വയനാട്... സ്നേഹമുള്ള കുറേ മനുഷ്യരുടെ നാട്. കർഷകർ മണ്ണറി‍ഞ്ഞ കെട്ടിപ്പടുത്ത, കാടും മേടും വയലുകളും നിറഞ്ഞ നാട്. പശ്ചിമ ഘട്ടം മനസ്സറിഞ്ഞ് സൗന്ദര്യമേകിയിട്ടുണ്ട് ഇവിടെ. സമ്പന്നമായ സംസ്കാരവും, മനോഹരമായ ഭൂപകൃതിയും പിന്നെ കുളിര്‍മയേകുന്ന കബനിയും മലനിരകളും. കോടയും നേരിയ തണുപ്പും സന്ദര്‍ശകരെ തലോടും. പലരും ഈ നാടിനെ സ്വര്‍ഗമെന്ന് വിശേഷിപ്പിക്കും, എത്ര ദൂരത്തു നിന്നും ആളുകളെത്തും. ചുരം കയറി ഈ പന്ത്രണ്ടാമനെ തേടിയെത്തുന്നവരെ ഈ നാട്  ഒട്ടും നിരാശപ്പെടാറില്ല. 

അങ്ങനെയിരിക്കെയാണ് അന്നാ ദുരന്തമുണ്ടായത്. ജൂലൈ 30 എന്ന പേടിപ്പെടുത്തുന്ന ദിവസം. മുണ്ടകൈയും ചൂരല്‍മലയും അടര്‍ത്തിയെടുത്ത, രാജ്യം കണ്ട ഏറ്റവും ഭീകരമായ ഉരുള്‍പൊട്ടല്‍. അഞ്ഞൂറോളം കുടുംബങ്ങളുടെ അടിവേരറുത്ത ദുരന്തം. മഹാ ദുരന്തത്തിന്‍റെ വിറങ്ങലിക്കുന്ന മുപ്പതാം ദിവസവും നൂറിലധികം മനുഷ്യര്‍ കാണാമറയത്താണ്. തുള്ളിമുറിയാത്ത തീവ്ര മഴയാണ് ദുരന്തത്തിനു പിന്നിലെന്ന് അധികൃതര്‍ ഈ അടുത്ത് വ്യക്തമാക്കി.

കനത്ത മഴ പെയ്തിട്ടും പെയ്യുമെന്നറിഞ്ഞിട്ടും ഒരു മുന്നറിയിപ്പ് പോലും നാട്ടുക്കാര്‍ക്ക് നല്‍കിയില്ല. രണ്ടു ദിവസത്തിനിടെ 500 മില്ലി മീറ്ററിന് മുകളില്‍ മഴ പെയ്തിട്ടും മുന്നറിയിപ്പ് സംവിധാനങ്ങളും കാലാവസ്ഥ നിരീക്ഷണ സംവിധാനങ്ങളൊക്കെ ഈ മനുഷ്യര്‍ക്ക് മുന്നില്‍ അനക്കമില്ലാതെ തുടര്‍ന്നു. കേന്ദ്ര കാലാവസ്ഥ വകുപ്പ് ചുവന്ന മുന്നറിയിപ്പ് നല്‍കിയത് ഉരുള്‍പൊട്ടി മനുഷ്യര്‍ സര്‍വതും തകര്‍ന്ന് മണ്ണിലായതിനു ശേഷം. പെയ്യുന്ന മഴയുടെ അളവ് പോലും നിസഹായരായ മനുഷ്യരെ ബോധ്യപ്പെടുത്തിയില്ല, മാറി താമസിക്കാൻ പറഞ്ഞില്ല. 

പുത്തുമല ദുരന്തത്തിനു പിന്നാലെ തന്നെ മേപ്പാടി പഞ്ചായത്തിലെ വിവിധയിടങ്ങളെ പറ്റി വിശദമായ പഠനം നടന്നതാണ്. സ്വീകരിക്കേണ്ട മുൻ കരുതലുകളെ പറ്റിയും ദുരന്ത സാധ്യത മേഖലകളെ പറ്റിയും സർക്കാരിന് റിപ്പോർട്ട്‌ നൽകിയതാണ്. എന്നാൽ ഒരു കനത്ത മഴ പെയ്തിട്ടും ഒരു മുൻകരുതലും സ്വീകരിച്ചില്ല, ഈ മനുഷ്യരെ മഹാ ദുരന്തത്തിലേക്ക് തള്ളിയിട്ടു.

