israel-hamas

TOPICS COVERED

യുദ്ധം, പലായനം, പട്ടിണി, തടവുജീവിതങ്ങള്‍. ദുരിതജീവിതം. അങ്ങനെ മധ്യപൂര്‍വദേശത്തെ തുടര്‍ച്ചയായി ആശങ്കപ്പെടുത്തുകയാണ് ഈ മേഖല. ഒരിടവേളയ്ക്ക് ശേഷം ലോകം ഞെട്ടിയൊരു ആക്രമണത്തിനാണ് കഴിഞ്ഞ വര്‍ഷം, 2023 ഒക്ടോബര്‍ ഏഴിന് ഇസ്രയേല്‍ സാക്ഷിയായത്. അരനൂറ്റാണ്ടിനിടെ ഇസ്രയേല്‍ നേരിട്ട ഏറ്റവും വലിയ തിരിച്ചടി. ഇസ്രയേലെന്ന സുശക്തമായ രാജ്യത്തെ ഞെട്ടിച്ച് ഹമാസിന്‍റെ ഓപ്പറേഷൻ അൽ അഖ്‌സ ഫ്ലഡ്.

 

ലോകത്തിലെ ഏറ്റവും മികച്ചതെന്നു വാഴ്ത്തപ്പെടുന്ന രഹസ്യാന്വേഷണ ഏജൻസി മൊസാദിന്റെ ചാരക്കണ്ണുകളെ വെട്ടിച്ച് ഹമാസിന്‍റെ മിന്നലാക്രമണം. തെക്കൻ ഇസ്രയേലിൽ കര, കടൽ, ആകാശം വഴി ഹമാസ് സംഘാംഗങ്ങള്‍ നുഴഞ്ഞുകയറി. ഇസ്രയേല്‍ കരുതിയതിനുമപ്പുറമുള്ള ആക്രമണം. ഹമാസിന് അത്തരമൊരു ആക്രമണത്തിന് എങ്ങനെ ധൈര്യം വന്നെന്ന ചോദ്യം ഒരുവശത്തുണ്ട്. കാരണം ആ ആക്രമണത്തിന് ശേഷമുണ്ടാകാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ആരെക്കാളും നന്നായറിയാവുന്നതും ഹമാസിനായിരുന്നിരിക്കണം.  

അതിര്‍ത്തിയിലെ ചെക്പോസ്റ്റുകള്‍ തകര്‍ത്തും സുരക്ഷാസേനയുടെ കണ്ണുവെട്ടിച്ചുമൊക്കെ ഹമാസ് ഇസ്രയേലിലേക്ക് പറന്നിറങ്ങി. വിവിധയിടങ്ങളില്‍ ആക്രമണ പരമ്പര. തെക്കൻ ഇസ്രയേലിൽ കിബുറ്റ്സിൽ ട്രൈബ് ഓഫ് നോവ മ്യൂസിക് ഫെസ്റ്റിവലിനെത്തിയ 260 പേരാണു ഹമാസ് നടത്തിയ വെടിവയ്പിൽ കൊല്ലപ്പെട്ടത്. ചെറുപ്പക്കാരായിരുന്നു ഏറെയും. ഗാസാ അതിർത്തിയിൽനിന്ന് 5 കിലോമീറ്റർ അകലെയായിരുന്നു സംഗീതോത്സവം. ഒട്ടേറെപ്പേരെ ഹമാസ് പിടിച്ചുകൊണ്ടുപോയി. അതേനേരം, ഇസ്രയേലിന്‍റെ മറ്റിടങ്ങളിലും ഹമാസ് താണ്ഡവമാടി. വാതില്‍ പൊളിച്ച് വീടുകളിലേക്ക് കയറി കണ്ണില്‍ കണ്ടവരെയെല്ലാം വെടിവച്ചു. ചിലരെ ബന്ദികളാക്കി. യുവതികളടക്കമുള്ളവരെ നിര്‍ദാക്ഷണ്യം വലിച്ചിഴച്ച് വാഹനങ്ങളില്‍ തട്ടിക്കൊണ്ടുപോയി.

സൈനികർ ഉൾപ്പെടെ നൂറുകണക്കിന് ഇസ്രയേലികളെ ഹമാസ് ബന്ദികളാക്കി. ഇസ്രയേല്‍ സൈന്യത്തിന്‍റെ ടാങ്കറുകളടക്കം ഹമാസ് കൈക്കലാക്കി. ചിലത് ബോംബിട്ടു തകര്‍ത്തു. അങ്ങനെ ഇസ്രയേല്‍ അന്നുവരെ കണ്ടിട്ടില്ലാത്തൊരു അരക്ഷിതാവസ്ഥയ്ക്കാണ് ആ ശനിയാഴ്ച രാവിലെ സാക്ഷിയായത്. ഗാസയോടു ചേർന്ന തെക്കൻ ഇസ്രയേലിലെ കഫർ അസ, സ്ദെറോത്, സുഫ, നഹൽ ഓസ്, മാഗെൻ, ബീയിറൈ എന്നീ പട്ടണങ്ങളിലടക്കം 25 ഇടങ്ങളില്‍ ഹമാസുമായി ഇസ്രയേൽ സേന ഏറ്റുമുട്ടി. കടൽ വഴി നുഴഞ്ഞുകയറാൻ ശ്രമിച്ച ഹമാസ് സംഘത്തെ ഇസ്രയേല്‍ സേന വെടിവച്ചുകൊന്നു. 5,000 റോക്കറ്റുകൾ തൊടുത്തതായി ഹമാസിന്‍റെ അവകാശവാദം. 2,200 റോക്കറ്റുകൾ പതിച്ചെന്ന് ഇസ്രയേൽ. ആക്രമണത്തിനു ഹമാസ്  മടിക്കുന്നത് ഇസ്രയേലിന്റെ പ്രതികരണം അതിതീവ്രമാകുമെന്നു ഭയന്നാണെന്നു കരുതിയ നെതന്യാഹുവിനും കൂട്ടർക്കും പിഴച്ചു. യുഎസ്, യുകെ, ഇന്ത്യ, യുഎഇ തുടങ്ങിയ രാജ്യങ്ങൾ ഹമാസ് ആക്രമണത്തെ അപലപിച്ചു. പതിവുപോലെ ഇറാൻ ഹമാസിനെ പിന്തുണച്ചു.

മൊസാദിന്‍റെ സാങ്കേതിക മികവിനും പ്രവര്‍ത്തനശേഷിക്കും എന്തു സംഭവിച്ചു എന്നതടക്കം ചോദ്യങ്ങള്‍ ഉയര്‍ന്നു. വെറും 365 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഗാസയിൽനിന്ന് ഇത്ര ശക്തമായ ആക്രമണം എന്തുകൊണ്ടു മുൻകൂട്ടി കണ്ടില്ലെന്നതടക്കം ചോദ്യങ്ങള്‍. പക്ഷേ, ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തും മുന്‍പ് ഇസ്രയേല്‍ ഒറ്റക്കെട്ടായി പോരാട്ടത്തിനൊരുങ്ങി. ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിന്‍റെ നേതൃത്വത്തില്‍ പ്രതിപക്ഷത്തെയടക്കം ഉള്‍പ്പെടുത്തി വാര്‍ ക്യാബിനെറ്റിന് രൂപം നല്‍കി. പിന്നീട് ഈ ഒരു വര്‍ഷമായി കണ്ടത്, കണ്ടുകൊണ്ടിരിക്കുന്നത് മൊസാദിന്‍റെ, ഇസ്രയേലിന്‍റെ ശക്തിയുടെ പ്രകമ്പനങ്ങളാണ്.

ഗാസയായിരുന്നു പിന്നീടിങ്ങോട്ട് ലോകത്തിന്‍റെ ശ്രദ്ധാകേന്ദ്രം. ഇസ്രയേലിന്‍റെ എല്ലാ ശക്തിയും ഗാസയെന്ന മുനമ്പിലേക്ക് അടിച്ചമര്‍ത്തപ്പെടുന്ന കാഴ്ച. സുരക്ഷിതതാവളമെന്ന് കരുതി ഹമാസ് നിര്‍മിച്ച തുരങ്കങ്ങളടക്കം തകര്‍ത്ത് ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്സിന്‍റെ ആക്രമണം. ഹമാസിനെത്തേടി വിദ്യാലയങ്ങള്‍, ആശുപത്രികള്‍ എന്നുവേണ്ട അഭയാര്‍ഥിക്യാംപുകള്‍വരെ തച്ചുതകര്‍ത്തു. വെള്ളവും വൈദ്യുതിയും അതിലുപരി ഭക്ഷണവും കിട്ടാക്കനിയായ അവസ്ഥയിലേക്ക് ഗാസയിലെ ജനം തള്ളപ്പെട്ടു. ഓരോ സ്ഥലത്തുനിന്ന് മറ്റൊന്നിലേക്ക് പലായനം ചെയ്യാനായിരുന്നു ജനത്തിന്‍റെ വിധി. റാഫ വഴി ഈജിപ്തിലേക്കുള്ള പലായനത്തിന് അതിര്‍ത്തിയില്‍ തടയിട്ടതോടെ അടച്ചിട്ടൊരു ഗുഹയ്ക്കുള്ളിലെന്നപോലെ ഗാസയിലെ ജനം വീര്‍പ്പുമുട്ടി.  അതിനിടയില്‍ യൂറോപ്പിലും ആഫ്രിക്കയിലുമെന്നുവേണ്ട കേരളത്തില്‍ പോലും ഇസ്രയേലിനെതിരെ പ്രതിഷേധ പരമ്പരകള്‍. പക്ഷേ, അതിനെല്ലാം മുകളിലായിരുന്നു ഇസ്രയേലിന്‍റെ പ്രതികാരവാഞ്ജ. ഒക്ടോബര്‍ ഏഴിന്‍റെ ആസൂത്രകരെയെല്ലാം കൊലപ്പെടുത്തുമെന്ന നെതന്യാഹുവിന്‍റെ പ്രഖ്യാപനം അക്ഷരാര്‍ഥത്തില്‍ നടപ്പാക്കുകയായിരുന്നു ഇസ്രയേല്‍ സേന.

‍ഡ‍ിസംബറോടെ യുദ്ധം, ഗാസയ്ക്കും, പലസ്തീനും പുറത്തേക്ക് വ്യാപിച്ചു. ഹമാസിനൊപ്പം നില്‍ക്കാന്‍ പതിവുപോലെ ഇറാന്‍റെ പിന്തുണയോടെ ലബനനില്‍ നിന്ന് ഹിസ്ബുല്ലയും യെമനില്‍ നിന്ന് ഹൂതിയും ഇസ്രയേലിനെതിരെ ആക്രമണം തുടങ്ങി. ഉടന്‍ ലബനനിലേക്കും സിറിയയിലേക്കും യെമനിലേക്കുമെല്ലാം ഇസ്രയേല്‍ പ്രത്യാക്രമണം വ്യാപിപ്പിച്ചു. അതിനിടെ ഹമാസ് രാഷ്ട്രീയ കാര്യ മേധാവിയെ ഇറാനിലെ ടെഹ്റാനില്‍ കനത്ത സുരക്ഷയ്ക്ക് നടുവില്‍ കൊലപ്പെടുത്തിയ ഇസ്രയേല്‍ യുദ്ധത്തിന്‍റെ അടുത്തപടിയിലേക്ക് കടന്നു. ഹമാസ് നഖ്ബ യൂണിറ്റ് കമാന്‍ഡര്‍ അല്‍ ഖാദി, ഹമാസ് മിലിറ്ററി വിങ് കമാന്‍ഡര്‍ മുഹമ്മദ് ദെയ്ഫ്, ഹിസ്ബുല്ല തലവന്‍ ഹസന്‍ നസ്റല്ല, ഹിസ്ബുല്ല എക്സിക്യുട്ടീവ് കൗണ്‍സില്‍ ഉപമേധാവി നബീല്‍ ഖാഔക്. അങ്ങനെ ഹമാസ്, ഹിസ്ബുല്ല തലവന്‍മാരെ, ഉന്നത നേതാക്കളെ ഓരോന്നായി ഇസ്രയേല്‍ വധിച്ചു. പക്ഷേ, തലമാറിയാലും ആശയം മാറില്ലെന്ന തിരിച്ചറിവില്‍ ഹമാസിന്‍റെ ഉന്മൂലനമാണ് ലക്ഷ്യമെന്ന് നെതന്യാഹു ആവര്‍ത്തിച്ച് പ്രഖ്യാപിച്ചു.

