ്യും. ഇതില്‍ ആദ്യം പോളിങ് ബൂത്തിലെത്തുക ബംഗ്ലദേശാണ്. ജനുവരി ഏഴിന്. പ്രതിപക്ഷം വീണ്ടും പൊതുതിരഞ്ഞെടുപ്പ് ബഹിഷ്കരിക്കുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന അധികാരം നിലനിര്‍ത്തുമെന്ന് ഉറപ്പാണ്. ആരാണ് ഷെയ്ഖ് ഹസീന? എങ്ങോട്ടാണ് അവരുടെ രാഷ്ട്രീയജീവിതം? എന്താണ് ഷെയ്ഖ് ഹസീനയുടെ ഭരണത്തിന്‍കീഴിലുള്ള ബംഗ്ലദേശ്? എന്തുകൊണ്ട് അവിടെ പ്രതിപക്ഷം തുടര്‍ച്ചയായി തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കുന്നു?
ഷെയ്ഖ് ഹസീന വാജിദ്. ലോകത്ത് ഏറ്റവും കൂടുതല്‍ കാലം പ്രധാനമന്ത്രിപദം കയ്യാളിയ വനിത. തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ കാലം പ്രധാനമന്ത്രിയായ വനിത. തിരഞ്ഞെടുപ്പിലൂടെ ഭരണത്തില്‍ എത്തിയവരില്‍ ഏറ്റവും കൂടുതല്‍ കാലമായി അധികാരത്തില്‍ തുടരുന്ന നേതാവ്. ബംഗ്ലദേശിനെ സാമ്പത്തികമുന്നേറ്റത്തിലേക്ക് നയിച്ച, ബംഗ്ലദേശിന്റെ ശബ്ദത്തിന് ആഗോളതലത്തില്‍ വിലയുണ്ടാക്കിയ നേതാവ്. തിളങ്ങുന്ന വിശേഷണങ്ങള്‍ ഏറെയാണ് ഷെയ്ഖ് ഹസീനയ്ക്ക്. ഇന്ത്യയുടെ ഉറ്റസുഹൃത്തുമാണ്. എന്നാല്‍ ജനാധിപത്യം ആവശ്യപ്പെടുന്നതെല്ലാം ബംഗ്ലദേശിന് നല്കാന് അവര്‍ക്ക് സാധിച്ചോ? പ്രതിപക്ഷമില്ലാതെ നടത്തപ്പെടുന്ന തിരഞ്ഞെടുപ്പുകളാണ് ആ ചോദ്യത്തിനുള്ള ഉത്തരം.
ഷെയ്ഖ് മുജീബുര്‍ റഹ്മാന്. ബംഗ്ലദേശിന്റെ രാഷ്ട്രപിതാവ്. ഭരണകക്ഷിയായ അവാമി ലീഗ് സ്ഥാപകന്‍. ബംഗ്ലദേശിന്റെ ആദ്യ പ്രസിഡന്റ്. തിരഞ്ഞെടുക്കപ്പെട്ട ആദ്യ പ്രധാനമന്ത്രി. മുജീബിന് അഞ്ചുമക്കളായിരുന്നു. ഹസീന, കമാല്‍, ജമാല്‍, റെഹാന, റസല്‍. 1975 ഓഗസ്റ്റ് 15ന് ഇന്ത്യ ഇരുപത്തെട്ടാം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോള്‍ മുജീബുര്‍ റഹ്മാനും ഭാര്യ ബീഗം ഫസീലത്തുന്നീസയും കമാലും ജമാലും അഞ്ചുവയസ്സ് മാത്രമുണ്ടായിരുന്ന റസലും സ്വന്തം വീട്ടില്‍ വച്ച് അതിക്രൂരമായി കൊല്ലപ്പെട്ടു. ഒപ്പം മറ്റുചില ബന്ധുക്കളും ജീവനക്കാരും. സൈനിക അട്ടിമറിയാണ് നടന്നത്. ജര്‍മനിയില്‍ ഭര്‍ത്താവിനെ സന്ദര്‍ശിക്കാന്‍ പോയ ഷെയ്ഖ് ഹസീനയും ഒപ്പമുണ്ടായിരുന്ന സഹോദരി റെഹാനയും മാത്രം ബാക്കിയായി. ജര്‍മനിയില്‍ നിന്ന് മടങ്ങിയ ഹസീന ഇന്ത്യയില്‍ അഭയം തേടി. ആറുവര്‍ഷം ഇവിടെ താമസിച്ചു. ആ കാലഘട്ടമാണ് ഇപ്പോഴത്തെ ഷെയ്ഖ് ഹസീനയെ രൂപപ്പെടുത്തിയത്. അതില്‍ നിര്‍ണായകപങ്കുവഹിച്ചത് സാക്ഷാല്‍ പ്രണബ് മുഖര്‍ജിയും ഗാന്ധി കുടുംബവുമായിരുന്നു.