മഴ കേവലമൊരു ഹേതു മാത്രമാണ്, വയനാടിന്റെ നെഞ്ചു കീറാൻ പിന്നെയും ഉണ്ട് അനവധി കാരണങ്ങൾ. കുന്നിടിച്ചുള്ള നിർമാണ പ്രവർത്തികൾ, അനധികൃത ക്വാറി പ്രവർത്തനം. പശ്ചിമ ഘട്ട മല നിരകളിലെ മരം മുറിയും തടയണ നിർമാണവും. ഒരു നിയന്ത്രണവുമില്ലാതെ റിസോർട് മാഫിയ മലനിരകളിൽ പിടിമുറിക്കിയതോടെ മറ്റൊരു ഭാഗത്ത് ദുരന്തങ്ങൾ നിരനിരയായി വന്നു തുടങ്ങി. എല്ലാത്തിനും ഭരണകൂടത്തിന്റെ മൗനനുവാദം. 

1950-നും 2018-നുമിടയിൽ വയനാടിന്റെ വനവിസ്തൃതിയിൽ 62 ശതമാനത്തിന്റെ കുറവുണ്ടായിട്ടുണ്ടെന്ന് പഠനം. ഇന്ത്യ, സ്വീഡൻ, മലേഷ്യ, യു.എസ്., യു.കെ., നെതർലൻഡ്സ് രാജ്യങ്ങളിലെ 24 സർവകലാശാലകളിൽനിന്നുള്ള ഗവേഷകർ സംയുക്തമായി പഠനം നടത്തിയതിലാണ് ഈ പേടിപെടുത്തുന്ന കണക്ക്. സ്വാഭാവിക വനം വെട്ടിമാറ്റി തുടങ്ങിയതോടെ വയനാടിന്റെ അടിവേരിൽ തന്നെ കോട്ടം വന്നു തുടങ്ങി..

900 കണ്ടി പോലെയുള്ള മേപ്പാടി പഞ്ചായത്തിലെ നിരവധിയിടങ്ങളിൽ അനധികൃത നിർമാണണങ്ങൾ തകൃതിയാണ്.  ചെമ്പ്രമലയിൽ മരം മുറിക്കൽ സജീവമാണ്. ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ കുറച്ചു ദിവസത്തേക്ക് നിയന്ത്രണമേർപ്പെടുത്തുമെങ്കിലും പിന്നെയും കടുംകൈക്ക് കൂട്ടു നിൽക്കും. ഏറെ അപകട സാധ്യതയുള്ള ചെമ്പ്ര മലയും കുറിച്യർ മലയും കുറുമ്പാലക്കോട്ടയും കള്ളാടിയുമൊക്കെ അടിയന്തരമായി അധികൃതരുടെ ശ്രദ്ധ പതിയേണ്ട ഇടങ്ങളാണ്.

ഈ നാട്ടുകാരുടെ പേടിപ്പെടുത്തുന്ന ദിവസങ്ങൾക്ക് ഇവിടെയും അന്ത്യമാകുന്നില്ല. മഴ മാറിയാൽ പിന്നെ വന്യജീവികൾ ഓരോന്നോരോന്നായി വന്നു തുടങ്ങും. കാട്ടാനയും കടുവയും പുലിയും കാട്ടുപോത്തും മാനുകളും അങ്ങനെയെല്ലാം. പുറത്തിറങ്ങാൻ പോലും പറ്റാത്ത ദിവസങ്ങൾ. ചവിട്ടേറ്റും കടിയേറ്റും എത്ര മനുഷ്യരാണ് വന്യജീവികൾക്ക് മുന്നിൽ ഇരയായത്. രണ്ടുവർഷത്തിനിടെ മാത്രം പതിമൂന്നുപേരെ കാട്ടാനകൾ വകവരുത്തി. പുലിയും കടുവയും കാട്ടുപോത്തുമൊക്കെ കൊന്ന് കലി തീർത്ത കണക്ക് വേറെയുമുണ്ട്. വയനാട്ടിലെ 26 തദ്ദേശസ്ഥാപനങ്ങളിൽ 13 സ്ഥലത്തും നിലവിൽ കാട്ടാനയുടെയോ കടുവയുടെയോ പുലിയുടെയോ സാന്നിധ്യമുണ്ടെന്നാണ് സ്ഥിരീകരണം. 

കാടിറങ്ങുന്ന വന്യജീവികളുടെ ആക്രമണത്തിൽ നിസ്സഹായരായി ജീവൻപൊലിയുന്ന മനുഷ്യരുടെ പട്ടിക ഈ നാട്ടിൽ പിന്നെയും പിന്നെയും കൂടി. ഗ്രാമീണ മേഖലയായാലും വനമേഖല ആയാലും ജീവനോ സ്വത്തിനും ഒരു ഗ്യാരണ്ടിയും ഇല്ലാത്ത ദിവസങ്ങൾ, നഷ്ടപ്പെട്ട സമാധാനത്തിന്മേൽ ഫെൻസിംഗ് തീർത്ത് കഴിച്ചുകൂട്ടുന്നുണ്ട് മനുഷ്യർ. 

ഉരുൾപെട്ടലിന്റെ പിറ്റേന്ന്, മുണ്ടകൈക്ക് സമീപം അട്ടമലയിൽ പുലിയിറങ്ങി. കഴിഞ്ഞ ദിവസം സമീപത്തെ നല്ലന്നൂരിൽ പുലി വനം വകുപ്പിന്റെ കൂട്ടിൽ അകപ്പെട്ടു, അതിന്റെ പിറ്റേന്ന് സുൽത്താൻ ബത്തേരി നഗരത്തിൽ കൊമ്പനിറങ്ങി. ജില്ലയിലെ ഒടുവിലത്തെ ഉദാഹരണങ്ങളാണ് ഇത്. ഓരോ ദിവസവും വന്യജീവി ശല്യവും അതിൽ പിടയുന്ന മനുഷ്യരുടെ എണ്ണവും കൂടുകയല്ലാതെ ഒട്ടും കുറയുന്നേയില്ല. 

2012 ലാണ് വയനാട് മെഡിക്കൽ കോളജ് നിർമിക്കുമെന്ന പ്രഖ്യാപനം വന്നത്. തറക്കല്ലിട്ടെങ്കിലും പിന്നെ ഒന്നും നടന്നില്ല. കൽപറ്റയിൽ ചന്ദ്രപ്രഭാ ട്രസ്റ്റ് മെഡിക്കൽ കോളേജ് നിർമ്മാണത്തിന് നൽകിയെങ്കിലും അവിടെയും തടസ്സം. ഒടുവിലാണ് മാനന്തവാടി ജില്ലാ ആശുപത്രിയെ മെഡിക്കൽ കോളജ് ആയി ഉയർത്തിയത്. പ്രഖ്യാപനവും ഫ്ലക്സ് വെച്ചതും ഒഴിച്ച് പിന്നെല്ലാം ശൂന്യം.

ഗുരുതരമായി പരിക്കേൽക്കുന്നവരെ ചുരമിറക്കി കോഴിക്കോട്ടേക്ക് കൊണ്ടുപോകാറാണ് സ്ഥിരം രീതി. ഭാഗ്യമുള്ളവർക്ക് ആശുപത്രിയിൽ എത്തി ജീവിതത്തിലേക്ക് തിരിച്ചു വരാം. അല്ലാത്തവരുടെ കാര്യം അവിടെ തീരും. വന്യജീവി ആക്രമണത്തിലും മറ്റും ഗുരുതരമായി പരിക്കേറ്റവർ യാത്രാ മധ്യേ ജീവൻ പൊലിഞ്ഞിട്ടുണ്ട് പല തവണ, ചുരത്തിൽ അകപ്പെട്ടവരുണ്ട് ഒരു പാട്. മേപ്പാടിയിലെ wims ആശുപത്രി സർക്കാരിന് ഏറ്റെടുക്കാമെന്ന് അറിയിച്ചതാണ്. എന്നാൽ അതും പിന്നീട് അടഞ്ഞ അദ്ധ്യായമായി. 

ഏറെ പ്രതികൂല സാഹചര്യമുള്ള ഒരു ജില്ലയിൽ അത്യാധുനിക സംവിധാനമുള്ള ഒരു ആശുപത്രി നിർമിക്കാൻ പോലും ഭരണകർത്താക്കൾക്ക് സാധിച്ചിട്ടില്ല. അതി നാട്ടുകാരോട് കാണിക്കുന്ന കടുത്ത അനീതി കൂടിയാണ്. വിദ്യാഭ്യാസ മേഖലയിലും ജില്ലയിലെ പിന്നോക്കാവസ്ഥയ്ക്ക് ഒരു മാറ്റവും വന്നില്ല. സ്കൂൾ തലം മുതൽ ഉന്നത വിദ്യാഭ്യാസയിടങ്ങൾ വരെ ശോചനീയാവസ്ഥ നേരിടുന്നുണ്ട്.

സംസ്ഥാനത്തു ഏറ്റവും കൂടുതൽ ആദിവാസികളുള്ള ജില്ലയാണിത് . ആദിവാസി പുരോഗതിക്ക് ഏറ്റവും കൂടുതൽ ഫണ്ട്‌ നീക്കി വെക്കുന്നതും ഈ ജില്ലയിലാണ്. എന്നാൽ അടിസ്ഥാന സൗകര്യം പോലും എത്താത്ത, വിദ്യാഭ്യാസ അസൗകര്യങ്ങളുള്ള എത്ര എത്രയെത്ര ഊരുകൾ ഉണ്ട് ഈ ജില്ലയിൽ. ഒരു തുണ്ട് ഭൂമിക്ക് വേണ്ടി കാലങ്ങളായി സമരം ചെയ്യുന്ന എത്ര മണ്ണിന്റെ മക്കളുണ്ട്. വാഗ്ദാനങ്ങൾക്കപ്പുറം സ്വപ്നം കാണാനേ ഈ പാവങ്ങൾക്കും വിധിയുള്ളൂ...

കാലാവാസ്ഥാ വ്യതിയാനം ഈ നാടിനെ ചുരുട്ടി കൂട്ടുന്നുണ്ട്. സമീപകാലത്തെ ഏറ്റവും കൂടിയ ചൂടാണ് കഴിഞ്ഞ സീസണിൽ അനുഭവിച്ചത്. കാലം തെറ്റിയ മഴയും വരൾച്ചയും അസഹനീയമാം വിധം അനുഭവപ്പെടുന്നുണ്ട്. മഴയൊന്ന് മാറിയാൽ കബനിയും കൈവഴിപുഴകളും മെലിഞ്ഞുണങ്ങും. കാർഷിക മേഖലക്കും ടൂറിസത്തിനും അന്നുണ്ടാക്കുക കനത്ത നാശമാകും. 

ഉരുൾപൊട്ടലോടെ വയനാട്ടിലേക്കുള്ള സഞ്ചാരികളുടെ വരവ് കുത്തനെ കുറഞ്ഞതാണ്. ആളുകൾ വരാതെയായി. ദേശീയ പാതയും അതിർത്തി ചെക്ക് പോസ്റ്റുകളും ഒഴിഞ്ഞു തുടങ്ങി. അടച്ചിട്ടിരുന്ന വിനോദ സഞ്ചാര കേന്ദ്രങ്ങൾ തുറന്നെങ്കിലും ആളുകളെത്തിയില്ല. വിനോദ സഞ്ചാര കേന്ദ്രങ്ങൾ നിശ്ചലമായതോടെ അതിനെ ആശ്രയിച്ച് ജീവിക്കുന്നവരും വറുതിയിലായി. ഹോട്ടലുകളും സ്ഥാപനങ്ങളും അടച്ചിടേണ്ടി വന്നു. ദുരന്തത്തിൽ നിന്ന് പതിയെ അതിജീവിക്കുന്ന ജില്ലയെ വേനൽകൂടി പ്രതിസന്ധിയിലാക്കരുത്.

ഈ നാടിന്റെ അരക്ഷിതാവസ്ഥയ്ക്ക് കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ അടിയന്തര സഹായം വേണം. പ്രത്യേക ഫണ്ട്‌ വേണം. സമഗ്ര പുരോഗതിക്കായി അന്ന് ഒന്നാം പിണറായി സർക്കാർ വയനാട് പാക്കേജ് പ്രഖ്യാപിച്ചതാണ്. വലിയ പ്രതീക്ഷയോടെ നോക്കി കണ്ടെങ്കിലും പ്രഖ്യാപിച്ച പാക്കേജ് ഇതു വരെ ഫയലിൽ നിന്ന് ഇറങ്ങിയിട്ടില്ല. തുടർദുരന്തങ്ങളുടെ പേക്കൂത്ത്‌ കാലത്തും പ്രഖ്യാപനങ്ങൾക്കപ്പുറം വയനാടിനു ഒരു നല്ല കാലവുമില്ല.

ENGLISH SUMMARY:

Special Program on Wayanad landslide