ഗാസയിലെ ഹമാസും ഇസ്രയേലും എന്നതിനപ്പുറത്തേക്ക് യുദ്ധം വ്യാപിച്ചതോടെ കാര്യങ്ങള്‍ കൈവിട്ട നിലയിലായി. താല്‍ക്കാലികമായെങ്കിലും വെടിനിര്‍ത്തണമെന്ന ആവശ്യത്തോടെ ഖത്തറിലും ഈജിപ്തിലും പലകുറി ചര്‍ച്ച നടന്നു. പലരാജ്യങ്ങളും മധ്യസ്ഥരായി. വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്കിടയിലും കൊല്ലും കൊലയും രൂക്ഷമായി തുടര്‍ന്നു. ഹമാസ്, ഹിസ്ബുല്ല മേധാവിമാരുടെ കൊലപാതകം കൂടിയായതോടെ ചര്‍ച്ചകളെല്ലാം അലസിപ്പിരിഞ്ഞു. ഒടുവില്‍ മധ്യപൂര്‍വദേശത്തെ മുഴുവന്‍ ഭീതിയിലാഴ്ത്തി ഇസ്രയേലിനെതിരെ ഇറാന്‍ വ്യോമാക്രമണം നടത്തി. തക്കതായി പ്രതികാരമുണ്ടാകുമെന്ന് നെതന്യാഹു ഇറാന് മുന്നറിയിപ്പ് നല്‍കിയതോടെ യുദ്ധം രാജ്യങ്ങള്‍ തമ്മിലാകുമോയെന്ന ആശങ്കയിലായി.

ഹമാസിന്റെ ഇസ്രയേല്‍ ആക്രമണത്തിന് ഒരു വര്‍ഷം തികയാന്‍ ഒരാഴ്ച ബാക്കി നില്‍ക്കെ യുദ്ധം പുതിയ തലത്തിലേക്ക്. ഹമാസിനും ഹിസ്ബുല്ലയ്ക്കും ഹൂതികള്‍ക്കും പിന്തുണ നല്‍കിയിരുന്ന ഇറാന്‍ ഇസ്രയേലിനെ നേരിട്ട് ആക്രമിച്ചു. പതിവുഭീഷണികള്‍ മാത്രമായൊതുങ്ങുമെന്ന് കരുതിയിടത്താണ് ഇസ്രയേലിനെതിരെ ഇറാന്‍ ശക്തമായ ആക്രമണം നടത്തിയത്. മിസൈലുകള്‍ ലക്ഷ്യസ്ഥാനങ്ങളില്‍ പതിച്ചെന്ന് ഇറാന്‍  അവകാശപ്പെടുമ്പോള്‍ അമേരിക്കയുടെയും ബ്രിട്ടന്റെയും സഹായത്തോടെ പ്രതിരോധിച്ചെന്നായിരുന്നു ഇസ്രയേല്‍ വാദം. ഇറാന്‍ മിസൈല്‍ മൊസാദ് ആസ്ഥാനത്തിന് സമീപം പതിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ഇസ്രയേലിന് പിന്തുണയുമായി അമേരിക്കയും രംഗത്തെത്തി. ഇറാന്റെ ആണവകേന്ദ്രമുള്‍പ്പെടെ ലക്ഷ്യമിട്ട് ഇസ്രയേല്‍ ആക്രമണം നടത്തുമോയെന്ന ആശങ്കയിലാണ് മധ്യപൂര്‍വദേശം. ആണവകേന്ദ്രങ്ങള്‍ ആക്രമിക്കുന്നതിനെ പിന്തുണയ്ക്കില്ലെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ആശങ്ക ഒഴിഞ്ഞിട്ടില്ല.