1981 മേയ് 17നാണ് ഷെയ്ഖ് ഹസീന വാജിദ് ബംഗ്ലദേശില്‍ മടങ്ങിയെത്തിയത്. അതിനുമുന്‍പുതന്നെ അവരുടെ അസാന്നിധ്യത്തില്‍ അവാമി ലീഗ് ഹസീനയെ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുത്തിരുന്നു. മുജീബ് വധത്തിന്റെ ആസൂത്രകരില്‍ ഉള്‍പ്പെട്ട പട്ടാളമേധാവി ജനറല്‍ സിയാവുര്‍ റഹ്മാനായിരുന്നു അപ്പോള്‍ അധികാരത്തില്‍. ഷെയ്ഖ് ഹസീനയുടെ ഇപ്പോഴത്തെ മുഖ്യ എതിരാളി ബീഗം ഖാലിദ സിയയുടെ ഭര്‍ത്താവ്. ഇപ്പോഴത്തെ മുഖ്യപ്രതിപക്ഷമായ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാപകന്‍. കൃത്യം 13 ദിവസത്തിനുശേഷം, അതായത് 1981 മേയ് 30ന് പുലര്‍ച്ചെ ചിറ്റഗോങ് സര്‍ക്യൂട്ട് ഹൗസില്‍ വച്ച് ഒരുസംഘം സൈനികര്‍ പ്രസിഡന്റ് സിയാവുര്‍ റഹ്മാനെ വെടിവച്ചുകൊന്നു. ഏകകക്ഷി സമ്പ്രദായം അവസാനിപ്പിച്ച് ബഹുകക്ഷി രാഷ്ട്രീയവ്യവസ്ഥ തിരിച്ചുകൊണ്ടുവന്ന സിയയുടെ സംസ്കാരച്ചടങ്ങളില്‍ പങ്കെടുത്തത് 20 ലക്ഷത്തിലേറെപ്പേര്‍.
പിന്നീടുവന്ന ഇര്‍ഷാദ് ഭരണകൂടം ഷെയ്ഖ് ഹസീനയെയും പാര്‍ട്ടിയെയും നിരന്തരം വേട്ടയാടി. പലതവണ വീട്ടുതടങ്കലിലായി. 1987ല്‍ ഹസീനയ്ക്കുനേരെയുണ്ടായ വധശ്രമം കാര്യങ്ങള്‍ പുതിയ തലത്തിലെത്തിച്ചു. ഇര്‍ഷാദിനെതിരായ പ്രക്ഷോഭത്തില്‍ ഹസീനയും ഖാലിദ സിയയും ഒന്നിച്ചു. ഇരുപാര്‍ട്ടികളും ചേര്‍ന്ന് ധാക്കയില്‍ ലക്ഷങ്ങളെ അണിനിരത്തി റാലി നടത്തി. അതോടെ സൈനിക ഭരണകൂടത്തിന്റെ അടിത്തറ ഇളകി. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് പിടിച്ചുനില്ക്കാന് ശ്രമിച്ചെങ്കിലും ജനകീയ പ്രക്ഷോഭത്തിനുമുന്നില്‍ ഇര്‍ഷാദ് മുട്ടുമടക്കി. ബംഗ്ലദേശിന്റെ അവസാനത്തെ പട്ടാളഭരണാധികാരി സ്ഥാനമൊഴിഞ്ഞു. ഇര്‍ഷാദിനെതിരായ പോരാട്ടമാണ് രാഷ്ട്രീയനേതാവ് എന്ന നിലയില്‍ ഷെയ്ഖ് ഹസീനയുടെ വളര്‍ച്ചയ്ക്ക് ആക്കം കൂട്ടിയത്.
