TOPICS COVERED

ഉത്തര്‍പ്രദേശിലെ ഹാഥ്റസ് മുന്‍പും വാര്‍ത്തകളില്‍ നിറഞ്ഞിട്ടുണ്ട്... നടുക്കങ്ങള്‍ നല്‍കിയിട്ടുമുണ്ട്. സമൂഹമനഃസാക്ഷി മരവിച്ചുപോയ ഹാത്രസ് പീഡനക്കേസ് മറക്കാറായിട്ടില്ല. രാഷ്ട്രീയമായ ഒരുകൂട്ടം കോലാഹലങ്ങള്‍ കൊണ്ട് അന്ന് നിരന്തരം കേട്ട പേരാണ് ഹാഥ്റസ്.  ഇന്നിപ്പോള്‍ മറ്റൊരു നടുക്കത്തിനൊപ്പം ആ പേര് ഞെട്ടലോടെ വീണ്ടും കേള്‍ക്കുന്നു ഈ നാട്.  പ്രാര്‍ഥനായോഗത്തില്‍ നിയോഗങ്ങളുമായി മനഃശാന്തി തേടിയെത്തിയ ഒരുകൂട്ടം മനുഷ്യര്‍ അടര്‍ന്നു നിലംപതിച്ച ആള്‍ത്തിരക്കിന്റെ അടിപ്പടവിലമര്‍ന്ന് മരിച്ചുവീണിരിക്കുന്നു. 

ആള്‍ത്തിരക്ക് അപകടത്തിലേക്ക് തിരിഞ്ഞത് എവിടെവച്ചെന്ന ചോദ്യത്തിന് പഴിചാരലുകളുടെ രൂപത്തില്‍ ഒറ്റപ്പെട്ട ഉത്തരങ്ങള്‍ ഉയര്‍ന്നു തുടങ്ങിയിട്ടുണ്ട് എങ്കിലും അതൊന്നും ദുരന്തത്തിന്റെ നടുക്കത്തിന് പകരമാകുന്നില്ല. 110 സ്ത്രീകളടക്കം 121 പേരാണ്  ഹാഥ്റസില്‍ സ്വയമറിയാതെ ബലിയായത്. ആധ്യാത്മിക ആചാര്യനും വലിയൊരു അനുചരവൃന്ദത്തിന്റെ ഉടമയുമായ ഹരി ഭോലെ ബാബയുടെ സത്‌സംഗം സമാപിച്ചത് കൂട്ടനിളിവികളോടെയായിരുന്നു.  ആ നിലവിളികളുടെ അലയൊലികള്‍ ഇനിയും അവസാനിച്ചിട്ടില്ല. 

കാണാതായ ഉറ്റവരെത്തേടി ദൂരദേശങ്ങളില്‍ നിന്നെത്തിയവരുടെ അലമുറകള്‍ ഉടനെയൊന്നും മറക്കാനുമാവില്ല.. പ്രാര്‍ഥനായോഗത്തിന്‍റെ അവസാനം ബാബയുടെ അനുഗ്രഹം വാങ്ങാന്‍ ഭക്തര്‍ തിക്കിത്തിരക്കിയതാണ് ദുരന്തത്തിന് ഇടയാക്കിയതെന്നായിരുന്നു പൊലീസിന്‍റെ പ്രാഥമിക നിഗമനം. പ്രാര്‍ഥനയ്ക്ക് ശേഷം ബാബ മടങ്ങിയ വഴിയിലെ മണ്ണെടുക്കാന്‍ കുനിഞ്ഞവരില്‍ നിന്ന് തുടങ്ങിയ അപ്രതീക്ഷിത തിരക്ക് നിയന്ത്രണങ്ങള്‍ തകര്‍ത്ത് നിമിഷങ്ങള്‍ക്കകം ദുരന്തമായിമാറുകയായിരുന്നത്രെ. അവശനിലയിലായവരെ ആശുപത്രിയില്‍ എത്തിക്കാന്‍ മാര്‍ഗമില്ലാതിരുന്നതും സമീപത്തെ ആശുപത്രികളുടെ നിത്യമായ പരാധീനതകളും കൂടുതല്‍പേരെ മരണത്തിലേക്ക് തള്ളിവിട്ടു.

What happened in Hathras stampede: