പി.വി. അന്‍വര്‍ തുറന്നുവിട്ട ഭൂതം പിണറായി വിജയന്‍ സര്‍ക്കാരിനെതിരെ കൂടുതല്‍ കൂടുതല്‍ പ്രതിസന്ധിയിലെത്തിച്ചിരിക്കുന്നു. പ്രതിപക്ഷത്തിന് അപ്രതീക്ഷിതമായി കൈയ്യില്‍ കിട്ടിയ ആയുധം. ഭരണപക്ഷത്തെ ഒരു എംഎല്‍എ തന്നെ സംസ്ഥാനത്തെ പൊലീസിനെതിരെ, പ്രത്യേകിച്ചും ഒരു എഡിജിപിയ്ക്കെതിരെ അതീവ ഗുരുതരമായ ആരോപണങ്ങളുമായി രംഗത്തുവരുന്നു. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയ്ക്കെതിരെ പാര്‍ട്ടിയ്ക്ക് തന്നെ പരാതി കൊടുക്കുന്നു.  ഇരുവരെയും സംരക്ഷിച്ച് അന്വേഷണം കൂടി പ്രഖ്യാപിച്ചതോടെ മുഖ്യമന്ത്രിയും സംശയനിഴലിലാകുന്നു. യുദ്ധം തുടങ്ങിയിട്ടേയുള്ളുവെന്ന് അന്‍വര്‍ പ്രഖ്യാപിക്കുമ്പോള്‍ തെരുവില്‍ യുദ്ധം പ്രഖ്യാപിച്ച് പ്രതിപക്ഷം മുഖ്യമന്ത്രിയുടെ രാജി ആവശ്യവുമായി രംഗത്തെത്തുന്നു. ജില്ലാ ആസ്ഥാനങ്ങളില്‍ മാര്‍ച്ചുമായി യൂത്ത് കോണ്‍ഗ്രസെത്തി. തലസ്ഥാനത്ത് യുദ്ധക്കളമായി. 

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടായിരുന്നു യൂത്ത് കോണ്‍ഗ്രസിന്‍റെ സെക്രട്ടറിയേറ്റ് മാര്‍ച്ച്.  പൊലീസ് ലാത്തിച്ചാര്‍ജില്‍ യൂത്ത് കോ‍ണ്‍ഗ്രസ് വൈസ് പ്രസിഡന്റ്  അബിന്‍ വര്‍ക്കിക്ക് തലയ്ക്ക് ഗുരുതരമായി പരുക്കേറ്റു. പൊലീസ് വളഞ്ഞിട്ട് തല്ലിയെന്ന് അബിന്‍ വര്‍ക്കി പറഞ്ഞു. ജില്ലാ പ്രസിഡന്‍റ് നേമം ഷജീറിന്‍റെ കണ്ണിനും പരുക്കേറ്റു. പൊലീസ് ഏഴുവട്ടം ജലപീരങ്കി പ്രയോഗിച്ചു, വനിതാ പ്രവര്‍ത്തകര്‍ക്കടക്കം പരുക്കേറ്റു. തുടര്‍ന്ന് എംജി റോഡ് യൂത്ത കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉപരോധിച്ചു. ഇതോടെ പൊലീസിനെ വെല്ലുവിളിച്ച് കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍ സമര സ്ഥലത്തെത്തി. 

സമരം കോണ്‍ഗ്രസ് ഏറ്റെടുക്കുമെന്നും അതിക്രമം കാട്ടിയ പൊലീസുകാര്‍ക്ക് വ്യക്തിപരമായി മറുപടി നല്‍കുമെന്നും,  കെ സുധാകരന്‍ പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്രകാരം എസ്.ഐ. ജിജുവിനെ സമരസ്ഥലത്തുനിന്ന് മാറ്റി. ഇതോടെയാണ് സമരസ്ഥലത്ത് നിന്നും ആശുപത്രിയിലേക്ക് പോകാന്‍ അബിന്‍ വര്‍ക്കി സന്നദ്ധനായത്. പൊലീസിനെ വെല്ലുവിളിച്ച് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലും

തെരുവില്‍ മാത്രമല്ല പി. വി അൻവറിന്റെ ആരോപണങ്ങൾ സിപിഎം ബ്രാഞ്ച് സമ്മേളനങ്ങളിൽ പ്രതിഫലിച്ചു തുടങ്ങി. തെക്കൻ കേരളത്തിലെ സമ്മേളനങ്ങളിലാണ് ആരോപണങ്ങൾ ചർച്ചയായി ഉയർന്നു വന്നത്. എ.ഡി.ജി.പിയെ മാറ്റിനിര്‍ത്തി അന്വേഷിക്കണമെന്നത് അന്‍വറിന്റെ മാത്രം ആവശ്യമെന്ന് മന്ത്രി ശിവന്‍കുട്ടി പ്രതികരിച്ചു. പി.വി. അൻവർ ഉയർത്തിയ ആരോപണങ്ങളിൽ സിപിഎം അന്വേഷണം ഏത് രീതിയിൽ എന്ന് നാളെ അറിയാം.

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിക്കെതിരെയും പൊലീസിനെതിരെയും അന്‍വര്‍ ഉയര്‍ത്തിയ ആരോപണങ്ങളുടെ ലക്ഷ്യം എന്തോണോ അത് സാധ്യമാവുകയാണ്.  അന്‍വര്‍ ഉയര്‍ത്തിയ ആരോപണങ്ങളുടെ നിജസ്ഥതി അറിയണമെന്നാണ് ബ്രാഞ്ച് സമ്മേളനങ്ങളില്‍ ഉയരുന്ന വിമര്‍ശനം. മുഖ്യമന്ത്രിയുടെ ഓഫീസും പൊലീസും സമ്മേളനങ്ങളില്‍ പ്രതിക്കൂട്ടില്‍ തന്നെയാണ്. അതേസമയം AGDP യെ മാറ്റാതെയുള്ള അന്വേഷണത്തെ മന്ത്രി വി ശിവന്‍കുട്ടി ന്യായീകരിച്ചു. അന്‍വറോ പി.ശശിയോ ശരിയെന്ന ചോദ്യത്തിന് കാത്തിരിക്കൂവെന്ന് മറുപടി 

നാളെ തിരുവനന്തപുരത്ത് ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് അൻവറിന്റെ പരാതി ചർച്ച ചെയ്ത് സിപിഎം  അന്വേഷണം പ്രഖ്യാപിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിനെതിരെയും സംസ്ഥാന സമ്മേളനങ്ങളില്‍ വിമര്‍ശനം ഉയരുന്നുണ്ട്. കോടിയേരി ബാലകൃഷ്ണന്റെ അഭാവം ഇപ്പോഴാണ് മനസ്സിലാകുന്നത് എന്ന് പ്രതിനിധികൾ ചൂണ്ടിക്കാട്ടി. കോടിയേരി ഉണ്ടായിരുന്നെങ്കിൽ ഈ വിധം പാർട്ടി തകരില്ലായിരുന്നു എന്നാണ് ബ്രാഞ്ച് സമ്മേളനങ്ങളിൽ ഉയരുന്ന ചർച്ചകള്‍.

അൻവറും മുഖ്യമന്ത്രിയും തമ്മിൽ ഒത്തുതീർപ്പാക്കിയാൽ തീരാവുന്ന പ്രശ്നമല്ല   നിലവിലുള്ളതെന്ന് മുസ്ലിം ലീഗ് നേതാവ് കെ എം ഷാജി. ഗുരുതരമായ ആരോപണങ്ങളിൽ സി ബി ഐ അന്വേഷണം വേണം. കോൺഗ്രസിനൊപ്പം ലീഗും ശക്തമായ സമരത്തിനിറങ്ങുമെന്നും കെ എം ഷാജി പറഞ്ഞു. 

മലപ്പുറം എടവണ്ണയിൽ എ എസ് ഐ ആയിരുന്ന ശ്രീകുമാർ ആത്മഹത്യ ചെയ്തതില്‍ മുന്‍ എസ്.പി.... എസ്. സുജിത് ദാസിനെതിരെ വെളിപ്പെടുത്തലുമായി സുഹൃത്തിന് അബ്ദുല്‍ നാസർ. സേനയിൽ നിന്ന് നേരിട്ട പ്രയാസങ്ങള്‍ മരിക്കുന്നതിനു മുൻപ് ശ്രീകുമാർ തന്നോട് പറഞ്ഞിരുന്നുവെന്ന് സുഹൃത്ത് നാസർ പറഞ്ഞു. ശ്രീകുമാറിന്റെ ഡയറിക്കുറിപ്പുകളിൽ നിന്ന് ചില ഭാഗം പൊലീസ് കീറിക്കൊണ്ട് പോയി എന്ന ഗുരുതര ആരോപണവും നാസർ ഉന്നയിക്കുന്നുണ്ട്.

2021 ജൂൺ 10നാണ് എടവണ്ണ സ്വദേശിയായ എഎസ്ഐ ശ്രീകുമാർ ആത്മഹത്യ ചെയ്തത്. അന്വേഷണത്തിന് എത്തിയ പൊലീസ് സംഘം ശ്രീകുമാറിന്റെ ഡയറിയിലെ പ്രസക്തമായ ഭാഗങ്ങൾ കീറിയെടുത്തു കൊണ്ടുപോയി എന്നാണ് സുഹൃത്ത് നാസറിന്റെ ആരോപണം. പിടികൂടുന്ന പ്രതികളെ മർദ്ദിക്കാൻ ഉയർന്ന ഉദ്യോഗസ്ഥർ ശ്രീകുമാറിനെ നിർബന്ധിച്ചിരുന്നെന്നും ഇത് ശ്രീകുമാർ തന്നോട് പലവട്ടം പറഞ്ഞിട്ടുണ്ടെന്നും നാസർ പറയുന്നു.

പൊലീസ് സേനയിലെ സമ്മർദ്ദങ്ങൾ സഹിക്കാനാവാതെയാണ് ശ്രീകുമാർ ആത്മഹത്യ ചെയ്തതെന്നും വിശദമായ അന്വേഷണം വേണമെന്നും പി.വി. അന്‍വര്‍ എംഎല്‍എ ആവശ്യപ്പെട്ടിരുന്നു. 

സുജിത് ദാസ് എസ് പി ആയിരിക്കെയാണ് മലപ്പുറം എസ് പിയുടെ ക്യാംപ് ഓഫീസിൽ നിന്ന് മരങ്ങൾ മുറിച്ചു മാറ്റിയതെന്നു വ്യക്തമാക്കി  അയൽക്കാരി ഫരീദയും കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയിരുന്നു.  മരങ്ങൾ മുറിച്ചു മാറ്റിയ ശേഷം വീടിനു ഭീഷണിയായ മരങ്ങൾ മുറിച്ചു തരണമെന്നു അപേക്ഷ ചോദിച്ചു വാങ്ങിയെന്നും, മരങ്ങൾ മുറിച്ചത് യു. അബ്ദുൽ കരിം എസ് പിയായിരുന്ന കാലത്താണെന്നു പറയണമെന്ന് പൊലീസ് ഉദ്യോഗസ്ഥർ നിർബന്ധിച്ചെന്നും ഫരീദ പറഞ്ഞു.

ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയെ എഡിജിപി എം.ആര്‍ അജിത് കുമാര്‍ കണ്ടുവെന്നത് മുഖ്യമന്ത്രി പിണറായി വിജയന്‍ നിഷേധിച്ചിട്ടില്ലെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍. മുഖ്യമന്ത്രിക്കുവേണ്ടി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനാണ് മറുപടി നല്‍കുന്നത്. ആര്‍എസ്എസ് നേതാവും എഡിജിപിയും കൂടിക്കാഴ്ച്ച നടത്തിയ സ്ഥലവും സമയവും താന്‍ വെളിപ്പെടുത്തിയതാണെന്നും വി.ഡി സതീശന്‍ പറഞ്ഞു. 

അതേസമയം കോഴിക്കോട്ടെ വ്യാപാരി മാമി എന്ന് വിളിക്കപ്പെടുന്ന മുഹമ്മദ്  ആട്ടൂരിന്‍റെ തിരോധാനം 

സി.ബി.ഐക്ക് വിടാന്‍ ശുപാര്‍ശ. മലപ്പുറം എസ്.പി. എസ്.ശശിധരന്‍ ഡിജിപിക്ക് റിപ്പോര്‍ട്ട്  നല്‍കി. കുടുംബത്തിന്‍റെ ആവശ്യപ്രകാരമാണ്  സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുന്നതെന്ന് എസ്.പി പറഞ്ഞു. തിരോധാനത്തില്‍ എഡിജിപി അജിത്കുമാറിന്‍റെ പങ്ക് അന്വേഷിക്കണമെന്ന്  പി.വി.അന്‍വര്‍ എം.എല്‍.എ  ആവശ്യപ്പെട്ടിരുന്നു. 

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട്  വിവിധ ജില്ലകളില്‍ നടന്ന പ്രതിപക്ഷ സംഘടനകളുടെ മാര്‍ച്ചുകളിലും സംഘര്‍ഷമുണ്ടായി. 

എസ്പിയും എഡിജിപിയും അഭ്യന്തര വകുപ്പും ഒരുമിച്ച് കൊള്ള നടത്തുന്നെന്ന് ആരോപിച്ച് പത്തനംതിട്ട എസ്പി ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മാർച്ച് നടത്തി. പ്രതിഷേധ മാർച്ച് മാത്യു കുഴൽനാടൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. എസ്പി ഓഫീസിന് മുന്നിൽ വെച്ച് പൊലീസ് പ്രവർത്തകരെ ബാരിക്കേഡ് വെച്ച് തടഞ്ഞു. മുൻ എസ്പി സുജിത് ദാസിന്റെ ചിത്രം പതിപ്പിച്ച വാഴ ബാരിക്കേഡിന് മുകളിൽ സ്ഥാപിച്ച പ്രവർത്തകർ ബാരിക്കേഡ് മറച്ചിടാനും ശ്രമിച്ചു. തുടർന്ന് പത്തനംതിട്ട കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് മുന്നിൽ റോഡ് ഉപരോധിച്ചു. ഇതോടെ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വിജയ് ഇന്ദുചൂഢനുൾപ്പെടെ നാലോളം പേരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. തുടർന്ന് പ്രവർത്തകർ പ്രതിഷേധമായി പത്തനംതിട്ട പൊലീസ് സ്റ്റേഷനിലേക്ക് എത്തിയെങ്കിലും മാർച്ച് പൊലീസുകാർ തടഞ്ഞു.

ഭരണകക്ഷി എംഎൽഎ തന്നെ ഗുരുതര ആരോപണങ്ങൾ ഉയർത്തിയിട്ടും മുഖ്യമന്ത്രിയും ആഭ്യന്തരവകുപ്പും  എഡിജിപി  എം ആർ അജിത് കുമാറിനെ  സംരക്ഷിക്കുന്നുവെന്ന്  ആരോപിച്ച് യൂത്ത് കോൺഗ്രസ് കോട്ടയം എസ്പി ഓഫീസിലേക്ക് മാർച്ച് നടത്തി. കോട്ടയം ഗാന്ധി സ്ക്വയറിൽ നിന്ന് ആരംഭിച്ച  പ്രതിഷേധ മാർച്ച് എസ്പി ഓഫീസിലേക്ക് കടക്കുന്നതിന് മുൻപായി  പൊലീസ് തടഞ്ഞു. ബാരിക്കേഡ്  മറികടന്ന് അകത്തുകടക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു . പ്രതിഷേധവുമായി സ്ഥലത്തു തുടർന്ന് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത്  നീക്കി.

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നാളെ സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തുമെന്ന് പ്രതിപക്ഷനേതാവ് അറിയിച്ചു. ചുരുക്കത്തില്‍ അന്‍വര്‍ തുറന്നുവിട്ട ഭൂതം സര്‍ക്കാരിനെയും സിപിഎമ്മിനേയും അക്ഷരാര്‍ഥത്തില്‍ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.