1991ല്‍, പതിനാറുവര്ഷത്തെ ഇടവേളയ്ക്കുശേഷം ബംഗ്ലാദേശില്‍ പൊതുതിരഞ്ഞെടുപ്പ് നടന്നു. പക്ഷേ പാര്‍ലമെന്റില്‍ ഭൂരിപക്ഷം നേടാന്‍ ഷെയ്ഖ് ഹസീനയ്ക്ക് കഴിഞ്ഞില്ല. ബിഎന്‍പി നേതാവ് ബീഗം ഖാലിദ സിയ ബംഗ്ലദേശിന്റെ ആദ്യ വനിതാപ്രധാനമന്ത്രിയായി. തിരഞ്ഞെടുപ്പ് ക്രമക്കേട് ആരോപിച്ച് അവാമി ലീഗും ഷെയ്ഖ് ഹസീനയും പ്രക്ഷോഭം തുടങ്ങി. മറ്റ് പ്രതിപക്ഷ കക്ഷികള്‍ക്കൊപ്പം ചേര്‍ന്ന് പാര്‍ലമെന്റ് ബഹിഷ്കരിച്ചു. ഇതോടെ പിഎന്‍ബി പാര്‍ലമെന്റിന് പുറത്ത് തിരിച്ചടി തുടങ്ങി. കലുഷിതമായ ഈ അന്തരീക്ഷത്തിലാണ് 1991ല്‍ ബംഗ്ലാദേശിനെ തച്ചുതകര്‍ത്ത കൊടുങ്കാറ്റ് വന്നത്. 1,40,000 പേര് കൊല്ലപ്പെട്ടു. ഒരു മുന്‍കരുതലും എടുക്കാതിരുന്ന സര്‍ക്കാര്‍ പകച്ചുനിന്നു. ഷെയ്ഖ് ഹസീന ദുരന്തമേഖലകളില്‍ നടന്നെത്തി. ജനങ്ങള്‍ക്കൊപ്പം നിന്നു. അപകടം തിരിച്ചറിഞ്ഞ ബിഎന്‍പി പിന്നീട് ഹസീനയ്ക്കും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കുമെതിരെ അക്രമം അഴിച്ചുവിട്ടു. രൂക്ഷമായ പ്രതിപക്ഷ പ്രക്ഷോഭത്തിനൊടുവില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ കൂടി ഭരണകൂടത്തോട് നിസ്സഹകരണം പ്രഖ്യാപിച്ചതോടെ ഖാലിദ സിയ സ്ഥാനമൊഴിഞ്ഞു.