സൈനികശേഷിയിലും സാങ്കേതിക മികവിലും പശ്ചിമേഷ്യയിലെ ഒന്നാംനിര രാജ്യങ്ങളാണ് ഇസ്രയേലും ഇറാനും. ചുറ്റുമുള്ള സുന്നി മുസ്‌ലിം രാജ്യങ്ങളുമായി പലതവണ യുദ്ധങ്ങളിലും യുദ്ധേതര ഓപ്പറേഷനുകളിലും ഏർപ്പെട്ടിട്ടുള്ള ഇസ്രയേൽ ഇതുവരെ ഇറാനുമായി സൈനികമായി നേരിട്ട് ഏറ്റുമുട്ടിയിട്ടില്ല. ഇസ്രയേലിന്റെ പക്കൽ ആണവായുധമുണ്ടെന്നതു പരസ്യമായ രഹസ്യമാണെങ്കിൽ ഇറാനും അതു നിർമിക്കാനുള്ള ശേഷിയുണ്ടെന്നാണു കരുതുന്നത്. ഏപ്രിലിലും ഇറാൻ പരിമിതമായ നിലയിൽ ഇസ്രയേലിലേക്കു മിസൈൽ ആക്രമണം നടത്തിയിരുന്നു. ഹിസ്ബുല്ലയ്ക്കുവേണ്ടി എത്രമാത്രം റിസ്ക് എടുക്കാൻ ഇറാൻ തയാറാകുമെന്ന് ഇനിയും വ്യക്തമല്ല. ലബനനിൽ സൈനികമായി നേരിട്ട് ഇടപെട്ടു ഹിസ്ബുല്ലയെ സഹായിക്കാൻ ഇറാനു സാധ്യമല്ല. ഹിസ്ബുല്ലയെ പൂർണമായി തകർക്കുന്നതിൽനിന്ന്  ഇസ്രയേലിനെ പിന്തിരിപ്പിക്കുക മാത്രമാവും ഇറാന്റെ ലക്ഷ്യമെന്നാണ് കരുതുന്നത്. ഗാസയിലെ ഹമാസിനെതിരെയുള്ള പോരാട്ടത്തിൽ പിന്തുണ നൽകിയിരുന്നതിനോടൊപ്പം സംയമനം പാലിക്കാനും യുഎസ് ഇസ്രയേലിനുമേൽ സമ്മർദം ചെലുത്തുന്നുണ്ട്. അതേസമയം, ഇറാന് പിന്തുണ പ്രഖ്യാപിച്ചിരുന്ന റഷ്യ തൽക്കാലം സംയമനം പാലിക്കാനാണ് ഇറാൻ നേതൃത്വത്തെ ഉപദേശിച്ചിരിക്കുന്നതെന്നാണ് സൂചന.

അതിനിടെ ലബനനില്‍ വ്യോമാക്രമണത്തിനൊപ്പം കരയാക്രമണത്തിലേക്കും ഇസ്രയേല്‍ കടന്നു. ലബനില്‍ രണ്ടായിരത്തിലധികം ഹിസ്ബുല്ല കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ഹിസ്ബുല്ലയുടെ തിരിച്ചടിയില്‍ ഒന്‍പത് ഇസ്രയേലി സൈനികര്‍ കൊല്ലപ്പെട്ടു. ലബനൻ അതിർത്തിയിലെ 25 ഗ്രാമങ്ങളിലെ ജനങ്ങളോട് ഒഴിഞ്ഞുപോകാൻ സൈന്യം ആവശ്യപ്പെട്ടിരുന്നു. ഹിസ്ബുല്ല സംഘാംഗങ്ങളുടെ വീടുകള്‍ക്ക് നേരെയടക്കം ആക്രമണമുണ്ടാകുമെന്ന മുന്നറിയിപ്പു ലഭിച്ചതോടെ ജനങ്ങൾ പരിഭ്രാന്തരായി വടക്കൻ മേഖലയിലേക്കു പലായനം തുടങ്ങി. 2006 ലെ യുദ്ധത്തിനുശേഷം ഇതാദ്യമാണ് ഇസ്രയേൽ സൈന്യം ലബനൻ അതിർത്തി കടക്കുന്നത്. ഹിസ്ബുല്ല കേന്ദ്രങ്ങൾ മാത്രം ലക്ഷ്യമിട്ടുള്ള പരിമിത കരയുദ്ധമാണു ലക്ഷ്യമെന്ന് ഇസ്രയേൽ വ്യക്തമാക്കി. രാജ്യചരിത്രത്തിലെ ഏറ്റവും അപകടകരമായ ഘട്ടങ്ങളിലൊന്നാണു മുന്നിലെന്നു ലബനൻ പ്രധാനമന്ത്രി നജീബ് മികാത്തി പറഞ്ഞു. ലോകസാമ്പത്തികമേഖലയില്‍ എണ്ണവരുമാനം കൊണ്ട് പ്രാധാന്യമര്‍ഹിക്കുന്നൊരു മേഖലയില്‍ വീഴുന്ന തീപ്പൊരി കത്തിപ്പടരാതിരിക്കട്ടെയെന്നാണ് ലോകം ആഗ്രഹിക്കുന്നത്. ഇറാന്‍റെ ആക്രമണത്തിനുള്ള ഇസ്രയേലിന്‍റെ പ്രത്യാക്രമണം ഏതുനിമിഷവും സംഭവിച്ചേക്കാം എന്ന ഭീതി തലയ്ക്ക് മുകളിലുണ്ടെന്നതാണ് യാഥാര്‍ഥ്യം.

ഇസ്രയേലിനെതിരെ അമേരിക്കയിലും ബ്രിട്ടനിലുമടക്കം വിവിധയിടങ്ങളില്‍ കനത്ത പ്രതിഷേധം അരങ്ങേറുന്നുണ്ട്. ചിലയിടങ്ങളിലെങ്കിലും ഇസ്രയേലിനെ പിന്തുണച്ചും പ്രകടനങ്ങളുണ്ട്. യുഎന്നില്‍ ഇസ്രയേലിനെതിരായ പ്രമേയങ്ങള്‍ വീറ്റോ ചെയ്ത് അമേരിക്ക ഇസ്രയേലിനൊപ്പം നില്‍ക്കുമ്പോള്‍ ഇന്ത്യയടക്കം മറ്റുരാജ്യങ്ങളുടെ നിലപാടെന്താണ്. മേഖലയില്‍ ഏറ്റവും നിര്‍ണായകമായ നിലപാടെടുക്കുന്ന, എന്നും പലസ്തീന് പിന്തുണ നല്‍കിയിരുന്ന ഗള്‍ഫ് രാജ്യങ്ങള്‍ നിലപാട് മയപ്പെടുത്തിയിട്ടുണ്ടോ? ഹമാസിനോ ഇറാനോ സൗദിഅറേബ്യയും യുഎഇയുമൊക്കെ എന്തുകൊണ്ടാണ് സമ്പൂര്‍ണ പിന്തുണ നല്‍കാത്തത്?

ഒക്ടോബര്‍ ഏഴിന് ഹമാസ് ഇസ്രയേലിനെ ആക്രമിച്ചപ്പോള്‍ അത് ഭീകരാക്രമണമെന്ന് ആദ്യം പറഞ്ഞവരിലൊരാള്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയായിരുന്നു. ഇന്ത്യ ഹമാസിനെ ഭീകരപ്രസ്താനമായി കരുതിയിട്ടില്ലെങ്കിലും ഭീകരാക്രമണമെന്ന് വിശേഷിപ്പിക്കാന്‍ ഇന്ത്യ മടിച്ചില്ല. ഒപ്പം ഇസ്രയേലിന് പിന്തുണയും ഇന്ത്യ വാഗ്ദാനം ചെയ്തു. നെഹ്റുവിന്‍റെ കാലം മുതലേ പലസ്തീനായിരുന്നു ഇന്ത്യയുടെ പ്രഥമ പരിഗണനയെങ്കില്‍ മോദിയും നെതന്യാഹുമായുള്ള ശക്തമായ ബന്ധം ഇസ്രയേലിനെ ഇന്ത്യയുടെ നല്ല സുഹൃത്താക്കി മാറ്റിയെന്നതാണ് യാഥാര്‍ഥ്യം. പലസ്തീന്‍ ജനതയ്ക്ക് ഏറ്റവുമധികം പിന്തുണ നല്‍കുന്ന, ലോകവേദികളില്‍ പലസ്തീന് പിന്തുണ പ്രഖ്യാപിച്ചിരുന്ന രാജ്യങ്ങളായിരുന്നു സൗദി അറേബ്യയും യുഎഇയുമടങ്ങുന്ന ഗള്‍ഫ് രാജ്യങ്ങള്‍. പക്ഷേ, കഴിഞ്ഞ ഒരു വര്‍ഷമായുള്ള യുദ്ധത്തില്‍, മാനുഷിക ദുരിതത്തിന് സഹായമെത്തിക്കുന്നതിനപ്പുറം ഹമാസ് മുന്നോട്ടുവയ്ക്കുന്ന രാഷ്ട്രീയത്തെ പൂര്‍ണമായും പിന്‍താങ്ങാന്‍ സൗദിയോ യുഎഇയോ ശ്രമിക്കുന്നില്ലെന്നത് യാഥാര്‍ഥ്യമാണ്. അതിന് കൃത്യമായ കാരണങ്ങളുണ്ട്. ആ കാരണം ഇറാനാണ്.

