ഇന്നലെയായിരുന്നു നവീന്‍ എത്തേണ്ടിയിരുന്നത്. സ്വന്തം നാട്ടില്‍, പത്തനംതിട്ടയില്‍ എ.ഡി.എമ്മിന്റെ ഉന്നതപദവിയിലേക്ക് ആനയിക്കാന്‍ പൂച്ചെണ്ടുകളുമായി സഹപ്രവര്‍ത്തകരും കാത്തിരുന്നു. പക്ഷെ നവീന്‍ ഇന്നാണ്, ഇങ്ങനെയാണ് എത്തിയത്. പച്ചെണ്ടുകളല്ല, കണ്ണീര്‍നനവുള്ള പുഷ്പചക്രങ്ങള്‍ നവീനുവേണ്ടി കാത്തുവച്ചു ഉറ്റവര്‍. ചാട്ടുളിമുനയുള്ള ഒരു പരസ്യാധിക്ഷേപം സകലവും മാറ്റിമറിച്ചു. ഓര്‍ക്കാപ്പുറത്ത്,  ക്ഷണിക്കാതെയെത്തുന്ന മൃത്യുവെന്നപോലെ ആ വാക്കുകള്‍ മരണദൂതായി.   എ.ഡി.എം കെ.നവീന്‍ ബാബുവിന്റെ മരണം ഒരര്‍ഥത്തില്‍ ഈ നാടിന് കണ്‍മുന്നില്‍ തന്നെയായിരുന്നു.  യാത്രയയപ്പ് ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.വി.ദിവ്യ നടത്തിയ പരസ്യാധിക്ഷേപം പതിനാലിന് തന്നെ കേരളം കണ്ടു. അതേവേദിയില്‍ കുത്തുവാക്കുകളേല്‍പ്പിച്ച മുറിവ് പുറത്തുകാട്ടാതെ മരവിച്ചെന്നപോലെ ഇരിക്കുന്ന നവീന്‍ ബാബുവിനെയും നാട് കണ്ടു. പിറ്റേന്ന് ആ നടുക്കുന്ന വാര്‍ത്തയും. നവീന്‍ ബാബുവിനെ മരണത്തിലേക്ക് തള്ളിവിട്ടുവെന്ന ആക്ഷേപം പ്രതിഷേധവും പ്രതികരണങ്ങളുമായി കളം നിറഞ്ഞു.  ഇതിനിടെ കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടവും ഇതര നടപടിക്രമങ്ങളും പൂര്‍ത്തിയാക്കി അര്‍ദ്ധരാത്രി പിന്നിട്ടതോടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.  കണ്ണൂര്‍ ജില്ലാ കലക്ടര്‍ അരുണ്‍ കെ.വിജയന്‍, സി.പി.എം ജില്ലാ സെക്രട്ടറി എം.വി.ജയരാജന്‍ എന്നിവര്‍ മൃതദേഹത്തെ അനുഗമിച്ചു.  ആശുപത്രി വളപ്പില്‍ തെല്ലുനേരം പൊതുദര്‍ശനത്തിന് ശേഷമായിരുന്നു യാത്ര..