കെയര്‍ടേക്കര്‍ സര്ക്കാരിനുകീഴിലായിരുന്നു 1996ലെ പൊതുതിരഞ്ഞെടുപ്പ്. 21 വര്‍ഷത്തെ ഇടവേളയ്ക്കുശേഷം അവാമി ലീഗ് അധികാരത്തില്‍ തിരിച്ചെത്തി. ഷെയ്ഖ് ഹസീന ആദ്യമായി ബംഗ്ലദേശ് പ്രധാനമന്ത്രി പദത്തില്‍. ഒട്ടും എളുപ്പമായിരുന്നില്ല ഭരണം. ബിഎന്‍പിയും സഖ്യകക്ഷികളും രാജ്യത്തുടനീളം പ്രക്ഷോഭവും അക്രമവും അഴിച്ചുവിട്ടു. പാര്‍ലമെന്റ് ബഹിഷ്കരിച്ചു. അങ്ങേയറ്റം ദുര്‍ഘടമായ അവസ്ഥയിലും ഷെയ്ഖ് ഹസീന പിടിച്ചുനിന്നു. 1997ല്‍ ഇന്ത്യയുമായി 30 വര്‍ഷത്തെ ഗംഗാജലം പങ്കിടല്‍ കരാര്‍ ഒപ്പിട്ടതോടെ ഭരണാധികാരി എന്ന നിലയില്‍ പ്രതിച്ഛായ ഉയര്‍ന്നു. പദ്മ നദിക്കുകുറുകെ പാലം പ്രഖ്യാപിച്ചു. ചിറ്റഗോങ് മലനിരകളിലെ ചക്മ ഗോത്രവിഭാഗവുമായി സമാധാന കരാര്‍ ഉണ്ടാക്കി. ബംഗ്ലദേശില്‍ കാലാവധി പൂര്‍ത്തിയാക്കുന്ന ആദ്യപ്രധാനമന്ത്രിയെന്ന റെക്കോര്‍ഡും കരസ്ഥമാക്കി. എന്നിട്ടും 2001ലെ തിരഞ്ഞെടുപ്പില്‍ ബിഎന്‍പി–ജമാഅത്തെ ഇസ്ലാമി സഖ്യത്തോട് തോറ്റു. തിരഞ്ഞെടുപ്പ് ക്രമക്കേട് ആരോപിച്ച് അവാമി ലീഗ് സമരം ചെയ്തെങ്കിലും കാര്യമുണ്ടായില്ല.
2007ല്‍ പൊതുതിരഞ്ഞെടുപ്പ് നടത്താന്‍ നിയോഗിച്ച കെയര്‍ടേക്കര്‍ സര്‍ക്കാരിനെ സൈനികനേതൃത്വം നിയന്ത്രണത്തിലാക്കി. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പ് മാറ്റിവച്ചു. ഷെയ്ഖ് ഹസീനയെ തടവിലാക്കി. ഇത് അവര്‍ക്കനുകൂലമായ സഹതാപതരംഗം സൃഷ്ടിച്ചു. ഖാലിദ സിയയെയും അഴിമതി ആരോപിച്ച് തടവിലാക്കി. 2008 ഡിസംബറില്‍ നടന്ന പൊതുതിരഞ്ഞെടുപ്പില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ ഹസീന അധികാരത്തിലെത്തി. ഇത്തവണ തികച്ചും വ്യത്യസ്തയായ മറ്റൊരു ഹസീനയെയാണ് പ്രധാനമന്ത്രിപദവിയില്‍ കണ്ടത്. ഇന്ത്യയുമായുള്ള അടുപ്പം പരമാവധി ഉപയോഗപ്പെടുത്തി അവര്‍ പ്രതിച്ഛായ ഉയര്‍ത്തി. ടീസ്റ്റ നദീജലം പങ്കിടുന്നതില്‍ തത്വത്തില്‍ ധാരണയായി. ചരിത്രപരമായ അതിര്‍ത്തി നിര്‍ണയ പ്രവൃത്തി തുടങ്ങി. ഈ സമയത്തായിരുന്നു ഭര്‍ത്താവ് എം.എ.വാജിദ് മിയായുടെ നിര്യാണം.
രണ്ടാമൂഴത്തില്‍ ഷെയ്ഖ ഹസീന കെയര്‍ടേക്കര്‍ സര്‍ക്കാര്‍ സംവിധാനം റദ്ദാക്കി. ഭരണഘടന ഭേദഗതി ചെയ്തു. ഭരണഘടനാവിരുദ്ധമായി സര്‍ക്കാരുകളെ നിയന്ത്രണത്തിലാക്കുന്നത് തടയാന്‍ കര്‍ശന വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തി. ജനറല്‍ സിയാവുര്‍ റഹ്മാന് എടുത്തുകളഞ്ഞ ദേശീയത, ജനാധിപത്യം, മതേതരത്വം, സോഷ്യലിസം തുടങ്ങിയ അടിസ്ഥാന തത്വങ്ങള്‍ പുനസ്ഥാപിച്ചു. 2010ല്‍ ഷെയ്ഖ് മുജീബുര്‍ റഹ്മാന് വധക്കേസില്‍ പ്രതികളായ 5 സൈനിക ഉദ്യോഗസ്ഥരെ തൂക്കിലേറ്റി. 1971ലെ യുദ്ധകുറ്റകൃത്യങ്ങള്‍ വിചാരണ ചെയ്യാന്‍ ട്രൈബ്യൂണലും സ്ഥാപിച്ചു. പാക്കിസ്ഥാന് സൈന്യത്തിന്റെ മേല്‍നോട്ടത്തില്‍ നടന്ന കൂട്ടക്കുരുതിയില്‍ പ്രതിപക്ഷത്തെ പല പ്രമുഖരെയും ട്രൈബ്യൂണല്‍ കുറ്റക്കാരെന്ന് കണ്ടെത്തി. മുഖ്യപ്രതികളിലൊരാളായ അബ്ദുല്‍ ഖാദര്‍ മൊല്ലയെ 2013ല്‍ തൂക്കിലേറ്റി. തൊട്ടടുത്തവര്‍ഷം നടന്ന തിരഞ്ഞെടുപ്പ് ബിഎന്‍പി സമ്പൂര്‍ണമായി ബഹിഷ്കരിച്ചു. ഷെയ്ഖ് ഹസീന വീണ്ടും അധികാരത്തിലെത്തി.
2013ലെ ഷാബാഗ് പ്രസ്ഥാനത്തില്‍ നിന്ന് ഊര്‍ജമുള്‍ക്കൊണ്ട് 2016ല്‍ കൂടുതല്‍ യുദ്ധക്കുറ്റവാളികളെ തൂക്കിലേറ്റി. എന്നാല്‍ ഈ കാലയളവില്‍ ഭീകരത ബംഗ്ലദേശില്‍ പിടിമുറുക്കി. ധാക്കയിലെ ഹോളി അര്‍ട്ടിസാന്‍ ബേക്കറിയില്‍ ഐഎസ് ആക്രമണമുണ്ടായി. ഇതോടെ ഭീകരസംഘടനകളെയും അവരെ പിന്തുണയ്ക്കുന്നവരെയും അതിശക്തമായി നേരിടാന്‍ ആരംഭിച്ചു. പ്രതിസന്ധികളില്‍ കൂടുതല്‍ കരുത്തുകാട്ടുന്ന ഹസീനയിലെ പോരാളി ലോകനേതൃത്വത്തിലും നിര്‍ണായക ഇടം നേടി. ഇന്ത്യയുടെ അംഗീകാരവും പിന്‍ബലവും തന്നെയായിരുന്നു അവരുടെ കരുത്ത്. അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തിയ ബംഗ്ലദേശ് പൊലീസ് മേധാവിയെ അമേരിക്കയുടെ എതിര്‍പ്പ് തള്ളി യുഎന്‍ യോഗത്തിന് ന്യൂയോര്‍ക്കിലേക്ക് അയച്ചത് ഒരു ഉദാഹരണം. 2018ല്‍ ഈ പ്രതിച്ഛായക്കരുത്തിലാണ് ബിഎന്‍പിയെ തോല്‍പ്പിച്ച് ഹസീന അധികാരം നിലനിര്‍ത്തിയത്.
ഭീകരര്‍ക്കെതിരെ സ്വീകരിച്ചതുപോലുള്ള അടിച്ചമര്‍ത്തല്‍ ശൈലി രാഷ്ട്രീയ എതിരാളികള്‍ക്കുനേരെയും പ്രയോഗിക്കുന്നു എന്നതാണ് ഷെയ്ഖ് ഹസീന നേരിടുന്ന ഏറ്റവും വലിയ ആരോപണം. ഖാലിദ സിയയെ പിന്തുണയ്ക്കുന്ന അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും നേരത്തേ തന്നെ വലിയ വിമര്‍ശനങ്ങളുമായി രംഗത്തുണ്ട്. കെയര്‍ടേക്കര്‍ സര്‍ക്കാരിനുകീഴില്‍ തിരഞ്ഞെടുപ്പ് വേണമെന്ന ആവശ്യം തള്ളിയതോടെ ബിഎന്‍പി ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികളൊന്നടങ്കം ഇത്തവണയും പൊതുതിരഞ്ഞെടുപ്പ് ബഹിഷ്കരിക്കുകയാണ്. ഇതോടെ സ്വതന്ത്ര നിരീക്ഷകരെ അയയ്ക്കാന്‍ ഹസീന വിദേശ ഭരണകൂടങ്ങള്‍ക്കും രാജ്യാന്തര ഏജന്‍സികള്‍ക്കും കത്തയച്ചു. എന്നിട്ടും പ്രതിപക്ഷം തിരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്നില്ല. അതുകൊണ്ടുതന്നെ സ്വതന്ത്രവും നീതിപൂര്‍വവുമായ തിരഞ്ഞെടുപ്പ് എന്ന പ്രയോഗം ഇവിടെ അപ്രസക്തമാകുന്നു.
യഥാര്‍ഥത്തില്‍ എന്താണ് ബംഗ്ലദേശ് രാഷ്ട്രീയത്തിന്റെ പ്രശ്നം? കുടുംബവാഴ്ചയുടെ ഭാഗമായി വന്ന കിടമല്‍സരവും കൊടിയ ശത്രുതയും. മുജീബുര്‍ റഹ്മാന്റെ കൊലപാതകം, സിയാവുര്‍ റഹ്മാന്റെ കൊലപാതകം, മുജീബിന്റെ മകള്‍ ഷെയ്ഖ് ഹസീനയും സിയയുടെ വിധവ ബീഗം ഖാലിദ സിയയും തമ്മിലുള്ള പോരാട്ടം, വ്യക്തിപരമായ ഏറ്റുമുട്ടലുകള്‍, കേസുകള്‍... ഇതെല്ലാമാണ് ബംഗ്ലദേശ് രാഷ്ട്രീയത്തെ ഇപ്പോള്‍ രണ്ട് ചേരിയിലായി നിര്‍ത്തുന്നത്. എന്നാല്‍ അതിന്റെയെല്ലാം യഥാര്‍ഥ അടിസ്ഥാനം ബംഗ്ലദേശ് സ്വാതന്ത്ര്യയുദ്ധത്തോടുള്ള ഇരുപാര്‍ട്ടികളുടെയും സമീപനമാണ്. പാക്കിസ്ഥാനില്‍ നിന്ന് സ്വാതന്ത്ര്യം നേടുന്നതിനെ സിയ കുടുംബം എതിരായിരുന്നു. പാക്ക് സൈന്യത്തിനുവേണ്ടി ഇന്ത്യന്‍ സൈന്യത്തിനെതിരെ ആയുധമെടുത്ത ജമാഅത്തെ ഇസ്ലാമിയാണ് ബിഎന്‍പിയുടെ ഏറ്റവും വലിയ സഖ്യകക്ഷി. സ്വാതന്ത്ര്യയുദ്ധത്തെ അപമാനിച്ചതിന് ഖാലിദ സിയയ്ക്കെതിരെ ഒട്ടേറെ കേസുകള്‍ ഉണ്ടായിട്ടുണ്ട്. ജന്മദിനമല്ലാതിരുന്നിട്ടുകൂടി ഷെയ്ഖ് മുജീബുര്‍ റഹ്മാന് കൊല്ലപ്പെട്ട ദിവസം സ്വന്തം പിറന്നാളാഘോഷിക്കുന്ന നേതാവാണ് ഖാലിദ. ജനനസര്‍ട്ടിഫിക്കറ്റിലും പാസ്പോര്‍ട്ടിലും വിവാഹസര്ട്ടിഫിക്കറ്റിലുമൊന്നുമില്ലാത്ത ഓഗസ്റ്റ് 15നാണ് ഖാലിദ പിറന്നാളാഘോഷിക്കുന്നത്. ഈ വൈരം അടുത്ത തലമുറയിലേക്ക് പ്രവഹിക്കുമ്പോള്‍ ബംഗ്ലദേശ് രാഷ്ട്രീയം ഏതുവഴി നീങ്ങും എന്നാണ് അവിടത്തെ യുവജനത ഇപ്പോള്‍ ഉറ്റുനോക്കുന്നത്.
Bangladesh to hold elections tomorrow; Will Sheikh Hasina win another term? History of political rivalry between Sheikh Hasina & Khaleda Zia