ഹമാസിനും ഹിസ്ബുല്ലയ്ക്കും ഹൂതികള്‍ക്കും ഏറ്റവുമധികം പിന്തുണയും സഹായവും നല്‍കുന്ന രാജ്യം ഇറാനാണ്. പ്രത്യക്ഷ ഏറ്റുമുട്ടലില്ലെങ്കിലും സൗദിയും യുഎഇയുമൊക്കെ ഇറാനെ ഒരു കയ്യകലത്തിലാണ് നിര്‍ത്തിയിരിക്കുന്നത്. ഭീകരരെ സഹായിക്കുന്നുവെന്നതടക്കം ആരോപണങ്ങളാണ് അവര്‍ ഇറാനുമേല്‍ ആരോപിക്കുന്നത്. ഹമാസിനെ നേരിട്ട് സഹായിക്കുന്ന ഹൂതികളാകട്ടെ സൗദിയുമായി നേരിട്ടും അല്ലാതെയും യുദ്ധം ‌നടത്തുന്നവരാണ്. ഏറ്റവും സുരക്ഷിതമെന്ന് കരുതിയിരുന്ന യുഎഇ തലസ്ഥാനമായ അബുദാബിയില്‍ പോലും ആക്രമണം നടത്തിയവരാണ് ഹൂതികള്‍. അതിനാല്‍ തന്നെ ഹമാസിന് നല്‍കുന്ന സഹായങ്ങള്‍ ഹൂതികള്‍ക്കു കൂടിയുള്ളതാകുമെന്ന് യുഎഇയും സൗദിയും വിശ്വസിക്കുന്നു. . അത്തരത്തിലുള്ള കൂട്ടുകെട്ടുകളുമായി ചേര്‍ന്ന് പോര് നടത്തുന്നവരെ, ഹമാസിനെ മധ്യപൂര്‍വദേശത്തെ ശക്തരായ സൗദിയും യുഎഇയും അകറ്റിനിര്‍ത്താന്‍ ഇവയൊക്കെയാണ് കാരണങ്ങള്‍.

അങ്ങനെ, അസ്ഥിരമായൊരു സാഹചര്യത്തിലൂടെയാണ് മധ്യപൂര്‍വദേശം കടന്നുപോകുന്നത്. ഇറാനെതിരെയുള്ള ഇസ്രയേലിന്‍റെ പ്രതികാരം വ്യക്തികളിലൊതുങ്ങുമോ അതോ രാജ്യങ്ങള്‍ തമ്മിലുള്ള ആ്രക്രമണമായി വളരുമോയെന്നതാണ് പ്രധാന ആശങ്ക. ആ ആശങ്ക അവസാനിപ്പിക്കാന്‍ ലോകരാജ്യങ്ങളുടെ ഇടപെടലുണ്ടാകുന്നുണ്ട്. ഒരു വര്‍ഷമായി തുടരുന്ന യുദ്ധകാലം അവസാനിപ്പിക്കാതിരിക്കാന്‍ ഇസ്രയേലിനും ഹമാസിനുമൊക്കെ അവരവരുടേതായ കാരണങ്ങളുണ്ട്. പക്ഷേ, യുദ്ധത്തിന്‍റെ ആകെത്തുക മരണവും മരവിപ്പും പട്ടിണിയും പലായനവുമാണെന്നതിനാല്‍ അത് അവസാനിപ്പിക്കേണ്ടത് മേഖലയുടെ ആവശ്യമാണ്. കാലത്തിന്‍റേയും ലോകത്തിന്‍റേയും.

Israel marks one year anniversary of Hamas anticipated cross border struggles: